ട്രെയിനിലെ ലോവർ ബർത്തിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവതികളുടെ വീഡിയോ മുകളിലെ ബർത്തിലിരുന്ന് ഒരു യുവാവ് പകർത്തി. ഈ വീഡിയോ അശ്ലീല ഗാനത്തോടൊപ്പം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ യുവാവിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയെങ്കിലും അധികൃതർ പ്രതികരിച്ചിട്ടില്ല.
സർക്കാർ നാഴികയ്ക്ക് നാല്പത് വട്ടമാണ് സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കാറ്. എന്നാൽ, രാജ്യത്ത് ഒരിടത്തും സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് പുറത്ത് വരുന്ന വീഡിയോകളും ചിത്രങ്ങളും പരാതികളും തെളിയിക്കുന്നത്. ഇത്തരം പരാതികൾ നാൾക്കു നാൾ കൂടിവരുന്നതല്ലാതെ കുറയുന്നതായി കാണുന്നുമില്ല. കഴിഞ്ഞ ദിവസം ഒരു അശ്ലീല ഗാനത്തിനൊപ്പം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമാനമായൊരു പരാതിയാണ് ഉയർത്തിയത്. അതേസമയം സമൂഹ മാധ്യമ ഉപയോക്താക്കൾ അതിനെ ലൈംഗീക ദാരിദ്രം എന്നായിരുന്നു വിശേഷിപ്പിച്ചത്. ഒരു ട്രെയിനിന്‍റെ ലോവർ ബർത്തിലിരുന്ന രണ്ട് യുവതികളുടെ വീഡിയോ മുകളിലെ ബർത്തിലിരുന്ന് ഒരു യുവാവ് ചിത്രീകരിക്കുകയായിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സർക്കാറിനെതിരെയും വിമർശനമുയർന്നു.
സ്ത്രീ യാത്രക്കാരുടെ വീഡിയോ പകർത്തി യുവാവ്
മനീഷ് കുമാർ സിംഗ് എന്ന എക്സ് ഹാന്‍റിൽ വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, ' നിതീഷ് ജാതവ് പെൺകുട്ടികളുടെ വീഡിയോകൾ അനുചിതമായ രീതിയിൽ റെക്കോർഡ് ചെയ്യുകയും അശ്ലീല ഗാനങ്ങൾ സഹിതം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു," ഒപ്പം യുപി പോലീസിന് ടാഗ് ചെയ്തു കൊണ്ട് വിഷയം അന്വേഷിച്ച് നിയമപ്രകാരം കർശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ നിരവധി പേരാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും റെയിൽവേയ്ക്കും റെയിൽവേ മന്ത്രിക്കും യുപി പോലീസ് അടക്കമുള്ള ബന്ധപ്പെട്ട അധികാരികളെ ടാഗ് ചെയ്ത് വീഡിയോ ചിത്രീകരിച്ച ആൾക്കെതിരെ നടപടി ആവശ്യപ്പെട്ടത്. എന്നാൽ, വീഡിയോ പങ്കുവച്ച് ദിവസം ഒന്ന് കഴിഞ്ഞിട്ടും ആരും ഇതുവരെ ഒരു പ്രതികരണവുമായി രംഗത്തെത്തിയില്ല. ഇതിന് പിന്നാലെ ഇതെന്ത് രാജ്യമാണെന്നും ഇവിടെ നിയമ സംവിധാനങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെയെന്നും നെറ്റിസെൺസ് ചോദിക്കുന്നു. വീഡിയോ ഇതുവരെയായി 10 ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്.
ഇവിടെയൊരു നിയമമുണ്ടോ?
ഈ വീഡിയോ ക്ലിപ്പ് പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ടതോടെ, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ സുരക്ഷയെയും സ്വകാര്യതയെയും ചോദ്യം ചെയ്തു. ഈ ഇഴജാതിയെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പെൺകുട്ടികൾക്ക് സ്വയം മൂടേണ്ടിവന്നു. ഈ സമൂഹത്തിൽ നമ്മുടെ സ്ത്രീകൾ എങ്ങനെ അതിജീവിക്കുന്നുവെന്നതിൽ എനിക്ക് അത്ഭുതം തോന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. റെയിവേ സേവ, റെൽവേ മന്ത്രി അശ്വനി വൈഷ്ണവ്, റെയിവേ മന്ത്രാലയം എന്നിവരെ ടാഗ് ചെയ്തു കൊണ്ട് നിങ്ങൾ എങ്ങനെയാണ് സ്ത്രീ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതെന്ന് ഒരാൾ ചോദിച്ചു. കുറ്റവാളി ഇപ്പോഴും സ്വതന്ത്രനായി വിഹരിക്കുന്നു. ഈ മുഴുവൻ സംവിധാനവും ഇപ്പോൾ വളരെ ദയനീയമായ ഒരു അവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്ന് മറ്റൊരാൾ രൂക്ഷമായി വിമർശിച്ചു.


