പുറകുവശത്തെ ഒരുകാലാണ് വുട്ടോമിയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. എന്തെങ്കിലും അപകടത്തിൽ പെട്ടോ അല്ലെങ്കിൽ ആരെങ്കിലും വെച്ച കെണിയിൽ വീണോ ആകാം ആനയുടെ കാൽ നഷ്ടപ്പെട്ടത് എന്നാണ് പോൺസ് തന്റെ കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.
ചിലപ്പോഴെങ്കിലും മനുഷ്യനെക്കാൾ വിവേകവും പോരാട്ടവീര്യവുമൊക്കെ മൃഗങ്ങൾക്കാണെന്ന് തോന്നാറില്ലേ? അത് സത്യമാണെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. മുൻപ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഈ വീഡിയോ ഇപ്പോൾ വീണ്ടും ഷെയർ ചെയ്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ സുക പ്രൈവറ്റ് ഗെയിം റിസർവിന്റെ കണ്ടൻ്റ് ക്രിയേറ്റർ ആയ ഡിലൻ പോൺസ് ആണ്.
ഏറെ ഹൃദയസ്പർശിയായ ഈ വീഡിയോയിലെ താരം മൂന്ന് കാലുകൾ മാത്രമുള്ള ഒരു ആനയാണ്. വുട്ടോമി എന്നാണ് വീഡിയോയ്ക്കൊപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ ഡിലൻ പോൺസ് ആനയെ വിശേഷിപ്പിച്ചിരിക്കുന്നത്. മുൻപിൽ പോകുന്ന ആനക്കൂട്ടത്തിനടുത്തേക്ക് തന്റെ മൂന്നു കാലുകൾ വലിച്ചുവെച്ച് വീണുപോകാതെ വുട്ടോമി നടക്കുന്നതാണ് വീഡിയോയിൽ. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ ഒരു തവണ കണ്ടവർ വീണ്ടും വീണ്ടും കാണും എന്ന കാര്യത്തിൽ സംശയമില്ല.
ക്രൂഗർ നാഷണൽ പാർക്കിലെ എൻസെമാനി ഡാംമിന് സമീപത്തു നിന്നുമുള്ള ദൃശ്യങ്ങൾ ആണിത്. പുറകുവശത്തെ ഒരുകാലാണ് വുട്ടോമിയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ളത്. എന്തെങ്കിലും അപകടത്തിൽ പെട്ടോ അല്ലെങ്കിൽ ആരെങ്കിലും വെച്ച കെണിയിൽ വീണോ ആകാം ആനയുടെ കാൽ നഷ്ടപ്പെട്ടത് എന്നാണ് പോൺസ് തന്റെ കുറിപ്പിൽ പറഞ്ഞിട്ടുള്ളത്. ഹൃദയത്തെ ഏറെ സ്പർശിച്ച നിമിഷങ്ങളായിരുന്നു അതെന്നും തന്റെ പരിക്ക് വക വയ്ക്കാതെ തന്റെ കൂട്ടത്തോടൊപ്പം ചേർന്ന് സാധാരണ ജീവിതം നയിക്കുന്ന വുട്ടോമിയുടെ ഇച്ഛാശക്തി നമ്മളും കണ്ടു പഠിക്കേണ്ടതാണന്ന് അദ്ദേഹം പറയുന്നു.
കൂടാതെ വുട്ടോമി മറ്റ് ആനകൾക്ക് അരികിലേക്ക് നടന്നടുക്കുമ്പോൾ ആനക്കൂട്ടം ഒന്നാകെ അവളെ ആശ്ലേഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് സഹാനുഭൂതിയുടെയും അനുകമ്പയുടെയും അത്ഭുതകരമായ ബോധ്യമാണ് തനിക്ക് പകർന്നു തന്നതെന്നും അദ്ദേഹം കുറിപ്പിൽ സൂചിപ്പിക്കുന്നു. വുട്ടോമിയെപ്പോലെ കെണിയിൽ വീണു പോയ മൃഗങ്ങൾ ഇനിയുമേറെ കാട്ടിലുണ്ടാകുമോ എന്ന ആശങ്കയോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
