ബീഹാറിലെ ചപ്രയിൽ കരയ്ക്കടിഞ്ഞ ഡോൾഫിൻ കുഞ്ഞുമായി കുട്ടികൾ കളിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇന്ത്യയുടെ ദേശീയ ജലജീവിയും വംശനാശഭീഷണി നേരിടുന്നതുമായ ഗംഗാ ഡോൾഫിനുകളോടുള്ള ക്രൂരത, വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബീഹാറിലെ ചപ്ര തീരത്ത് ഡോൾഫിൻ കുഞ്ഞുമായി കളിക്കുന്ന കുട്ടികൾക്കെതിരെ രൂക്ഷവിമർശനവുമായി നെറ്റിസെൺസ്. അബദ്ധവശാൽ തീരത്ത് അകപ്പെട്ട് പോയെന്ന് കരുതുന്ന ഡോൾഫിൻ കുഞ്ഞുമായി കളിക്കുന്ന കുട്ടികളുടെ വീഡിയോ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. വന്യജീവി അവബോധത്തെയും വംശനാശഭീഷണി നേരിടുന്ന ജീവികളോടുള്ള പൊതു ഉത്തരവാദിത്തത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ വീഡിയോ വീണ്ടും തുടക്കമിട്ടു. ഡോൾഫിന് ശ്വാസം മുട്ടുന്നതായി നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ദേശീയ ജലജീവി സംരക്ഷിക്കപ്പെടേണ്ടതുണ്ട്

ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ നദിയിലെ ഡോൾഫിനുകൾ. മാലിന്യം നിറഞ്ഞ ഗംഗാ നദിയിൽ അതിജീവിക്കാനായി ഏറെ കഷ്ടപ്പെടുന്ന ജീവി വർഗ്ഗം കൂടിയാണ് ഇവ. കുട്ടികൾ വംശനാശ ഭീഷണിക്ക് മുന്നിലുള്ള ഡോൾഫിന്‍റെ കുഞ്ഞുമായി കളിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് സർക്കാറിന്‍റെ നിസംഗതയെയും പ്രദേശവാസികളുടെ അജ്ഞതയെയും കുറിച്ച് സ്ട്രീറ്റ് ഡോഗ്സ് ഓഫ് ബോംബെ എഴുതി. കരയോട് വളരെ അടുത്തെത്തിയ ശേഷം ഒറ്റപ്പെട്ടുപോവുകയോ അല്ലെങ്കിൽ ദിശ തെറ്റിപോയതോ ആകാം. എന്നാൽ, അധികൃതരെ വിവരം അറിയിച്ച് അതിന് തിരിച്ച് നദിയിലേക്ക് വിടുന്നതിന് പകരം ആ മൃഗവുമായി വിനോദത്തിൽ ഏർപ്പെടുന്ന കുട്ടികൾ. ഡോൾഫിനുകൾക്ക് വെള്ളത്തിന് പുറത്ത് കൂടുതൽ നേരം അതിജീവിക്കാൻ കഴിയില്ല, കൂടാതെ മനുഷ്യന്‍റെ ഇടപെടൽ അവയുടെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും ഇത് അവയുടെ അതിജീവന സാധ്യത കുറയ്ക്കുമെന്നും കുറിപ്പിൽ പറയുന്നു.

View post on Instagram

വിമർശനവുമായി നെറ്റിസെൺസും

വീഡിയോ വൈറലായതിന് പിന്നാലെ വിമ‍ർശനവുമായി നിരവധി പേരാണ് എത്തിയത്. മാതാപിതാക്കളും മുതിർന്നവരും കുട്ടികളെ മൃഗപീഡനത്തെക്കുറിച്ച് ബോധവൽക്കരിക്കേണ്ടതുണ്ട്. ഇത് ഹൃദയഭേദകമാണ്. ഡോൾഫിൻ വായുവിനും വെള്ളത്തിനും വേണ്ടി ശ്വാസംമുട്ടുന്നു. വളരെ സങ്കടകരമാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. ഈ അവബോധമില്ലായ്മയാണ് ഇന്ത്യയുടെ വർത്തമാനകാലമെന്നായിരുന്നു മറ്റൊരു കുറിപ്പ്. സഹജീവികളോട് സഹാനുഭൂതിയുടെ അഭാവം, മറ്റുള്ളവരുടെ ദുരിതത്തിലെ വിനോദം. ദയവായി ഇതിനെ നിഷ്കളങ്കതയെന്ന് വിളിക്കരുതെന്നായിരുന്നു മറ്റൊരു കുറിപ്പ്. കരയിലോ കടലിലോ ഉള്ള വന്യജീവികളെ തൊടാനോ മറ്റെന്തെങ്കിലും തരത്തിൽ ഉപദ്രവിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. അത്തരത്തിൽ എന്തെങ്കിലും ജീവികളെ കണ്ടു കിട്ടുകയാണെങ്കിൽ വനം വകുപ്പിനെ വിവരം അറിയിക്കണമെന്ന് നിയമം അനുശാസിക്കുന്നു.