അർധരാത്രിയിൽ കസ്റ്റമർ താഴേക്ക് വരാൻ വിസമ്മതിച്ചു. പിന്നാലെ അയാള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം കഴിക്കുന്ന ഒരു സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. 

രാത്രി വൈകിയ സമയത്ത് കസ്റ്റമർ താഴേക്ക് വരാൻ വിസമ്മതിച്ചതിന് പിന്നാലെ ഓർഡർ ചെയ്ത ഭക്ഷണസാധനങ്ങൾ എടുത്തു കഴിക്കുന്ന ഒരു സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഡെലിവറി റൈഡറായ അങ്കുർ താക്കൂറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. താൻ കസ്റ്റമറോട് താഴേക്ക് വരാൻ അപേക്ഷിച്ചു. ഇതിന് പിന്നാലെ തർക്കമുണ്ടായി. പിന്നാലെ, കസ്റ്റമർ ബാൽക്കണിയിൽ നിന്നും ബഹളം വച്ചതായിട്ടാണ് യുവാവ് പറയുന്നത്. പണമടച്ചതിനാൽ തന്നെ തന്റെ വാതിൽക്കൽ ഫുഡ് എത്തിക്കണം എന്നാണ് കസ്റ്റമർ പറഞ്ഞത് എന്നും യുവാവ് പറയുന്നു.

പുലർച്ചെ 2.30 -നാണ് ഓർഡറുമായി പോയത്. ആ സമയത്ത് ബൈക്ക് താഴെ വച്ചിട്ട് പോയാൽ അത് ആരെങ്കിലും കൊണ്ടുപോകും എന്നതിനാൽ കസ്റ്റമറോട് താഴേക്ക് വരാൻ ആവശ്യപ്പെട്ടതാണ്. എന്നാൽ, അയാൾ അത് സമ്മതിച്ചില്ല. ഈ തണുപ്പത്ത് ഒരുപാട് ദൂരെ നിന്നും ഭക്ഷണവുമായി വരുമ്പോൾ കസ്റ്റമർമാർക്കും അല്പം വിട്ടുവീഴ്ചകളാവാം എന്നും അങ്കുർ പറയുന്നു.

View post on Instagram

അങ്കുർ എന്തൊക്കെ പറഞ്ഞിട്ടും കസ്റ്റമർ താഴേക്ക് ഇറങ്ങി വന്നില്ല. പിന്നാലെ, അയാൾ അങ്കുറിനോട് പറഞ്ഞത് ഒന്നുകിൽ ആ ഓർഡർ മുകളിൽ വാതിൽക്കലെത്തിക്ക്, അല്ലെങ്കിൽ അത് കാൻസൽ ചെയ്തോളൂ എന്നാണ്. അങ്ങനെ ആ ഓർഡർ താൻ കാൻസൽ ചെയ്തു, ആ ഭക്ഷണമാണ് താൻ കഴിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അങ്കുർ തന്റെ പോസ്റ്റിൽ പറയുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. മിക്കവരും യുവാവ് ചെയ്തത് നന്നായി എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, അതേസമയത്ത് തന്നെ ഡോർസ്റ്റെപ്പ് ഡെലിവറിക്ക് പണമടച്ചാൽ വീട്ടുവാതിൽക്കൽ തന്നെ ഓർഡർ എത്തിക്കണം, അതിന് സാധിക്കില്ലെങ്കിൽ ഈ ജോലിക്ക് നിൽക്കരുത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.