കാനഡയിൽ താമസിക്കുന്ന ഹിമാനി മിസ്ത്രി എന്ന യുവതി ഷെയര്‍ ചെയ്ത നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്ത്യയിൽ നിന്ന് മാതാപിതാക്കൾ അയച്ചുകൊടുത്ത 20 കിലോ ഭാരമുള്ള പാഴ്സലാണ് വീഡിയോയില്‍.
വിദേശത്ത് താമസിക്കുന്ന പല ഇന്ത്യക്കാർക്കും നാട്ടിൽ നിന്നെന്തെങ്കിലും പാഴ്സൽ വരുന്നുവെന്നാൽ അത് വളരെ വൈകാരികവും നൊസ്റ്റാൾജിയ നിറഞ്ഞതുമായ അനുഭവമാണ്. പ്രിയപ്പെട്ട പലഹാരങ്ങളും വീട്ടിലുണ്ടാക്കിയ വിഭവങ്ങളും സ്പെഷ്യൽ സമ്മാനങ്ങളും, ഒപ്പം കുടുംബാംഗങ്ങളുടെ സ്നേഹവും കരുതലും നിറഞ്ഞതാകും അത്. അതുപോലെ, കാനഡയിലുള്ള ഒരു യുവതി തന്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് അയച്ചുനൽകിയ പാഴ്സസലിനെ കുറിച്ച് പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 20 കിലോഗ്രാമാണ് പാഴ്സലിന്റെ ഭാരം!
ഹിമാനി മിസ്ത്രി എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചത്. പാഴ്സൽ തുറന്നപ്പോൾ മാമ്പഴത്തിന്റെ നീര്, തെപ്ല എന്ന പലഹാരം എന്നിവയൊക്കെയാണ് ഈ പാഴ്സലിൽ ഉണ്ടായിരുന്നത്. കൂടാതെ, ഹിമാനിക്കും ഭർത്താവിനുമുള്ള വസ്ത്രങ്ങളും ആക്സസറികളും സമ്മാനങ്ങളും ആ പെട്ടിയിലുണ്ടെന്ന് വീഡിയോയിൽ കാണാം. 'നിങ്ങളുടെ ഡാഡിയും മമ്മയും 20 കിലോ സ്നേഹവും ആംരസും (മാമ്പഴനീര്) അയച്ചു തരുമ്പോൾ' എന്നാണ് വീഡിയോയിലെഴുതിയിരിക്കുന്നത്. ഈ പാഴ്സൽ തനിക്ക് എന്തുകൊണ്ട് ഇത്രയധികം പ്രിയപ്പെട്ടതായി എന്നും ക്യാപ്ഷനിൽ ഹിമാനി വിശദീകരിച്ചിട്ടുണ്ട്. 'വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്ക് മാത്രമേ ഈ വികാരം മനസ്സിലാകൂ. അവർ സമ്മാനങ്ങൾ മാത്രമല്ല അയച്ചത്. അവരുടെ സ്നേഹവും ഒപ്പം വീടിന്റെ ഒരു ചെറിയ ഭാഗവുമാണ് അയച്ചത്' എന്നും ഹിമാനി കുറിച്ചു.
ആയിരക്കണക്കിന് മൈലുകൾക്കപ്പുറം താമസിക്കുമ്പോഴും തനിക്ക് നാട്ടിലെ രുചി ആസ്വദിക്കാൻ വേണ്ടി മാതാപിതാക്കൾ പല കടകളിൽ കയറിയിറങ്ങി ഓരോ സാധനങ്ങളും ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നതും മികച്ച മാമ്പഴങ്ങൾ കൈകൊണ്ട് പെറുക്കിയെടുക്കുന്നതും താൻ ഭാവനയിൽ കാണുന്നുവെന്നും യുവതി പറഞ്ഞു. 'നിങ്ങൾക്ക് എത്ര പ്രായമായാലും എത്ര ദൂരേക്ക് മാറിയാലും, മാതാപിതാക്കൾ നിങ്ങളെ പരിചരിക്കുന്നത് ഒരിക്കലും നിർത്താൻ പോകുന്നില്ല. ദൂരം നമ്മെ വേർപെടുത്തിയേക്കാം, പക്ഷേ സ്നേഹം എപ്പോഴും വീട്ടിലേക്കുള്ള വഴി കണ്ടെത്തും' എന്നും ഹിമാനി കുറിച്ചു.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരിൽ ശരിക്കും നൊസ്റ്റാൾജിയ ഉണർത്തുന്നതായിരുന്നു ഹിമാനിയുടെ പോസ്റ്റ്.
