ലോകകപ്പ് ഫൈനൽ നടക്കുന്നതിനിടെ വിമാനത്തിലുണ്ടായിരുന്ന അർജന്റീനൻ ആരാധകരെ സ്പാനിഷ് പൈലറ്റ് കബളിപ്പിച്ചു. അർജന്റീന ജയിച്ചുവെന്ന് ആദ്യം പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം സ്പെയിനാണ് യഥാർത്ഥ വിജയിയെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. ഈ 'ക്രൂര' തമാശയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

നിറയെ അർജന്‍റീനൻ ആരാധകരുമായി പറന്ന വിമാനത്തിലെ പൈലറ്റിന്‍റെ 'ക്രൂരമായ' തമാശ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ലോകകപ്പ് ദിവസം കളി നടക്കുന്നതിനിടെ ആകാശത്ത് പറക്കുകയായിരുന്ന ഒരു വിമാനത്തിലെ അർജന്‍റീനൻ ആരാധകരെ സങ്കടത്തിന്‍റെ മറുകര കാണിച്ച പൈലറ്റിന്‍റെ പ്രവർത്തിയെ അനുകൂലിച്ചും രൂക്ഷമായി പ്രതികരിച്ചും സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ നിറയുകയാണ്.

30,000 അടി ഉയരത്തിലെ 'ക്രൂര' തമാശ

ലോകകപ്പിന്‍റെ ടെൻഷനിലായിരുന്നു വിമാനത്തിലെ അർജന്‍റീനൻ ആരാധകരും. തോൽവിയറിയാതെ ഫൈനൽ വരെയുള്ള ടീമിന്‍റെ യാത്ര തുടർച്ചയായ രണ്ടാം ലോകകപ്പ് എന്ന ആഗ്രഹത്തിലേക്ക് ആരാധകരെയും എത്തിച്ചു. കളിക്കും മുന്നേ കപ്പ് ഞങ്ങൾക്ക് തന്നെ എന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടിലായിരുന്നു അർജന്‍റീനൻ ആരാധകർ. എന്നാൽ, സ്പാനിഷ് ടീമിന്‍റെ തന്ത്രപരമായ പന്തടക്കത്തെ മറിടക്കാനും ഗോൾ നേടാനും മെസിയും സംഘവും പരമാവധി ശ്രമിച്ചെങ്കിലും എക്സട്രാ ടൈമിലേക്ക് നീങ്ങിയ കളി അവസാനം ഒരു ഗോളിന് സ്പെയനിന്‍റെ വിജയത്തിൽ അവസാനിച്ചു.

View post on Instagram

'പ്രീയപ്പെട്ട അർജന്‍റീനൻ ആരാധകരെ...'

എന്നാൽ, ഇതറിയാതെ ടെൻഷനടിച്ച് ഇരുന്ന വിമാന യാത്രക്കാരോടായി, നീണ്ട നിശബ്ദതയ്ക്കൊടുവിൽ വിമാനത്തിന്‍റെ ഇന്‍റർ കോമിലൂടെ സ്പാനിഷ് പൈലറ്റ് സംസാരിച്ച് തുടങ്ങി, “എക്സ്ട്രാ ടൈം ഉൾപ്പെടെ അവസാനം വരെ നീണ്ട കടുത്ത പോരാട്ടമായിരുന്നു മത്സരം." ഒന്ന് നിർത്തി അദ്ദേഹം വീണ്ടും ആരംഭിച്ചു. "ഇരു ടീമുകളും അവരുടെ കഴിവിന്‍റെ പരമാവധി ചെയ്തു, പക്ഷേ, നിർഭാഗ്യവശാൽ, ഒരു ടീമിന് മാത്രമേ ലോകകപ്പ് ഫൈനലിൽ വിജയിക്കാൻ കഴിയൂ.” അദ്ദേഹം വീണ്ടും നിശബ്ദമായി. വിമാനയാത്രക്കാരുടെ നിശ്വാസങ്ങൾ ഉയർന്നു. പിന്നാലെ പൈലറ്റ്, “ഞങ്ങളുടെ അർജന്‍റീനിയൻ സുഹൃത്തുക്കളെ അഭിനന്ദിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു...” എന്ന് പറഞ്ഞത് നിർത്തിയതും വിമാനത്തിൽ വലിയ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. ആർപ്പ് വിളികളും ആഹ്ളാദ പ്രകടനങ്ങളും വിമാനത്തെ പ്രകമ്പനം കൊള്ളിച്ചു. ശബ്ദകോലാഹലം ഒന്ന് നിലച്ചപ്പോൾ വീണ്ടും പൈലറ്റിന്‍റെ ശബ്ദമുയർന്നു. “സ്പെയിൻ വിജയിച്ചു” പെട്ടെന്ന് വിമാനം അപ്പാടെ നിശബ്ദമായി. ആഹ്ളാദം വിഷാദത്തിലേക്ക് വഴി മാറി.

വിമർശനവും അഭിനന്ദനവും

സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ അർജന്‍റീൻ മാധ്യമങ്ങൾ പോലും പൈലറ്റിനെതിരെ രംഗത്തെത്തി. ഹൃദയം തകർന്ന ആരാധകരോട് 30,000 അടി ഉയരത്തിൽ വച്ച് പൈലറ്റ് ക്രൂരമായ തമാശ പറഞ്ഞതിനെ അർജന്‍റീൻ മാധ്യമങ്ങൾ വിമർശിച്ചു. "രുചിയില്ലാത്ത തമാശ" എന്ന് പരിഹസിച്ചു. അതേസമയം ലോകകപ്പിൽ നേരത്തെ തന്നെ തോറ്റ് പിൻമാറിയ മറ്റ് പ്രധാന ടീമുകളുടെ ആരാധകർ വീഡിയോ ആഘോഷിച്ചു. വീഡിയോയ്ക്ക് താഴെ വന്ന ഒരു കുറിപ്പ് "അത് ഏത് വിമാന കമ്പനിയാണ്? ഞാൻ അവരോടൊപ്പം പതിവായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു." എന്നായിരുന്നു.