'ഇന്ത്യയിലെ സാധാരണ കാഴ്ച... ഒരു ഗതാഗതക്കുരുക്ക്! പക്ഷേ കാരണം ഒരു കടുവയാണെന്ന് മാത്രം' എന്ന കുറിപ്പോടെയാണ് എലീന വീഡിയോ പങ്കുവെച്ചത്.
രാജസ്ഥാനിലെ പ്രശസ്തമായ രൺതംബോർ നാഷണൽ പാർക്കിൽ നടന്ന ഒരു സാധാരണ വൈൽഡ് ലൈഫ് സഫാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിനൊരു കാരണമുണ്ട്, സഫാരി പാതയുടെ നടുവിൽ ഒരു കടുവ ഉച്ചമയക്കത്തിലാണ്. എലീന എന്ന വിദേശ വിനോദസഞ്ചാരിയാണ് ഈ കൗതുകക്കാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സഫാരി ജിപ്സികൾ ഒന്നടങ്കം വരിവരിയായി വഴിയിൽ കിടക്കുന്നതും, കടുവ വഴിയിൽ നിന്ന് മാറുന്നതിനായി വിനോദസഞ്ചാരികൾ കാത്തിരിക്കുന്നതും വീഡിയോയിൽ കാണാം. സഞ്ചാരികളെ ഒട്ടും ഗൗനിക്കാതെ മൺപാതയിൽ സുഖമായി കിടന്നുറങ്ങുന്ന കടുവ, അല്പസമയത്തിന് ശേഷം എഴുന്നേറ്റ് ദേഹമൊന്ന് നിവർത്തി ശാന്തനായി കാട്ടിലേക്ക് നടന്നുപോവുകയായിരുന്നു.
'ഇന്ത്യയിലെ സാധാരണ കാഴ്ച... ഒരു ഗതാഗതക്കുരുക്ക്! പക്ഷേ കാരണം ഒരു കടുവയാണെന്ന് മാത്രം' എന്ന കുറിപ്പോടെയാണ് എലീന വീഡിയോ പങ്കുവെച്ചത്. 'രൺതംബോറിൽ ഞങ്ങൾ കാണുന്ന മൂന്നാമത്തെ കടുവയാണിത്. ഇത്തവണ കക്ഷി വഴിക്ക് നടുവിൽ തന്നെ ഉറങ്ങാൻ തീരുമാനിച്ചു. മുപ്പതോളം ജിപ്സികളും ആളുകളുടെ ബഹളവും ക്യാമറകളും അടക്കിപ്പിടിച്ച സംസാരങ്ങളുമെല്ലാം അതിന് ചുറ്റുമുണ്ടായിരുന്നു. എല്ലാവരും 200 കിലോയോളം ഭാരമുള്ള ആ കടുവയെ അടുത്തുകാണാൻ ശ്രമിക്കുകയായിരുന്നു. ഒടുവിൽ അത് എഴുന്നേറ്റ് എന്റെ വീട്ടിലെ പൂച്ചയെപ്പോലെ ദേഹമൊന്ന് നിവർത്തി, ഞങ്ങളെയൊന്നും വകവെക്കാതെ കാട്ടിലേക്ക് നടന്നുപോയി' എലീന കൂട്ടിച്ചേർത്തു.
6,17,000 -ത്തിലധികം കാഴ്ചക്കാരെയും 25,000 -ത്തിലധികം ലൈക്കുകളുമാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. കടുവയുടെ ഈ സ്വഭാവത്തെക്കുറിച്ച് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. 'റോഡ് തന്റെ സ്വന്തമാണെന്ന് വ്യക്തമാക്കാൻ വേണ്ടിയാണ് കടുവ മനഃപൂർവം വഴി തടഞ്ഞിരുന്നത്' എന്ന് ഒരാൾ കുറിച്ചു. 'നിങ്ങൾ എന്റെ അതിർത്തിയിലാണ് നിൽക്കുന്നത്, അതുകൊണ്ട് കാത്തുനിൽക്കൂ. നിങ്ങൾ പോകണോ അതോ നിൽക്കണോ എന്ന് ഞാൻ തീരുമാനിക്കാം' എന്നായിരുന്നു വേറൊരു കമന്റ്.
