ബെംഗളൂരുവിലെ ഒരു മെഡിക്കൽ കോളേജിൽ ക്ലാസിനിടെ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ 50-കാരനായ പ്രൊഫസർക്ക് ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടി. പ്രൊഫസറുടെ അവകാശവാദങ്ങൾ നിഷേധിച്ച വിദ്യാർത്ഥിനി, പിന്നീട് അദ്ദേഹത്തെ ചെരുപ്പൂരി അടിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ധ്യാപക - വിദ്യാർത്ഥി പ്രണയം ഇന്ന് വലിയൊരു വാർത്തയല്ല, വലിയ വാർത്താ പ്രധാന്യം നേടിയ, ഏറെ കോളിളക്കം സൃഷ്ടിച്ച അധ്യാപക - വിദ്യാർത്ഥി പ്രണയവും വിവാഹവും നേരത്തെയുമുണ്ടായിട്ടുണ്ട്. എന്നാൽ, ബെംഗളൂരുവിൽ നിന്നും കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ ഒരു അധ്യാപകൻറെ പ്രണയാഭ്യ‍ർത്ഥനയ്ക്ക്, വിദ്യാർത്ഥിനി നൽകിയ മറുപടി എല്ലാവരെയും അമ്പരപ്പിച്ചു. ശ്രീ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച് സെന്‍ററിലായിരുന്നു സംഭവം. ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അധ്യാപകന് കിട്ടിയത് ചെരുപ്പ് കൊണ്ട് കരണം പുകച്ച് ഒരടി !

50 -കാരൻ പ്രൊഫസറുടെ പ്രണയം

അതെ, ബെംഗളൂരു റൂറൽ ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ ലെക്ചറിനിടെയാണ് സംഭവം. മാർച്ച് 26 -ന് നെലമംഗലയിലെ ടി. ബേഗൂരിലുള്ള ശ്രീ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & റിസർച്ച് സെന്‍റിലെ ഒരു ക്ലാസ് മുറിയിലാണ് സംഭവം നടന്നത്. 50 വയസ്സുള്ള പ്രൊഫസർ അബ്ദുൾ മുഹമ്മദ്, 19 വയസ്സുള്ള തന്‍റെ വിദ്യാർത്ഥിനിയോട് പ്രണയാഭ്യർ‍ത്ഥന നടത്തുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരു വീഡിയോ ക്ലിപ്പില്‍, പ്രൊഫസര്‍ തന്‍റെ ക്ലാസിനെ അഭിസംബോധന ചെയ്ത് വിദ്യാര്‍ത്ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് കാണാം. വിദ്യാര്‍ത്ഥിനി മുമ്പ് തന്നോട് തോന്നിയ വികാരങ്ങള്‍ തുറന്നു പറഞ്ഞിരുന്നതായും താന്‍ അതിന് മറുപടി നല്‍കിയതായും അദ്ദേഹം അവകാശപ്പെട്ടു.

കുട്ടികൾക്ക് ചോക്ലേറ്റ്

പ്രൊഫസർ താൻ കൊണ്ടുവന്ന ചോക്ലേറ്റുകൾ ഒരു കുട്ടിയോട് ക്ലാസിൽ വിതരണം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ, കുട്ടി എതിർപ്പ് പ്രകടിപ്പിക്കുകയും വിഷയം പ്രിൻസിപ്പാളിനോട് പരാതിപ്പെടുമെന്നും പറഞ്ഞു. പിന്നാലെ വിദ്യാർത്ഥിനി, തന്‍റെ പ്രൊഫസറെ ചോദ്യം ചെയ്തു. താൻ എപ്പോഴാണ് വിവാഹാഭ്യർത്ഥന നടത്തിയതെന്ന് അവർ ചോദിച്ചു. ഈ സമയം, 'ഐ ലവ് യു മുഹമ്മദ്' എന്ന് കുട്ടി തന്നോട് പറഞ്ഞെന്നും അതിന്‍റെ സിസിടിവി ദൃശ്യങ്ങൾ കൈയിലുണ്ടെന്നും അവകാശപ്പെട്ട അധ്യാപകൻ വിഷയം അടുത്ത ദിവസം സംസാരിക്കാമെന്ന് പറഞ്ഞ് ക്ലാസ് മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ഒപ്പം കുട്ടികളോട് താൻ കൊണ്ടുവന്ന ചോക്ലേറ്റ് ആസ്വദിക്കാനും പറഞ്ഞു.

Scroll to load tweet…

കരണം പുകച്ച അടി

അതേസമയം വീഡിയോയുടെ രണ്ടാം ഭാഗത്ത് പ്രൊഫസർ പ്രണയാഭ്യർത്ഥന നടത്തിയെന്ന് പറയുന്ന വിദ്യാർത്ഥിനി തന്‍റെ കാലിലിരുന്ന ചെരുപ്പ് കൊണ്ട് പ്രൊഫസറെ അടിക്കുന്നു. ആദ്യഭാഗത്തെ വീഡിയോ ക്ലാസ് മുറിയിൽ വച്ചായിരുന്നെങ്കിൽ രണ്ടാം ഭാഗം ക്ലാസിന് പുറത്ത് നിന്നാണ് ചിത്രീകരിച്ചിരുന്നത്. ഒരു കാറിന് സമീപം ചാരി മുഖം പൊത്തി നിൽക്കുന്ന അധ്യാപകന്‍റെ മുന്നിൽ നിന്നും മറ്റ് വിദ്യാർത്ഥികൾ ഒരു വിദ്യാർത്ഥിനിയെ പിടിച്ച് മാറ്റുന്നത് കാണാം. അവരുടെ കൈയിൽ ഒരു ചെരിപ്പുണ്ട്.

പ്രൊഫസർക്കെതിരെ നെറ്റിസെന്‍സ്

പ്രൊഫസർ അധ്യാപനം മറന്ന് ഫ്ലർട്ടിംഗ് തുടങ്ങിയെന്നായിരുന്നു ഒരു വിഭാഗം എഴുതിയത്. കോള‍േജുകളിൽ ,സുരക്ഷിതമായ പഠനാന്തരീക്ഷം ഇല്ലെന്ന് ചിലരെഴുതി. കോളേജുകളെ അരഷ്ട്രീയവത്ക്കരിച്ചതാണ് കാരണമെന്നായിരുന്നു മറ്റ് ചിലരുടെ കണ്ടെത്തൽ. 50 വയസുകാരനായ പ്രൊഫസറെ അയാൾ ആരാണെന്ന് വിദ്യാർത്ഥിനി ഓർമ്മപ്പെടുത്തിയതാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. ഇത് പ്രണയമില്ലെന്നും അധികാര ദുർവിനിയോഗമാണെന്നും അധ്യാപകനെ പുറത്താക്കണമെന്നും അഭിപ്രായങ്ങളുയർന്നു. അതേസമയം സംഭവത്തിൽ അധ്യാപകനോ വിദ്യാർത്ഥിനിയോ പരാതി നൽകിയിട്ടില്ലെന്ന് ബെംഗളൂരു റൂറലിലെ നെലമംഗല റൂറൽ പോലീസ് സ്റ്റേഷൻ അറിയിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.