ഒരു രാത്രി മുഴുവനും കാണാതായ നായയെ അന്വേഷിച്ച് നടന്നു. ഒടുവില്‍ കണ്ടെത്തിയപ്പോൾ ഇരുവരുടെയും സ്നേഹ പ്രകടനം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കി.
സമൂഹ മാധ്യമ ഉപയോക്താക്കളെ കീഴടക്കിയ ഒരു വീഡിയോയെ കുറിച്ചാണ്. കാണാതായ തന്‍റെ ഗോൾഡന്‍ റിട്രീവറിനെ തേടി ദില്ലി സ്വദേശിയായ ഉടമ ഏറെ അലഞ്ഞു. ഒടുവില്‍, തെരുവുകളില്‍ നായയെ കാണ്മാനില്ലെന്ന പോസ്റ്ററും പതിച്ചു. അതിന് ശേഷം നായയെ കണ്ടെത്തിയപ്പോൾ ഇരുവരും തമ്മിലുള്ള സ്നേഹ പ്രകടനത്തിന്‍റെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ സ്പര്‍ശിച്ചു.
ചാര്‍ളി എന്നാണ് കാണാതായ ഗോൾഡന്‍ റിട്രീവറിന്‍റെ പേര്. കഴുത്തിലെ ചെയ്നോട് കൂടിയാണ് അവനെ കാണാതായത്. ഏറെ അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് തെരുവികളില്‍ ചാര്‍ളിക്ക് വേണ്ടി ഉടമയായ യുവാവ് പോസ്റ്റര്‍ ഒട്ടിച്ചത്. അത് വഴിത്തിരിവായി. നായയെ കണ്ടതായി അറിയിച്ച് ഒരു ഷോപ്പ് ഉടമ. യുവാവുമായി ബന്ധപ്പെട്ടു. തുടർന്ന് നായയുടെ ഉടമയും സുഹൃത്തും ഷോപ്പിലെത്തി നായയെ അന്വേഷിച്ചു.
ചാര്‍ളിയെ ചിലർ ചേര്‍ന്ന് അലിഗഡിലേക്ക് കൊണ്ട് പോയതായി അദ്ദേഹം പറഞ്ഞെന്ന് റെഡ്ഡിറ്റ് കുറിപ്പില്‍ പറയുന്നു. അലിഗഡിലെ ചിലരെ അദ്ദേഹത്തിന് അറിയാമായിരുന്നു. രാത്രി തന്നെ അങ്ങോട്ട് തിരിച്ചു. പക്ഷേ അവിടെയെത്തിയപ്പോൾ അവിടെയുള്ള ചിലരുമായി ചില്ലറ പ്രശ്നങ്ങളുണ്ടായി. എങ്കിലും ഒടുവില്‍ തങ്ങളുടെ കൈവശം ചാര്‍ളിയുണ്ടെന്ന് സമ്മതിച്ച അവര്‍ നായയെ തിരികെ തന്നെന്നും കുറിപ്പില്‍ പറയുന്നു. അങ്ങനെ ഒരു രാത്രി മുഴുവനുമുള്ള അലച്ചില്‍ അവസാനിച്ചത് പുലര്‍ച്ചയോടെ. ചാര്‍ളിയെ കണ്ടെത്താന്‍ സഹായിച്ചവര്‍ക്കും അതിന് വേണ്ടി പ്രര്‍ത്ഥിച്ചവര്‍ക്കും നന്ദി. റെഡ്ഡിറ്റിലെഴുതിയ കുറിപ്പില്‍ പറയുന്നു.
ഒപ്പം നായയും ഉടമയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും പങ്കുവയ്ക്കപ്പെട്ടു. ഇരുവരും തമ്മില്‍ കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾക്കും വൈകാരികമായി പ്രതികരിച്ചു. നായയുടെ കഴുത്തില്‍ ഉടമയുടെ പേരെഴുതിയ ഒരു എയർടാഗ് പിടിക്കുന്നത് ഇത്തരത്തിലുള്ള കാണാതാവല്‍ സമയങ്ങളില്‍ ഏറെ സഹായകമാകുമെന്ന് ചിലരെഴുതി.
