ഉത്തർപ്രദേശിലെ ഒരു മുസ്ലീം വിവാഹത്തിൽ വരന് കോടികളും ബിഎംഡബ്ല്യു കാറും സ്ത്രീധനമായി നൽകുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്ത്രീധന നിരോധന നിയമം നിലവിലുണ്ടായിട്ടും പരസ്യമായി നടന്ന ഈ കൈമാറ്റം വലിയ പ്രതിഷേധത്തിന് കാരണമായി. മുസ്ലീം വ്യക്തിനിയമത്തിലെ മഹറും സ്ത്രീധനവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ഇത് വഴിവച്ചു.

Add Asianetnews as a Preferred SourcegooglePreferred

അറുപത്തി നാല് വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 1961 -ലാണ് ഇന്ത്യയിൽ സ്ത്രീധനം നിരോധിച്ച് കൊണ്ട് കേന്ദ്രസർക്കാർ നിയമം നടപ്പാക്കിയത്. പിന്നീട് '84 ലും '86 ലും നിയമത്തിൽ ഭേദഗതികൾ കൂട്ടിച്ചേർക്കപ്പെട്ടു. എന്നാൽ, ഇന്നും ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിന്‍റെ പേരിൽ വിവാഹ ബന്ധം വേർപെടുത്തുന്ന പുരുഷന്മാരുടെയും കൊല്ലപ്പെടുന്ന ഭാര്യമാരുടെയും വാർത്തകൾ കേരളത്തിൽ നിന്നടക്കം ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിനിടെയാണ് യുപിയിൽ നിന്നൊരു വിവാഹ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒരു മുസ്ലീം വിവാഹത്തിനിടെ ഒരാൾ വരന് സ്ത്രീധനമായി കിട്ടിയ തുകയും സമ്മാനങ്ങളും വിളിച്ച് പറയുന്നതാണ് വീഡിയോ. വീഡിയോ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തന്നെ വൈറലായി.

ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ

ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഒരു വിവാഹത്തിനിടെയാണ് പരസ്യമായി സ്ത്രീധനമായി കോടികൾ കൈമാറ്റം ചെയ്യപ്പെട്ടത്. പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നത്. വരന്‍റെ കുടുംബത്തിന് ലഭിച്ച ആഡംബര സമ്മാനങ്ങളിൽ ഒരു ബിഎംഡബ്ല്യു കാറും ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയും ഉൾപ്പെടുന്നെന്ന് വിളിച്ച് പറയുന്നയാൾ ഉച്ചത്തിൽ പല തവണ വിളിച്ച് പറയുന്നത് വീഡിയോയിൽ കേൾക്കാം. വരനും വിളിച്ച് പറയുന്നയാളും പണം അടങ്ങിയ ബാഗിന്‍റെ സിബ്ബ് തുറന്ന് അതിഥികളെ കാണിക്കുന്നതും വീഡിയോയിൽ കാണാം.

Scroll to load tweet…

മുസ്ലീം വ്യക്തി നിയമവും മഹറും

വീഡിയോ പങ്കുവച്ച് കൊണ്ട് ആസ് മുഹമ്മദ് സൈഫി ഇങ്ങനെ എഴുതി. "1 ബിഎംഡ്യു, ഒരു കോടി ഒരു ലക്ഷത്തി പതിനൊന്നായിരം രൂപ പണമായി പെൺകുട്ടിയുടെ കുടുംബം ആൺകുട്ടിക്ക് സ്ത്രീധനമായി നൽകി. സമൂഹത്തിന്‍റെ നാശം ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും ഒരു പരിധി ഉണ്ടായിരിക്കണം..!" പിന്നാലെ സ്ത്രീധനം ഇസ്ലാമിന് നിഷിദ്ധമാണെന്നും എന്നിട്ടും ഒരു മതവിശ്വാസിയാണ് അഭിമാനത്തോടെ അതിന് കൂട്ടുനിൽക്കുന്നതെന്നും മറ്റൊരു കാഴ്ചക്കാരൻ എഴുതി. മറ്റ് ചിലർ '61 ലെ സ്ത്രീധന നിരോധന നിയമം ചൂണ്ടിക്കാട്ടി രംഗത്തെത്തി. നിയമപരമായി സ്ത്രീധനം നൽകുന്നതും സ്വീകരിക്കുന്നതും തെറ്റാണെന്നും ശിക്ഷാർഹമായ കുറ്റമാണെന്നും ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവും സാമ്പത്തിക പിഴകളും ലഭിക്കുമെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി. അതേസമയം. മുസ്ലീം വ്യക്തി നിയമങ്ങളെ (ശരീയത്ത്) അടിസ്ഥാനമാക്കി സ്ത്രീധനം അല്ലെങ്കിൽ മഹർ നൽകുന്നതിൽ നിന്നും നിയമം, മുസ്ലീങ്ങളെ ഒഴിവാക്കുന്നുവെന്നും എന്നാൽ, സ്ത്രീധനത്തിന്‍റെ പേരിൽ ഒരു മുസ്ലീം സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ നിയമം ആ സ്ത്രീയെ സംരക്ഷിക്കുമെന്നും മറ്റ് ചില‍രും ചൂണ്ടിക്കാട്ടി.