സക്കർബർഗ് ഗിന്നസ് രുചിച്ചു നോക്കുന്ന രംഗം വൈറലായതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കസേരയിൽ ഇരുന്ന് ആസ്വദിച്ചു കുടിക്കുന്നതിന് പകരം, അതിറക്കാൻ അദ്ദേഹം ഏറെ പാടുപെടുന്നതായും മുഖത്ത് അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും വീഡിയോയിൽ കാണാം.
പ്രമുഖ ഐറിഷ് ബിയറായ 'ഗിന്നസ്' കുടിക്കുമ്പോഴുള്ള വിചിത്രമായ മുഖഭാവത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ ട്രോളിനിരയായി മെറ്റാ മേധാവി മാർക്ക് സക്കർബർഗ്. അയർലൻഡിൽ പുതിയതായി 440 ഏക്കർ വിസ്തൃതിയിലുള്ള കൊട്ടാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് സക്കർബർഗിന്റെ ഈ വീഡിയോയും ചർച്ചയാകുന്നത്.
സ്ട്രൈപ്പ് സഹസ്ഥാപകൻ ജോൺ കോളിസൺ അവതരിപ്പിക്കുന്ന 'ദി ചീക്കി പിന്റ്' പോഡ്കാസ്റ്റിൽ പങ്കെടുക്കവെയായിരുന്നു സംഭവം. മെറ്റയുടെ ചീഫ് എഐ ഓഫീസർ അലക്സാണ്ടർ വാംഗും ഒപ്പമുണ്ടായിരുന്നു. തണുത്ത പാനീയങ്ങൾ കുടിച്ചുകൊണ്ട് സൗഹൃദപരമായി സംസാരിക്കുന്നതാണ് പോഡ്കാസ്റ്റിന്റെ രീതി. ഇതിന്റെ ഭാഗമായി ഡബ്ലിനിൽ നിന്നുള്ള പ്രശസ്തമായ ഐറിഷ് ബിയറായ ഗിന്നസും സക്കർബർഗ് ഒപ്പം കരുതിയിരുന്നു.
എന്നാൽ, സക്കർബർഗ് ഗിന്നസ് രുചിച്ചു നോക്കുന്ന രംഗം വൈറലായതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. കസേരയിൽ ഇരുന്ന് ആസ്വദിച്ചു കുടിക്കുന്നതിന് പകരം, അതിറക്കാൻ അദ്ദേഹം ഏറെ പാടുപെടുന്നതായും മുഖത്ത് അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. അദ്ദേഹത്തെ ട്രോൾ ചെയ്തും അതുപോലെ പിന്തുണച്ചു കൊണ്ടുമുള്ള പ്രതികരണങ്ങൾ ഇപ്പോൾ വീഡിയോയ്ക്ക് താഴെ നിറയുകയാണ്.
പോഡ്കാസ്റ്റിൽ ബിയർ വിശേഷങ്ങൾക്ക് പുറമെ മെറ്റയുടെ പുതിയ എഐ മോഡലായ 'മ്യൂസ് വണ്ടർ', പേഴ്സണൽ എഐ ഏജന്റുകളുടെ ഭാവി എന്നിവയെക്കുറിച്ചും സക്കർബർഗും വാംഗും സംസാരിച്ചിരുന്നു.
അടുത്തിടെ മാർക്ക് സക്കർബർഗും ഭാര്യ പ്രിസില്ല ചാനും ചേർന്ന് അയർലൻഡിലെ വാട്ടർഫോർഡ് കൗണ്ടിയിലുള്ള 440 ഏക്കർ വിസ്തൃതിയുള്ള ചരിത്രപ്രസിദ്ധമായ 'സ്ട്രാൻകലി കൊട്ടാരം' (Strancally Castle) വാങ്ങിയിരുന്നു. ഐറിഷ് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം 20 മുതൽ 30 ദശലക്ഷം യൂറോ വരെ വിലമതിക്കുന്നതാണ് ഈ ഗോതിക് ശൈലിയിലുള്ള ആഡംബര എസ്റ്റേറ്റ്.
