നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റും 1.065 എന്ന മികച്ച നെറ്റ് റൺറേറ്റുമുള്ള ആർസിബിക്കാണ് രണ്ടാം സ്ഥാനം നിലനിർത്താൻ കൂടുതൽ സാധ്യത.

ഹൈദരാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ഗുജറാത്ത് ടൈറ്റൻസ് വമ്പന്‍ ജയം നേടിയതോടെ പ്ലേ ഓഫ് പോരാട്ടം ആവേശകരമായ ക്ലൈമാക്സിലേക്ക്. ചെന്നൈയെ തകർത്തതോടെ മികച്ച നെറ്റ് റൺറേറ്റുമായി(0.695) ഗുജറാത്ത് ടൈറ്റൻസ് പോയിന്‍റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്ന് ഉറപ്പിച്ചു കഴിഞ്ഞു. ടോപ് 2വില്‍ ശേഷിക്കുന്ന സ്ഥാനത്തിനായി ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് പോരാട്ടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 18 പോയിന്‍റും 1.065 എന്ന മികച്ച നെറ്റ് റൺറേറ്റുമുള്ള ആർസിബിക്കാണ് രണ്ടാം സ്ഥാനം നിലനിർത്താൻ കൂടുതൽ സാധ്യത. എങ്കിലും 16 പോയിന്‍റുള്ള ഹൈദരാബാദിന് നേരിയൊരു സാധ്യത ബാക്കിയുണ്ട്. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ ആർസിബിയെ വലിയ മാർജിനിൽ അട്ടിമറിക്കാൻ സാധിച്ചാൽ മാത്രമേ ഹൈദരാബാദിന് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനാകൂ.

രണ്ടാം സ്ഥാനത്തെത്തി പ്ലേ ഓഫിൽ രണ്ട് മത്സരങ്ങള്‍ ഉറപ്പാക്കാൻ കഴിഞ്ഞ ദിവസം ചെന്നൈക്കെതിരെ ഗുജറാത്ത് നേടിയതുപോലെയുള്ള ഒരു വമ്പൻ ജയം ഹൈദരാബാദിന് അനിവാര്യമാണ്. റൺറേറ്റിന്‍റെ അടിസ്ഥാനത്തിൽ ആർസിബിയെ മറികടക്കാൻ ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ കുറഞ്ഞത് 87 മുതൽ 89 റൺസിന്‍റെ വ്യത്യാസത്തിലുള്ള ജയം ഹൈദരാബാദിന് ആവശ്യമാണ്.

എന്നാൽ ചരിത്രം പരിശോധിച്ചാൽ ഹൈദരാബാദിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ആർസിബിക്കെതിരെ അവർ ജയിച്ച 8 മത്സരങ്ങളിൽ 2019-ൽ മാത്രമാണ് 50 റൺസിന് മുകളിലുള്ള ഒരു വിജയം (118 റൺസ്) അവർക്ക് നേടാനായത്. ഈ സീസണിൽ ഹൈദരാബാദിൽ നടന്ന നാല് രാത്രി മത്സരങ്ങളിലും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 194-ന് മുകളിൽ സ്കോർ ചെയ്യുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് കൂറ്റൻ സ്കോർ പടുത്തുയർത്തുകയാവും ഹൈദരാബാദിന്‍റെ തന്ത്രം. എന്നാൽ മത്സരത്തിൽ തോറ്റാലും നെറ്റ് റൺറേറ്റിൽ രണ്ടാം സ്ഥാനം സുരക്ഷിതമാക്കാൻ ആർസിബിക്ക് എത്ര റൺസ് വേണമെന്ന് കൃത്യമായി അറിയാം എന്നത് ഹൈദരാബാദിന് വലിയ വെല്ലുവിളിയാണ്.

രാജസ്ഥാൻ റോയൽസിന് തിരിച്ചടി; ടോപ്പ്-2 മോഹങ്ങൾ അവസാനിച്ചു

ചെന്നൈക്കെതിരെയുള്ള ഗുജറാത്തിന്റെ വമ്പൻ ജയം മലയാളി താരം രാജസ്ഥാൻ റോയൽസിനാണ് കനത്ത തിരിച്ചടിയായത്. ഇതോടെ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തില്ലെന്ന് ഉറപ്പായി. ഇനി നടക്കാനിരിക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ചാലും മൂന്നോ നാലോ സ്ഥാനക്കാരായി മാത്രമേ രാജസ്ഥാന് പ്ലേ ഓഫിലെത്താൻ സാധിക്കൂ. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് ഫൈനലിലെത്താൻ രണ്ട് അവസരങ്ങൾ (ക്വാളിഫയർ 1) ലഭിക്കുമെന്നതിനാൽ രാജസ്ഥാന് മുംബൈയെ വീഴ്ത്തിയാലും എലിമിനേറ്റർ കളിച്ച് ജയിച്ച് കയറേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക