ഒരു ലോവർ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച ഹരീഷ്, മാതാപിതാക്കൾക്കും നാല് സഹോദരങ്ങൾക്കുമൊപ്പം 25 വർഷത്തോളം കഴിഞ്ഞത് വെറും 10x10 വലിപ്പമുള്ള ഒരു ചെറിയ മുറിയിലായിരുന്നു.
ഒരു വീടില്ലാതെ വളരുന്നവർക്ക് സ്വന്തം വീട് എന്നത് ഏറെക്കാലമായി കാണുന്ന ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്. പൂനെയിൽ നിന്നുള്ള റാപ്പറും ഹിപ്-ഹോപ്പ് ആർട്ടിസ്റ്റുമായ ഹരീഷ് താക്കൂർ തന്റെ മാതാപിതാക്കൾക്ക് പുതിയ വീട് വാങ്ങി നൽകിക്കൊണ്ടാണ് ആ കുട്ടിക്കാലത്തെ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹരീഷ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
ഒരു ലോവർ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച ഹരീഷ്, മാതാപിതാക്കൾക്കും നാല് സഹോദരങ്ങൾക്കുമൊപ്പം 25 വർഷത്തോളം കഴിഞ്ഞത് വെറും 10x10 വലിപ്പമുള്ള ഒരു ചെറിയ മുറിയിലായിരുന്നു. കുടുംബത്തിന് ആവശ്യമുള്ളതെല്ലാം നൽകാൻ അച്ഛൻ കഠിനാധ്വാനം ചെയ്തെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം അക്കാലത്ത് സ്വന്തമായി ഒരു വീട് വാങ്ങാൻ സാധിച്ചില്ല.
'അതുകൊണ്ട് കുട്ടിയായിരിക്കുമ്പോൾ ഞാൻ എനിക്ക് തന്നെ ഒരു വാഗ്ദാനം നൽകി... ഒരു ദിവസം ഞാൻ എന്റെ മാതാപിതാക്കൾക്ക് അവരുടെയാ സ്വപ്നവീട് വാങ്ങി നൽകും' ഹരീഷ് കുറിച്ചു. വർഷങ്ങളുടെ കഠിനാധ്വാനവും മാതാപിതാക്കളുടെ അനുഗ്രഹവും കൊണ്ട് ഒടുവിൽ താൻ ആ വാക്ക് പാലിച്ചതായി ഹരീഷ് പറയുന്നു. 'ഞാൻ വീട്ടിലേക്ക് കയറിവരുമ്പോഴെല്ലാം മാതാപിതാക്കളുടെ പേരുകൾ പതിപ്പിച്ച നെയിം ബോർഡ് കാണുന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല' അദ്ദേഹം കൂട്ടിച്ചേർത്തു. 'ഓരോ ഗല്ലി ബോയിക്കും ഈ ദിവസം കാണാൻ കഴിയട്ടെയെന്ന് ഞാൻ ആശ്രഹിക്കുന്നു' എന്നും അദ്ദേഹം പറയുന്നു.
നിരവധിപ്പേരാണ് ഹരീഷിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'നിങ്ങളുടെ മാതാപിതാക്കൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണിത്', 'സഹോദരാ, നിങ്ങളോട് വലിയ ബഹുമാനം. നിരവധി അഭിനന്ദനങ്ങൾ, ഇനിയും വലിയ വിജയങ്ങൾ ഉണ്ടാകട്ടെ', 'തീർത്തും അഭിമാനകരമായ നിമിഷം. ചില വിജയങ്ങൾ ഒരു അപരിചിതന്റേതായാൽ പോലും സ്വന്തം വിജയം പോലെ തോന്നും', 'സ്വന്തമായി ഒരു വീടില്ലാത്ത കുടുംബത്തിൽ വളർന്നവർക്ക് അറിയാം ഈ നിമിഷത്തിന്റെ ആഴം. ഇതൊരു വീട് മാത്രമല്ല, സുരക്ഷിതത്വവും ജീവിതാഭിലാഷങ്ങളുടെ സാക്ഷാത്കാരവുമാണ്' തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.


