അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ കയറി വിചിത്രമായി പെരുമാറിയ 'ഒൺലിഫാൻസ്' മോഡലുകളെ കസ്റ്റഡിയിലെടുത്തു. പൊലീസ് കൊണ്ടുപോകുമ്പോഴും ഇവർ വിചിത്രമായി പെരുമാറുന്നത് കാണാം. യുവതി തന്നെയാണ് ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
വിമാനത്തിൽ പ്രശ്നമുണ്ടാക്കിയതിന് അമേരിക്കൻ എയർലൈൻസ് രണ്ട് 'ഒൺലിഫാൻസ്' മോഡലുകളെ പുറത്താക്കി. മിയാമി ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് ജനുവരി ഒമ്പതിനാണ് സംഭവം നടന്നത്. തങ്ങളുടെ സീറ്റ് അല്ലാഞ്ഞിട്ടും സാനിയ ബ്ലാഞ്ചാർഡ്, ജോർദാൻ ലാന്ററി എന്നീ യുവതികൾ ഫസ്റ്റ് ക്ലാസ് സീറ്റുകളിൽ ഇരിക്കുകയായിരുന്നു. ഇവരോട് ഇവിടെ നിന്നും എഴുന്നേൽക്കാനും മാറിയിരിക്കാനും ആവശ്യപ്പെട്ടുവെങ്കിലും അവരത് അനുസരിക്കാൻ തയ്യാറായില്ല. പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ, പൊലീസ് കൊണ്ടുപോകുമ്പോഴുള്ള ഇവരുടെ വിചിത്രമായ പെരുമാറ്റമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. ഇവർ തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്.
31 -കാരിയായ ലാൻട്രി ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയിൽ, സാനിയ 'ശരിയായ സീറ്റിൽ ഇരിക്കാത്തതിനാൽ എന്നെ പുറത്താക്കുകയാണ്' എന്ന് അലറുന്നത് കാണാം. നെഞ്ചിലും പാന്റിന്റെ പിൻഭാഗത്തും 'സൈക്കോ' എന്നെഴുതിയ ചുവന്ന ട്രാക്ക് സ്യൂട്ടാണ് അവൾ ധരിച്ചിരുന്നത്. അതുമാത്രമല്ല, കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർ അവളെ കൊണ്ടുപോകുമ്പോൾ വഴിയിൽ വച്ച് അവൾ 'സ്പ്ലിറ്റ്സ്' ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇത് ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കുകയും അവർ അവളെ നിലത്ത് നിന്നും വലിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 34 -കാരിയായ സാനിയ ഉദ്യോഗസ്ഥരോട്, 'ക്ഷമിക്കണം, എനിക്ക് കുറച്ച്, യോഗ ചെയ്യേണ്ടി വന്നു' എന്നെല്ലാം ആ സമയത്ത് പറയുന്നത് കേൾക്കാം. വിചിത്രമായ ഇവരുടെ പെരുമാറ്റം കണ്ട് എയർപോർട്ടിലുള്ളവർ നോക്കുന്നുമുണ്ട്.
അതേസമയം, അറസ്റ്റ് സത്യവാങ്മൂലത്തിൽ പറയുന്നത് പ്രകാരം, മോഡലുകളോട് ഫസ്റ്റ് ക്ലാസ് സീറ്റുകളിൽ നിന്നും എഴുന്നേറ്റ് സ്വന്തം സീറ്റിലിരിക്കാൻ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അവർ അത് അനുസരിക്കാൻ തയ്യാറായില്ല. മാത്രമല്ല, ഇവർ മദ്യപിച്ചിരുന്നതായും അമേരിക്കൻ എയർലൈൻസ് ഉദ്യോഗസ്ഥർ ആരോപിച്ചിരുന്നു. പിന്നാലെ ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മിയാമിയിലെ ടർണർ ഗിൽഫോർഡ് നൈറ്റ് കറക്ഷണൽ സെന്ററാണ് ഇവർക്കെതിരെ കേസെടുത്തത്. വീഡിയോ പിന്നീട് വൈറലായി മാറുകയും ചെയ്തു. അതിൽ പലതും ഇവർ തന്നെ ഷെയർ ചെയ്ത വീഡിയോയാണ് എന്നതാണ് രസകരം.
