പ്രധാന റോഡിലേക്ക് എത്തുന്നതിന് മുൻപ് തന്നെ സൊസൈറ്റിക്കുള്ളിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണെന്ന് വീഡിയോ പങ്കുവെച്ച യുവതി പറയുന്നു. ഗേറ്റിന് പുറത്തുകടക്കാൻ മാത്രം സൊസൈറ്റിയിലെ താമസക്കാർക്ക് ഏകദേശം 30 മിനിറ്റോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്.
ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഇപ്പോൾ അപ്പാർട്ട്മെന്റുകൾക്കും റെസിഡൻഷ്യൽ സൊസൈറ്റികൾക്കും ഉള്ളിലേക്കും വ്യാപിച്ചിരിക്കുകയാണോ? പുറത്തിറങ്ങാൻ പോലും മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ബെംഗളൂരുവിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിൽ വാഹനങ്ങൾ നീങ്ങാൻ പാടുപെടുന്ന ദൃശ്യങ്ങളാണ് ഒരു ഇൻസ്റ്റാഗ്രാം യൂസർ പങ്കുവെച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് വീഡിയോ പകർത്തിയത്. പ്രധാന റോഡിലെ വലിയ ഗതാഗതക്കുരുക്ക് കാണിച്ച് ക്യാമറ സൊസൈറ്റിക്കുള്ളിലെ വരിവരിയായി കിടക്കുന്ന കാറുകളിലേക്ക് സൂം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
പ്രധാന റോഡിലേക്ക് എത്തുന്നതിന് മുൻപ് തന്നെ സൊസൈറ്റിക്കുള്ളിൽ വലിയ രീതിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണെന്ന് വീഡിയോ പങ്കുവെച്ച യുവതി പറയുന്നു. ഗേറ്റിന് പുറത്തുകടക്കാൻ മാത്രം സൊസൈറ്റിയിലെ താമസക്കാർക്ക് ഏകദേശം 30 മിനിറ്റോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. സൊസൈറ്റികൾക്കുള്ളിൽ പോലും ഗതാഗതക്കുരുക്ക് ഒഴിവാക്കാനാവാത്ത അവസ്ഥയാണെന്ന് നിരവധി പേർ തമാശരൂപേണ കമന്റ് ചെയ്തു.
വലിയ ടൗൺഷിപ്പുകളുടെയും മാളുകളുടെയും ഭാഗമായി ഇത്തരം വലിയ പ്രോജക്റ്റുകൾ വരുമ്പോൾ പ്രത്യേക എൻട്രി, എക്സിറ്റ് സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. വരുത്തൂർ ഭാഗത്തുള്ള 'ബ്രിഗേഡ് ഉട്ടോപ്യ' എന്ന റെസിഡൻഷ്യൽ കോംപ്ലക്സിലാണ് ഈ സംഭവം നടന്നതെന്ന് നിരവധി പേർ കമന്റ് ചെയ്തു. നഗരത്തിലെ ഈ നിലവിലുള്ള ഗതാഗത പ്രശ്നങ്ങൾ കാരണം വരും വർഷങ്ങളിൽ ഈ പ്രദേശം പൂർണ്ണമായും ജനവാസയോഗ്യമല്ലാതായി മാറിയേക്കാമെന്നും ചിലർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
