'ചിലപ്പോൾ അത്ഭുതങ്ങൾക്ക് തലമുറകളുടെ കാത്തിരിപ്പ് വേണ്ടിവരും. തുടർച്ചയായി 52 വർഷം ആൺകുട്ടികൾ മാത്രം പിറന്ന ഈ കുടുംബത്തിലേക്ക് ഒടുവിൽ ഒരു പെൺകുഞ്ഞ് എത്തിയിരിക്കുന്നു. എന്നെന്നും ഓർമ്മിക്കപ്പെടുന്ന ഒരു ദിനം.'
52 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുടുംബത്തിൽ ഒരു പെൺകുഞ്ഞ് പിറക്കുക. അതിന്റെ സന്തോഷം എത്രയെത്ര വലുതായിരിക്കും. ആഹ്ലാദം അടക്കാനാവില്ല അല്ലേ? അതുപോലെ, ആറ്റുനോറ്റ് കിട്ടിയ ഒരു പെൺകുഞ്ഞിന്റെ ജനനത്തിന്റെ സന്തോഷവും വൈകാരിക നിമിഷങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഡോ. ബെലാ ഷാ ജെയ്ൻ ആണ് ഈ അപൂർവമായ ആഘോഷത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'ചിലപ്പോൾ അത്ഭുതങ്ങൾക്ക് തലമുറകളുടെ കാത്തിരിപ്പ് വേണ്ടിവരും. തുടർച്ചയായി 52 വർഷം ആൺകുട്ടികൾ മാത്രം പിറന്ന ഈ കുടുംബത്തിലേക്ക് ഒടുവിൽ ഒരു പെൺകുഞ്ഞ് എത്തിയിരിക്കുന്നു. എന്നെന്നും ഓർമ്മിക്കപ്പെടുന്ന ഒരു ദിനം' എന്ന കുറിപ്പോടെയാണ് ഡോക്ടർ വീഡിയോ പങ്കുവെച്ചത്.
ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഡോക്ടർ കുഞ്ഞുമായി പുറത്തേക്ക് വരുമ്പോൾ കുടുംബാംഗങ്ങൾ സന്തോഷത്താൽ തുള്ളിച്ചാടുന്നതും വൈകാരികമായി പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. കുഞ്ഞിന്റെ അമ്മയായ മുസ്കാൻ അഗർവാൾ ഡോക്ടർക്ക് നന്ദിയും അറിയിച്ചു. 'ഞങ്ങളുടെ ഈ യാത്രയിൽ പങ്കാളിയാവുകയും എല്ലാം എളുപ്പമാക്കാൻ സഹായിക്കുകയും ചെയ്തതിൽ വലിയ സന്തോഷം. നിങ്ങൾ ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടതാണ്' എന്ന് അവർ കുറിച്ചു.
വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് കുടുംബത്തിന് ആശംസകളുമായി എത്തിയത്. ഒരു പെൺകുഞ്ഞ് ജനിക്കുമ്പോൾ അത് ദൈവത്തിന്റെ അനുഗ്രഹമാണെന്നും, പെൺകുട്ടികളുടെ ജനനം ആൺകുട്ടികളെപ്പോലെ തന്നെ സന്തോഷത്തോടെ ആഘോഷിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നുവെന്നും ആളുകൾ കമന്റ് ചെയ്തു. സ്വന്തം കുടുംബങ്ങളിലും ദീർഘകാലത്തിന് ശേഷം പെൺകുഞ്ഞുങ്ങൾ ജനിച്ച അനുഭവങ്ങൾ പലരും കമന്റുകളിലൂടെ പങ്കുവെച്ചു. ഇപ്പോഴും പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് അംഗീകരിക്കാനാവാത്ത ആളുകൾ പലയിടങ്ങളിലും ഉണ്ട് അല്ലേ? അത്തരം ആളുകൾക്കിടയിൽ ഇത്തരം ആഘോഷങ്ങൾ എന്ത് മനോഹരമാണ്.
