ന്യൂസിലൻഡിലെ ഡ്യൂണിഡിൻ സിറ്റി കൗൺസിലർ ജോ ഗാലർ, ഓൺലൈൻ കൗൺസിൽ യോഗത്തിൽ ബാത്ത്റൂമിലിരുന്ന് പങ്കെടുത്തതിന്‍റെ വീഡിയോ വൈറലായി. യോഗത്തിനിടെ പിന്നിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ കാണാമെന്ന് മേയർ ചൂണ്ടിക്കാട്ടിയെങ്കിലും, അവർ സ്വാഭാവികമായി പ്രതികരിച്ച് യോഗത്തിൽ തുടർന്നു. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.
ന്യൂസിലൻഡിലെ ഒരു നഗരസഭാ കൗൺസിലിന്‍റെ യോഗത്തിൽ ഓൺലൈനിൽ ബാത്ത് റൂമിലിരുന്ന് പങ്കെടുത്ത വനിതാ കൗൺസിലറുടെ വീഡിയോ വൈറലായി. ന്യൂസിലൻഡിലെ ഡ്യൂണിഡിൻ സിറ്റി കൗൺസിലർ ജോ ഗാലറാണ് ഓഗസ്റ്റ് മൂന്നിന് നടന്ന കൗൺസിൽ യോഗത്തിൽ ബാത്ത്റൂമിൽ നിന്ന് ഓൺലൈനായി പങ്കെടുത്തത്. യോഗത്തിനിടെ കൗൺസിലറോട് ക്യാമറ ആംഗിൾ മാറ്റാനും പിന്നിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ കാണാമെന്നും പറയുന്നതും വീഡിയോയിൽ കേൾക്കാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി.
'തുണി കാണാം, എന്നെ കാണാമോ?'
യോഗത്തിനിടെ ജോ ഗാലർ ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, എല്ലാവർക്കും തന്നെ കാണാനാകുന്നുണ്ടോയെന്ന് അവർ ചോദിച്ചു. ഇതിന് എല്ലാവരും കാണുന്നുണ്ടെന്നും എന്നാൽ ക്യാമറയുടെ സ്ഥാനം മാറ്റുന്നത് നന്നായിരിക്കുമെന്നും മേയർ സോഫി ബാർക്കർ മറുപടി പറഞ്ഞു. എന്തിനാണ് തന്‍റെ കാമറയുടെ സ്ഥാനം മാറ്റേണ്ടതെന്ന് ജോ ഗാലർ തുടർന്ന് ചോദിക്കുന്നതും അപ്പോൾ പിന്നിൽ വസ്ത്രങ്ങൾ ഉണക്കാനിട്ടിരിക്കുന്നത് കാണാമെന്നുമായിരുന്നു മേയറുടെ മറുപടി. എന്നാൽ. വളരെ സ്വാഭാവികമായി പ്രതികരിച്ച ജോ ഗാലർ, തന്‍റെ വസ്ത്രങ്ങൾ കാണുന്നതിൽ പ്രശ്നമില്ലെന്നും ഒപ്പം തന്നെയും കാണാമല്ലോയെന്ന് ചോദിച്ച് കൊണ്ട് ക്യാമറ ആംഗിൾ മാറ്റാതെ യോഗത്തിൽ പങ്കെടുക്കുന്നതും വീഡിയോയിൽ കാണാം.
'ഇതൊക്കെ ശ്രദ്ധിക്കാൻ ആർക്കാണ് നേരം?'
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വ്യാപകമായി പ്രചരിച്ചു. ഇതോടെ നിരവധി പേർ കുറിപ്പുകളുമായെത്തി. യോഗത്തിനിടെ വെർച്വൽ ബാക്ക്ഗ്രൗണ്ട് ഉപയോഗിക്കാമായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. സൂം, ടീംസ്, വെബ്എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ബാക്ക് ഗ്രാൗണ്ടുകൾ സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടി. അതേസമയം, സംഭവത്തെ അത്ര ഗൗരവമായി കാണേണ്ടതില്ലെന്നും ഓൺലൈൻ യോഗങ്ങളിൽ ഇത്തരം ചെറിയ പിഴവുകൾ സംഭവിക്കാറുണ്ടെന്നുമായിരുന്നു മറ്റ് ചിലരുടെ പ്രതികരണം. എല്ലാവരും തിരക്കുകളിലായിരിക്കുമെന്നും ആർക്കാണ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ നേരമെന്നും മറ്റ് ചിലർ ചോദിച്ചു. സംഭവത്തിൽ ഗാലർക്കെതിരെ ഔദ്യോഗിക നടപടിയുണ്ടായതായി റിപ്പോർട്ടുകളില്ല.


