ബാലിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അനിറ്റ ലിലിക്ക് ബിസിനസ്സ് ക്ലാസ് അപ്‌ഗ്രേഡ് നൽകി ഞെട്ടിച്ചത്. ലിലി സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോയാണ് അനിറ്റ പങ്കുവെച്ചത്.
യാത്രയ്ക്കിടയിൽ ഒപ്പമുള്ള നാന്നിയ്ക്ക് ബിസിനസ്സ് ക്ലാസ് അപ്‌ഗ്രേഡ് ചെയ്ത് സർപ്രൈസ് നൽകിയ ഒരു സിഇഒയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. ലായർ-ടേൺഡ്-സിഇഒ ആയ അനിറ്റാ സീക് ആണ് തന്റെ മകൻ ചാർലിയുടെ നാന്നിയായ ലിലിക്ക് ഇങ്ങനെ ഒരു സർപ്രൈസ് ഒരുക്കിയത്. 'ചാർലിയുടെ നാനിയും ഉറ്റസുഹൃത്തും ഞങ്ങളുടെ കുടുംബത്തിലെ പ്രധാനപ്പെട്ട ഒരു അംഗവുമാണ് ലിലി. ചാർലിക്ക് 6 മുതൽ 12 മാസം വരെ പ്രായമുള്ളപ്പോഴാണ് അവൾ ആദ്യം അവനെ നോക്കിയത്. അടുത്ത ഏതാനും മാസങ്ങൾ അവൾ ഞങ്ങളോടൊപ്പം ലോകം മുഴുവൻ യാത്ര ചെയ്യാൻ പോവുകയാണ്' എന്ന് അനിറ്റ കുറിക്കുന്നു.
ചാർലിക്ക് ആറുമാസം പ്രായമുള്ളപ്പോഴാണ് അവരോടൊപ്പം താമസിച്ച് കുഞ്ഞിനെ നോക്കാനായി (ഓ പെയർ) ലിലി എത്തിയത്. എന്നാൽ, പിന്നീട് അവൾക്ക് സ്വന്തം നാടായ ജപ്പാനിലേക്ക് മടങ്ങേണ്ടി വന്നു. പക്ഷേ, കുടുംബം ഒരു ദീർഘയാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ ലിലി അവരെ വീണ്ടും ബന്ധപ്പെടുകയും, അങ്ങനെ അവർ ഒരു ട്രാവൽ നാനിയായി ലിലിയെ കൂടി കൂട്ടുകയുമായിരുന്നു. 'ഞങ്ങൾ എവിടേക്ക് പോയാലും അവളെ കൂടെക്കൂട്ടാൻ തീരുമാനിച്ചു, അവൾ അത് സമ്മതിക്കുകയും ചെയ്തു' അനിറ്റ പറയുന്നു.
ബാലിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അനിറ്റ ലിലിക്ക് ബിസിനസ്സ് ക്ലാസ് അപ്‌ഗ്രേഡ് നൽകി ഞെട്ടിച്ചത്. ലിലി സന്തോഷം കൊണ്ട് പൊട്ടിച്ചിരിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോയാണ് അനിറ്റ പങ്കുവെച്ചത്. വിമാനത്തിൽ വെച്ച് താൻ സന്തോഷം കൊണ്ട് കരഞ്ഞുവെന്നും ലിലി പിന്നീട് പറഞ്ഞു. അതിമനോഹരമായ ഈ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. നല്ലൊരു നാനിയെ കിട്ടിയാൽ ഒരിക്കലും കൈവിടരുത്, അങ്ങനെ കിട്ടുന്നതൊരു ഭാഗ്യമാണ് എന്നാണ് പലരും പ്രതികരിച്ചത്.
