ബെംഗളൂരുവിലെ കനത്ത ചൂട് കാരണം ഉറങ്ങാൻ കഴിയുന്നില്ല. നല്ല കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരുവിന് ഇതെന്ത് പറ്റി? വീഡിയോ ഷെയര്‍ ചെയ്ത് യുവതി. 

എങ്ങും ചൂടാണിപ്പോൾ അല്ലേ? ഇടയ്ക്ക് പെയ്യുന്ന ചെറിയ മഴകളാണ് ചെറിയ ആശ്വാസം തരുന്നത്. എന്നാൽ, ഇതിനെയൊക്കെ വെല്ലുന്ന ബെം​ഗളൂരുവിലെ പൊള്ളുന്ന ചൂടിനെ കുറിച്ച് ഒരു യുവതി പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സുൻ മൂൺ എന്ന യുവതിയാണ് നഗരത്തിലെ ഇങ്ങനെ കൂടിക്കൂടി വരുന്ന ചൂട് തന്റെ ജീവിതത്തെയും ഉറക്കത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് വിവരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പണ്ട് മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ബെംഗളൂരുവിൽ ഇപ്പോൾ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് യുവതി പരാതിപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ബെംഗളൂരുവിന് ഇതെന്ത് പറ്റി? എനിക്ക് രാത്രി ഉറങ്ങാൻ പോലും കഴിയുന്നില്ല. ശരീരം മുഴുവൻ വിയർപ്പാണ്. വിയർത്തു കുളിച്ചാണ് ഉറങ്ങുന്നതും ഉണരുന്നതും' എന്നാണ് യുവതി പറയുന്നത്. 'കിടക്കയോ പുതപ്പോ തലയണയോ ഒന്നും വേണ്ടെന്ന അവസ്ഥയിലെത്തി നിൽക്കുകയാണ് കാര്യങ്ങൾ. ഞാനിപ്പോൾ വെറും തറയിലാണ് കിടന്നുറങ്ങുന്നത്. എന്നിട്ടും കഠിനമായ ചൂട് തന്നെയാണ് അനുഭവപ്പെടുന്നത്. ഫാൻ ഇട്ടിട്ടും ഒരു ഗുണവുമില്ല. വീടിനുള്ളിലേക്ക് അടിക്കുന്ന വെയിൽ കാരണം ഇപ്പോൾ അലാറം പോലും വയ്ക്കേണ്ട ആവശ്യമില്ല' എന്നും യുവതി പറയുന്നു.

View post on Instagram

എന്തായാലും, ഈ ചൂടുകാലത്ത് യുവതിയുടെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടു. സമാനമായ അനുഭവങ്ങൾ നിരവധിപ്പേരാണ് പങ്കുവച്ചത്. ബെം​ഗളൂരു ഇങ്ങനെയാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഫാനുകൾ കൊണ്ടൊന്നും ഒരു രക്ഷയുമില്ല, എസി ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് എന്നും ആളുകൾ പറയുന്നു. ബെം​ഗളൂരുവിലെ ആ പഴയ തണുപ്പുള്ള കാലാവസ്ഥ മിസ് ചെയ്യുന്നുണ്ട് എന്നാണ് മറ്റ് പലരും പറഞ്ഞത്. ഇപ്പോൾ രാത്രികാലത്തുപോലും കടുത്ത ചൂട് കാരണം ഉറങ്ങാനാവാത്ത അവസ്ഥയാണ് എന്നും പലരും അഭിപ്രായപ്പെട്ടു. നഗരവൽക്കരണം, മരങ്ങൾ വെട്ടിനശിപ്പിക്കുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവയൊക്കെയാവണം ഈ കനത്ത ചൂടിന് കാരണം എന്നിങ്ങനെയുള്ള അഭിപ്രായങ്ങളും വീഡിയോയ്ക്ക് താഴെ ഉയർന്നിട്ടുണ്ട്.