ലിസ് ബോംസ് എന്ന അമേരിക്കന്‍ യുവതി ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിക്കുന്നതാണ് വീഡിയോ.
ഇന്ത്യയിൽ വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് എളുപ്പത്തിൽ ചികിത്സയും മരുന്നും ലഭ്യമാകുമെന്ന കാര്യം പലപ്പോഴും പല വിദേശികളും അംഗീകരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരുപാട് പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇതും. അമേരിക്കക്കാരിയായ ലിസ് ബോംസ് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ ഇന്ത്യയിലെ മെഡിക്കൽ സൗകര്യങ്ങളെ പ്രശംസിച്ചുകൊണ്ട് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ആരോഗ്യസംവിധാനം കൃത്യമായി പ്രവർത്തിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ടാണ് ലിസ് വീഡിയോ ആരംഭിക്കുന്നത്. അമേരിക്കയിലെ സങ്കീർണ്ണമായ ചികിത്സാരീതികളെ ലിസ് തന്റെ വീഡിയോയിൽ ഇന്ത്യയുമായി താരതമ്യം ചെയ്യുന്നതും കാണാം.
അമേരിക്കയിൽ ഒരു ചെറിയ രക്തപരിശോധനയ്ക്കോ ഡോക്ടറെ കാണാനോ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നും ആയിരക്കണക്കിന് ഡോളർ അതിനുവേണ്ടി ചിലവാകുമെന്നും ലിസ് പറയുന്നു. എന്നാൽ, ഇന്ത്യയിൽ കാര്യങ്ങൾ അങ്ങനെയല്ല. ഒരു ആശുപത്രിയിൽ നേരിട്ട് ചെന്നാൽ അതേ ദിവസം തന്നെ നമുക്ക് ഡോക്ടറെ കാണാം. വളരെ കുറഞ്ഞ ചിലവിൽ ചികിത്സയും ലഭിക്കും എന്നാണ് ലിസ് പറയുന്നത്. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ എന്ന ആശങ്ക, അമ്പതോളം ക്ലിനിക്കുകളിൽ അപ്പോയിന്റ്‌മെന്റിനായി വിളിച്ചു ചോദിക്കേണ്ടി വരിക ഇതൊക്കെയാണ് അമേരിക്കയിൽ കൂടുതൽ 'ആവേശകരം' എന്നും, ഇന്ത്യ ഇത്ര എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യുന്നത് നിർത്തണമെന്നും ലിസ് തമാശയായി കൂട്ടിച്ചേർത്തു.
ലിസിന്റെ വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ നൽകിയത്. 'അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് താമസം മാറിയ ഒരാളെന്ന നിലയിൽ എനിക്കിത് പൂർണ്ണമായും മനസ്സിലാക്കാൻ കഴിയും. ഇന്നും ഇന്ത്യയിലെ ഈ വേഗത്തിലുള്ള ചികിത്സാ സൗകര്യം എന്നെ അത്ഭുതപ്പെടുത്താറുണ്ട്' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ഇന്ത്യയിലുള്ളവർ ഇവിടുത്തെ സിസ്റ്റത്തെ കുറ്റം പറയാറുണ്ടെങ്കിലും ആഗോളതലത്തിൽ നോക്കുമ്പോൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പല കാര്യങ്ങളും ഇവിടെയുണ്ടെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.
