എല്ലോറയിലെ കൈലാഷ് ക്ഷേത്രം സന്ദർശിച്ച ഡങ്കൻ മക്നോട്ട് എന്ന ഓസ്ട്രേലിയൻ സഞ്ചാരി ഷെയര്‍ ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
ഒരുപാട് വിദേശികൾ ഇന്ന് ഇന്ത്യ സന്ദർശിക്കാനായി എത്താറുണ്ട്. ഇന്ത്യ ഒരുപാട് ഇഷ്ടപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. ഇവിടെ നിന്നും പകർത്തുന്ന വീഡിയോകൾ അവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എല്ലോറ സന്ദർശനത്തിനിടെ ഒരു വിദേശി യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ നൂറുകണക്കിനാളുകളുടെ പ്രത്യേകിച്ച് ഇന്ത്യക്കാരുടെ ഹൃദയം കവർന്നു കൊണ്ടിരിക്കുന്നത്. ചരിത്രപ്രസിദ്ധമായ കൈലാഷ് ക്ഷേത്രത്തിൽ നിന്നും 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുകയാണ് ഡങ്കൻ മക്നോട്ട് എന്ന ഓസ്ട്രേലിയൻ വിനോദസഞ്ചാരി.
വളരെ പെട്ടെന്ന് വീഡിയോ വൈറലായി മാറിയതോടെ യുവാവിന് ആധാർ കാർഡ് കൊടുക്കാവുന്നതാണ് എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. 'ഞാൻ എന്റെ ആധാർ കാർഡിന് റെഡിയായോ' എന്ന ചോദ്യവുമായി തന്നെയാണ് യുവാവ് ഇന്ത്യയിൽ നിന്നുള്ള തന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നതും. 'താൻ ഇന്ത്യയിലാണ്, ഇത് കാണൂ' എന്നും യുവാവ് പറയുന്നുണ്ട്. പിന്നാലെ ഉറക്കെ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ചു പറയുന്നതാണ് കാണുന്നത്. പിന്നാലെ 'ജയ് ശ്രീറാം' എന്നും പറയുന്നത് കേൾക്കാം. ചുറ്റും നിന്ന ആളുകളും യുവാവിനോടൊപ്പം ചേരുന്നതാണ് പിന്നെ കാണുന്നത്.
താൻ കൈലാഷ് ക്ഷേത്രത്തിലാണ് ഉള്ളത് എന്ന് പറയുന്നിടത്താണ് മക്നോട്ടിന്റെ പ്രസ്തുത വീഡിയോ അവസാനിക്കുന്നത്. അതിവേഗത്തിലാണ് വീഡിയോ വൈറലായി മാറിയത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. 'മക്നോട്ടിന്റെ ആധാർ കാർഡ് വെരിഫിക്കേഷൻ പൂർത്തിയായി' എന്നാണ് മിക്കവരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
