ജപ്പാനിലെ ജീവിതരീതിയുടെ ചില സവിശേഷതകൾ വ്യക്തമാക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള ബാങ്കുകൾ, കുട്ടികൾക്ക് പോലും ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയുന്ന സുരക്ഷ,  ആദരവ് പ്രകടിപ്പിക്കുന്ന വന്യമൃഗങ്ങൾ… 

പ്പാനിലെ ജീവിതരീതികൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. വൃത്തിയുള്ള തെരുവുകൾ, മര്യാദയുള്ള ആളുകൾ, എല്ലായിടത്തും ശാന്തത തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ജപ്പാനിലെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക. പലകാര്യങ്ങളിലും ജപ്പാൻ വ്യത്യസ്തമാണെന്നും നമ്മൾ മാതൃകയാക്കേണ്ട നിരവധി കാര്യങ്ങൾ ആ രാജ്യത്തുണ്ടെന്നും പൊതുവിൽ ഉയരുന്ന അഭിപ്രായമാണ്. ഇപ്പോഴിതാ ജപ്പാനിലെ ജീവിതരീതി കാണിക്കുന്ന മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റ് കൂടി സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്.

കുട്ടികൾക്കായി ബാങ്ക്

ദ പവ‍ർ ഓഫ് സൈലന്‍സെന്ന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എന്തുകൊണ്ട് ജപ്പാനിൽ ജീവിക്കണമെന്ന് ചൂണ്ടിക്കാണിക്കുന്ന മൂന്ന് കാര്യങ്ങളാണ് വിശദമാക്കുന്നത്. ഇതിൽ പറയുന്ന ആദ്യത്തെ കാര്യം കുട്ടികൾക്ക് മാത്രമായുള്ള ബാങ്കിനെക്കുറിച്ചാണ്. പോസ്റ്റിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് ; 'ജപ്പാനിൽ കുട്ടികൾക്ക് സ്വന്തമായി ബാങ്ക് ഉണ്ട്. അതൊരു യഥാർത്ഥ ബാങ്കാണ്. പക്ഷേ, മാതാപിതാക്കൾക്ക് പോലും അവിടെ പ്രവേശിക്കാൻ അനുവാദമില്ല." ജീവിതത്തിന്‍റെ തുടക്കത്തിൽ തന്നെ കുട്ടികളെ സാമ്പത്തിക ഉത്തരവാദിത്തം പഠിക്കാൻ സഹായിക്കുന്നതിനാണ് ഈ ബാങ്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബാങ്കിലെത്തി കുട്ടികൾ തന്നെ പണം നിക്ഷേപിക്കുന്നു. തങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ച് അവർക്ക് പലിശ ലഭിക്കുകയും ചെയ്യുന്നു. ചെറുപ്പത്തിൽ തന്നെ കുട്ടികളിൽ സാമ്പത്തിക അച്ചടക്കവും പണം എങ്ങനെ കൈകാര്യം ചെയ്യണം എന്ന അറിവ് ഉണ്ടാക്കിയെടുക്കുന്നതിനാണത്രേ ഇത്തരത്തിലുള്ള ബാങ്കുകൾ സജ്ജീകരിച്ചിരിക്കുന്നത്.

View post on Instagram

സുരക്ഷ

സമൂഹ മാധ്യമ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്ന രണ്ടാമത്തെ കാര്യം ജപ്പാനിലെ സുരക്ഷയാണ്. മുതിർന്നവരുടെ മേൽനോട്ടം ഇല്ലാതെ കുട്ടികൾക്കുപോലും തനിയെ സ്കൂളിൽ പോയി വരാൻ കഴിയുമെന്നാണ് കുറിപ്പിൽ പറയുന്നത്. പൊതുവിടങ്ങളിൽ സഞ്ചരിക്കാൻ ആർക്കും യാതൊരുവിധത്തിലുള്ള ഭയവും ജപ്പാനിൽ ആവശ്യമില്ലെന്നും കൂട്ടിചേർക്കുന്നു. കൂടാതെ ജപ്പാനിൽ ആരും മോഷ്ടിക്കാറില്ലെന്നും പൊതുവിടങ്ങളിൽ ബാഗോ മറ്റ് സാധനങ്ങളോ വെച്ച് മറന്നു പോയാൽ ഒരു മണിക്കൂർ കഴിഞ്ഞ് വന്നാലും ആ സാധനങ്ങൾ അവിടെത്തന്നെ ഉണ്ടാകുമെന്നും ഈ പോസ്റ്റിൽ പറയുന്നുണ്ട്.

വന്യമൃഗങ്ങൾക്കും മര്യാദ

മൂന്നാമത്തെ കാര്യം അല്പം വിചിത്രം ആയി തോന്നിയേക്കാം. കാരണം, ജപ്പാനിൽ വന്യമൃഗങ്ങൾ പോലും മറ്റുള്ളവരോട് മര്യാദയോട് കൂടി മാത്രമേ പെരുമാറുകയുള്ളൂവെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇതിനുദാഹരണമായി പറയുന്നത്, ജപ്പാനിലെ നാരയിലുള്ള മാനുകളെ കുറിച്ചാണ്. അവ മനുഷ്യർക്കരികിൽ എത്തുമ്പോൾ തല കുമ്പിട്ട് ആദരവ് പ്രകടിപ്പിക്കുമെന്ന് വീഡിയോയിൽ പറയുന്നത്. ഇത്തരം വീഡിയോകൾ മുമ്പ് സമൂഹ മാധ്യങ്ങളിൽ വൈറലായിരുന്നു. ഏഴ് ദിവസത്തിനുള്ളിൽ മൂന്നര ലക്ഷത്തിനടുക്ക് ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്.