യുകെയിൽ ജോലി ചെയ്യുന്ന കാർത്തിക് മോദി എന്ന ഇന്ത്യക്കാരനായ യുവാവ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ മികച്ച വർക്ക്-ലൈഫ് ബാലൻസിനെക്കുറിച്ചാണ് യുവാവ് പറയുന്നത്. 

വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യൻ ചെറുപ്പക്കാരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയാണ്. നല്ല ജോലി, നല്ല ശമ്പളം, നല്ല ജീവിതം ഇത് തന്നെയാണ് ഈ കുടിയേറ്റത്തിന് പിന്നിലെ പ്രധാന കാരണം. എന്നാൽ മറ്റൊന്ന് കൂടിയുണ്ട് ഈ രാജ്യം വിട്ട് പോകുന്നതിന് പിന്നിൽ. ഇന്ത്യയിലെ പല തൊഴിലിടങ്ങളിലെയും ടോക്സിക്കായിട്ടുള്ള തൊഴിൽ സാഹചര്യമാണത്. ജീവനക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കുക, ശമ്പളം കുറവ് നൽകുക ഇതെല്ലാം പല സ്ഥാപനങ്ങളിലും മുറയ്ക്ക് നടക്കുന്നുണ്ട്. വർക്ക് ലൈഫ് ബാലൻസ് എന്നാൽ എന്താണെന്ന് പോലും അറിയാത്തവരാണ് പല സ്ഥാപനങ്ങളും നടത്തുന്നത്. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ ഒരു യുവാവ് പങ്കുവയ്ക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

യുകെയിൽ ജോലി ചെയ്യുന്ന കാർത്തിക് മോദി എന്ന യുവാവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വൈകുന്നേരം 5 മണിക്ക് ജോലി കഴിഞ്ഞ് ബീച്ചിൽ വിശ്രമിക്കുന്ന വീഡിയോയാണ് കാർത്തിക് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'എന്തിനാണ് ഇന്ത്യ വിട്ട് ഇത്രയും ദൂരം ജോലിക്ക് വന്നതെന്ന് നിങ്ങൾ ചോദിക്കാറില്ലേ? ഇപ്പോൾ സമയം വൈകുന്നേരം 5 മണി. ഞാൻ ഓഫീസിലെ ഡയറ്റ് കോക്കുമായി ഈ മനോഹരമായ ബീച്ചിലിരിപ്പുണ്ട്. കുറച്ചുനേരം ഇവിടെയിരുന്ന് കാഴ്ചകൾ കണ്ട ശേഷം ഒരു കോഫി കുടിക്കാൻ പോകും' എന്ന് കാർത്തിക് വീഡിയോയിൽ പറയുന്നു.

കാർത്തിക്കിനൊപ്പമുണ്ടായിരുന്ന സഹപ്രവർത്തകനും ഇന്ത്യയിലെയും യുകെയിലെയും തൊഴിൽ സാഹചര്യങ്ങൾ തമ്മിലുള്ള വ്യത്യാസം പങ്കുവെച്ചു. 'ബ്രോ, ഇന്ത്യയിലായിരുന്നപ്പോൾ ഞാനൊരു കഴുതയെപ്പോലെ പണിയെടുക്കുകയായിരുന്നു. ഇവിടെ വന്നപ്പോഴാണ് ജീവിതം എന്താണെന്ന് മനസ്സിലായത്. ശരിക്കും ഒരു സിനിമാറ്റിക് എക്സ്പീരിയൻസ്! ഇവിടുത്തെ വർക്ക്-ലൈഫ് ബാലൻസ് വിശ്വസിക്കാനാവാത്തതാണ്' എന്നും അദ്ദേഹം പറഞ്ഞു.

View post on Instagram

വീഡിയോ വൈറലായതോടെ നിരവധി പേർ പ്രതികരണങ്ങളുമായി രംഗത്തെത്തി. 'പണം മാത്രമല്ല കുടിയേറ്റത്തിന് കാരണം, സമാധാനപരമായ തൊഴിൽ സാഹചര്യങ്ങളാണ് പലരും ആഗ്രഹിക്കുന്നത്' എന്നായിരുന്നു ഒരു കമന്റ്. 'ഇന്ത്യയിലെ തൊഴിൽ സംസ്കാരം ഇനിയെങ്കിലും മാറേണ്ടതുണ്ട്. അമിത ജോലിഭാരം മാനസികാരോഗ്യത്തെ ബാധിക്കുന്നു' എന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.