ഇതാണെന്‍റെ ബോയ്ഫ്രണ്ട്, അമ്മയ്ക്ക് യുവാവിനൊപ്പമുള്ള ചിത്രം കാണിച്ചുകൊടുത്ത് മകള്‍. ഫോട്ടോ കണ്ടതോടെ ദേഷ്യം സഹിക്കാനാവാതെ പൊട്ടിത്തെറിച്ച് അമ്മ. മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടെന്ന് മകള്‍. വീഡിയോ കാണാം. 

പെട്ടെന്ന് ഒരു ദിവസം ഇതാണെന്റെ ബോയ്ഫ്രണ്ട് എന്നും പറഞ്ഞ് ഒരു യുവാവിനൊപ്പമുള്ള ചിത്രം അമ്മയ്ക്ക് കാണിച്ചുകൊടുത്താൽ എന്തായിരിക്കും അവസ്ഥ. ഇന്ത്യക്കാരി അമ്മയാണെങ്കിൽ ഉറപ്പായും ഫലം അത്ര നന്നാകാൻ തരമില്ല. അതുപോലെ ഒരു യുവതി തന്റെ അമ്മയ്ക്ക് ഒരു യുവാവിനൊപ്പമുള്ള ചിത്രം കാണിച്ചുകൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. എന്നാൽ, യുവതി കാണിച്ചുകൊടുക്കുന്നത് എഐ വച്ചുണ്ടാക്കിയ ഒരു ചിത്രമാണ് എന്നതാണ് രസം. ഇത് തന്റെ കാമുകനാണ് എന്നും പറഞ്ഞാണ് ചിത്രം കാണിച്ചുകൊടുക്കുന്നത്.

ലഖ്നൗവിൽ നിന്നുള്ള പവനി എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. വീ‍ഡിയോയിൽ പവനി അമ്മയ്ക്ക് ഒരു ഫോട്ടോ കാണിച്ചുകൊടുക്കുന്നത് കാണാം. ആ ഫോട്ടോയിൽ പവനിക്കൊപ്പം ഒരു യുവാവും ചേർന്ന് നിൽക്കുന്നുണ്ട്. എന്നാൽ, ഈ ഫോട്ടോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ ഉപയോ​ഗിച്ച് നിർമ്മിച്ചതാണ് എന്ന് അവളുടെ അമ്മയ്ക്ക് അറിയില്ല. അമ്മ അപ്പോൾ തന്നെ അവളോട് 'ഇത് ആരാണ്' എന്ന് ചോദിക്കുന്നുണ്ട്. അതെന്റെ ഫ്രണ്ട് ആണെന്നും രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ അമ്മയെ കാണാൻ വരുമെന്നുമാണ് പവനിയുടെ മറുപടി. അതോടെ അമ്മ ആകെ പരിഭ്രമിച്ചു തുടങ്ങി. പിന്നാലെ ദേഷ്യവും വന്നു.

View post on Instagram

അവൾക്ക് വിവാഹം കഴിക്കണമെങ്കിൽ ഇനിയും എട്ട് വർഷമെങ്കിലും കഴിയണം എന്നാണ് അമ്മ പറയുന്നത്. അപ്പോൾ പവനിയുടെ മറുപടി '10 വർഷം വേണമെങ്കിലും കാത്തിരിക്കാൻ അവൻ തയ്യാറാണ്' എന്നാണ്. അതുകൂടി കേട്ടതോടെ അമ്മ പൊട്ടിത്തെറിക്കുമെന്ന മട്ടായി. വീണ്ടും അവളോട് ഇതാരാണ് എന്ന് ചോദിക്കുന്നത് കേൾക്കാം. 'എന്റെ ജീവിതത്തിന്റെ പ്രണയമാണവൻ' എന്നെല്ലാം പവനി പറയുന്നുണ്ട്. 'താൻ മരണത്തെ തൊട്ട് തിരികെ വന്നു' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ അവൾ കുറിച്ചിരിക്കുന്നത്. രസകരമായ വീഡിയോയ്ക്ക് അനേകങ്ങൾ കമന്റ് നൽകിയിട്ടുണ്ട്. മൂന്ന് മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.