ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ പറന്നുവന്ന പ്രാവിന് തൻ്റെ പ്ലേറ്റിൽ നിന്നും ഭക്ഷണം പങ്കുവെക്കുന്ന ഒരു സാധാരണക്കാരൻ്റെ വീഡിയോ വൈറലാകുന്നു. മനുഷ്യത്വത്തിൻ്റെ ഈ ലളിതമായ പ്രവൃത്തി കാഴ്ചക്കാരുടെ ഹൃദയം കവരുകയും നിസ്വാർത്ഥമായ സ്നേഹത്തെ വാഴ്ത്തുകയും ചെയ്തു.

ട്ടികളോടും പൂച്ചകളോടും സഹജീവി സ്നേഹം കാണിക്കുന്നവർ നമ്മുക്കിടയിലുണ്ട്. ചില‍ർ വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ, പക്ഷികളെ അതിരറ്റ് സ്നേഹിക്കുന്നു. എന്നാൽ, മറ്റ് ചിലർ തങ്ങൾക്ക് ചുറ്റുപാടുമുള്ള എല്ലാ മൃഗങ്ങളെയും ഒരു പോലെ സ്നേഹിക്കുന്നു. ആരുടെ സ്നേഹമാണ് നിസ്വാർത്ഥമായതെന്ന ചോദ്യം നെറ്റിസെൻസ് ഉയർത്തിയത് ഒരു വീഡിയോ വൈറലായപ്പോഴാണ്. ടിവി ഇന്ത്യാ ലൈവ് എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍റിലിൽ നിന്നും പങ്കുവയ്ക്കപ്പെട്ട, രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് ലക്ഷത്തിലേറെ പേർ കണ്ട ഒരു വീഡിയോയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

നിസ്വാർത്ഥമായ സ്നേഹം

മനുഷ്യത്വത്തിന്‍റെ ലളിതം ശക്തമായ ഒരു നിമിഷത്തിൽ, വിശക്കുന്ന ഒരു പ്രാവുമായി ഒരു മനുഷ്യൻ തന്‍റെ ഭക്ഷണം പങ്കിട്ടുവെന്ന കുറിപ്പോടെയാണ് വീ‍ഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയിൽ ഒരു ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു സാധാരണക്കാരനെ കാണാം. പെട്ടെന്ന് അവിടെയ്ക്ക് ഒരു പ്രാവ് പറന്നുവന്നു. സാധാരണയായി ഭക്ഷണം കഴിക്കുന്നിടത്തേക്ക് എന്തെങ്കിലും ജീവികളെത്തിയാൽ അതിനെ ഓടിച്ച് വിടുകയാണ് നമ്മളോരോരുത്തരും ചെയ്യുക.

View post on Instagram

പ്രത്യേകിച്ചും ഹോട്ടൽ പോലൊരു സ്ഥലത്താണെങ്കില്‍ ഹോട്ടൽ നടത്തിപ്പുകാരെ വിളിച്ച് ഹൈജീൻറെ പേരിൽ അതൊരു പ്രശ്നമാക്കി മാറ്റാനും നമ്മളിൽ പലരും ശ്രമിക്കും. എന്നാൽ വീഡിയോയിൽ ഉള്ള സാധാരണക്കാരൻ, തന്‍റെ മുന്നിലുള്ള പ്ലേറ്റിൽ നിന്നും താൻ കഴിച്ച് കൊണ്ടിരിക്കുന്നതിനിടെ ഒരു പിടി ഭക്ഷണം സ്പൂണു കൊണ്ട് കോരി പ്രാവിന് നല്‍കുന്നു. വിശന്നിരുന്ന പ്രാവ് അത് കൊത്തിക്കഴിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരും ആ ഹോട്ടിലിൽ നടക്കുന്ന മറ്റ് കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിക്കുന്നു.

സ്നേഹം, സ്നേഹം മാത്രമെന്ന് നെറ്റിസെൻസ്

വീഡിയോ വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകർഷിച്ചു. അവർ സ്നേഹത്തെ കുറിച്ചെഴുതി. സ്വയം വേദന അനുഭവിച്ചവർക്ക് മാത്രമേ മറ്റുള്ളവരുടെ വേദന മനസ്സിലാകൂവെന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ കുറിപ്പ്. മനുഷ്യത്വവും നല്ല മനുഷ്യരും അവശേഷിപ്പുക്കുവെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. സാധാരണക്കാർ മറ്റുള്ള ജീവികളെ സഹായിക്കാൻ ഒരു പടി മുന്നിലാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. സമ്പത്തിൽ അദ്ദേഹം പാപ്പരായിരിക്കാം പക്ഷേ സ്നേഹത്തിൽ അദ്ദേഹം അതിസമ്പന്നനാണ് എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.