ആക്ടീവായ ഹെൽത് ഇൻഷുറൻസ് ഉണ്ടായിരുന്നിട്ടും, ഒരു പല്ല് പറിച്ചു കളയാൻ മാത്രം ഡെന്റിസ്റ്റ് ഏകദേശം 2,500 ഡോളർ (ഏകദേശം 2.37 ലക്ഷം രൂപ) ആണ് ബിൽ ഈടാക്കിയതെന്ന് നിതിൻ പറയുന്നു.
വിദേശരാജ്യങ്ങളിലെ ആശുപത്രി ബില്ലുകളെ ചൊല്ലി പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കാറുണ്ട്. ഇന്ത്യയിലാണെങ്കിൽ കുറച്ചുകൂടി എളുപ്പത്തിലും ലാഭത്തിലും ഡോക്ടറെ കാണാനും ചികിത്സ തേടാനുമാവും എന്ന് പലരും പറയാറുണ്ട്. അതുപോലെ, അമേരിക്കയിലെ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു യുവാവ്. 15 വർഷമായി അമേരിക്കയിൽ താമസിക്കുന്ന നിതിൻ മൽഹോത്ര എന്ന പ്രവാസി യുവാവ് ഇൻസ്റ്റഗ്രാമിലാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്.
അമേരിക്കയിൽ ഒരു ഡെന്റൽ ചെക്കപ്പിനും ചികിത്സയ്ക്കുമായി ചെന്നപ്പോൾ തനിക്ക് ലഭിച്ച വലിയ തുകയുടെ ബില്ലിനെക്കുറിച്ചാണ് നിതിൻ വീഡിയോയിൽ പറയുന്നത്. ആക്ടീവായ ഹെൽത് ഇൻഷുറൻസ് ഉണ്ടായിരുന്നിട്ടും, ഒരു പല്ല് പറിച്ചു കളയാൻ മാത്രം ഡെന്റിസ്റ്റ് ഏകദേശം 2,500 ഡോളർ (ഏകദേശം 2.37 ലക്ഷം രൂപ) ആണ് ബിൽ ഈടാക്കിയതെന്ന് നിതിൻ പറയുന്നു. 'അമേരിക്കയിൽ ഒരു പല്ല് പറിച്ചതിന് 2,500 ഡോളർ ബില്ലോ? യു.എസ് ആരോഗ്യമേഖലയുടെ യാഥാർത്ഥ്യം' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. 'ഇൻഷുറൻസ് ഉണ്ടായിട്ടും ഒരു പല്ല് എക്സ്ട്രാക്റ്റ് ചെയ്യാൻ മാത്രം ഡെന്റിസ്റ്റ് 2,500 ഡോളർ ഈടാക്കി. എന്നാൽ, ഇന്ത്യയിൽ ഇതിന് വെറും 15,000 മുതൽ 20,000 രൂപ വരെ മാത്രമേ ചെലവ് വരൂ' എന്നാണ് യുവാവ് പറയുന്നത്.
'ഈ ചെലവ് ന്യായമാണോ അതോ കൊള്ളയാണോ എന്താണ് നിങ്ങൾ കരുതുന്നത്?' എന്ന് ചോദിച്ചുകൊണ്ടാണ് നിതിൻ വീഡിയോ അവസാനിപ്പിക്കുന്നത്. നിതിന്റെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ കമന്റുകളും വന്നുതുടങ്ങി. 'അമേരിക്കയിലെ ഡെന്റൽ ഇൻഷുറൻസിനെക്കുറിച്ച് ഞാൻ ഇന്നലെയും എഴുതിയിരുന്നു, എപ്പോഴും നല്ല ഹെൽത്/ ഡെന്റൽ ഇൻഷുറൻസുകൾ എടുക്കുക. എങ്കിലും ഇത് സത്യമാണ്! ഡെന്റൽ ചികിത്സയ്ക്ക് ഇന്ത്യയാണ് ഏറ്റവും മികച്ച ഓപ്ഷൻ, അല്ലെങ്കിൽ നിങ്ങൾക്ക് മെക്സിക്കോയിലേക്കും പോകാം' എന്നായിരുന്നു ഒരു കമന്റ്. ആരോഗ്യരംഗത്ത് എത്രയോ ഭേദമാണ് ഇന്ത്യ എന്നും പലരും കമന്റ് നൽകി.
