അടുത്തെത്തിയ ശേഷം ക്യാമറ വെള്ളത്തിന് അടിയിലേക്ക് പിടിച്ചപ്പോഴാണ് വാല് മാത്രമല്ല വലിയൊരു തിമിംഗലം തല കീഴായി നില്‍ക്കുന്നതാണ് സംഭവമെന്ന് മനസിലാവുന്നത്

ട്രാന്‍സ്പാരന്‍റ് ആയുള്ള കയാക്കുമായി കടലില്‍ ഇറങ്ങിയ ഓസ്ട്രേലിയന്‍ സഞ്ചാരിയെ കാത്തിരുന്നത് അപൂര്‍വ്വ ദൃശ്യങ്ങള്‍. ഓസ്ട്രേലിയന്‍ കയാക്കറും പരിസ്ഥിതി വാദിയുമായ ബ്രോഡി മോസാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. ട്രാന്‍സ്പാരന്‍റ് ആയിട്ടുള്ള ചെറുവഞ്ചിക്ക് മുന്നില്‍ സമുദ്രോപരിതലത്തില്‍ ഒട്ടിച്ച് വച്ചത് പോലെ വലിയൊരു തിമിംഗലത്തിന്‍റെ വാല്‍ കാണുന്നത്. അടുത്തെത്തിയ ശേഷം ക്യാമറ വെള്ളത്തിന് അടിയിലേക്ക് പിടിച്ചപ്പോഴാണ് വാല് മാത്രമല്ല വലിയൊരു തിമിംഗലം തല കീഴായി നില്‍ക്കുന്നതാണ് സംഭവമെന്ന് മനസിലാവുന്നത്.

തിമിംഗല കുഞ്ഞിന്റെ അടുത്തേക്ക് മുഖം നല്‍കിക്കൊണ്ട് അനക്കം പോലുമില്ലാതെയാണ് ഹംപ്ബാക്ക് ഇനത്തിലെ വമ്പന്‍ തിമിംഗലം നില്‍ക്കുന്നത്. ടെയില്‍ സെയിലിംഗ് എന്ന പ്രതിഭാസമാണ് ഇതെന്നാണ് ശാസ്ത്ര കുതുകികള്‍ വിശദമാക്കന്നത്. ഗ്രേ തിമിംഗലങ്ങളിലും ഹംപ്ബാക്ക് തിമിംഗലങ്ങളിലും ബോഹെഡ് തിമിംഗലങ്ങളിലും റൈറ്റ് തിമിംഗലങ്ങളിലും സാധാരണമായി കാണാറുള്ള ഒരു പ്രവണതയാണ് ഇതെന്നുമാണ് നിരീക്ഷണം. വിശ്രമിക്കുന്ന സമയത്താണ് ഇത്തരമൊരു രീതി തിമിംഗലം സ്വീകരിക്കുന്നത്.

കുഞ്ഞിന്‍റെ മേലെ നിന്ന് കണ്ണ് തെറ്റാതിരിക്കാനാണ് ഇത്തരമൊരു രീതിയെന്നാണ് നിരീക്ഷണം. ഇത്തരത്തില്‍ വെള്ളത്തില്‍ നിന്ന് വാലുകള്‍ ഉയര്‍‌ത്തിപ്പിടിക്കുന്നതിലൂടെ ഉഷ്ണരക്ത ജീവികളായ തിമിംഗലങ്ങള്‍ക്ക് ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ശരീരോഷ്മാവ് ക്രമീകരിക്കാന്‍ സാധിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം