ലണ്ടനിലെ 'ദി സ്പൈസ്' എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞ യുവാവിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തടയാൻ ശ്രമിച്ച ജീവനക്കാരനെ തള്ളിയിട്ടാണ് യുവാവ് പുറത്തേക്ക് ഓടിയത്. 

ലണ്ടനിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ 'ദി സ്പൈസ്' തങ്ങളുടെ റെസ്റ്റോറന്റിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കയാണ് ഇപ്പോൾ. റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ കടന്നുകളഞ്ഞ സംഘത്തെ കുറിച്ചും, അവരെ തടയാൻ ശ്രമിച്ച ജീവനക്കാരനെ അവർ ഉപദ്രവിച്ചതിനെ കുറിച്ചുമാണ് റെസ്റ്റോറന്റ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. സംഭവം ഇങ്ങനെയാണത്രെ, രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഒരാൾ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണം കഴിച്ച ശേഷം ബില്ല് നൽകാതെ ഇയാൾ പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചു. പുറത്തുനിന്ന് എന്തോ എടുക്കാനുണ്ടെന്നും പറഞ്ഞായിരുന്നു മുങ്ങാനുള്ള ശ്രമം. ഇത് കേട്ടപ്പോൾ ജീവനക്കാരനും കൂടെ വരാമെന്ന് പറഞ്ഞു. എന്നാൽ, കൂടെ വരാമെന്ന് പറഞ്ഞ ജീവനക്കാരനെ ഇയാൾ ശക്തിയായി തള്ളിവീഴ്ത്തി ഓടി രക്ഷപ്പെടുകയായിരുന്നു.

ഇടത്തരം ശരീരം, മുകൾഭാഗം ചെറുതാക്കി വെട്ടിയ കറുത്ത മുടി, താടിയും മീശയുമുണ്ട് എന്നിങ്ങനെയാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ റെസ്റ്റോറന്റ് പുറത്ത് വിടുന്നത്. ഇത് പോലെയുള്ള മറ്റ് ബിസിനസ്സുകാരും ജാഗ്രത പാലിക്കണമെന്നും റെസ്റ്റോറന്റ് അധികൃതർ പറയുന്നു. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഉപഭോക്താക്കളിൽ നിന്ന് മുൻകൂട്ടി പണം വാങ്ങുന്ന കാര്യം പരിഗണിക്കണമെന്നും അവർ നിർദ്ദേശിച്ചു.

View post on Instagram

'ഇത്തരക്കാരെ കണ്ടാൽ ജാഗ്രത പാലിക്കുക. സമാനമായ അനുഭവം ഉണ്ടാവുകയാണെങ്കിൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കുക' എന്നാണ് റെസ്റ്റോറന്റ് സോഷ്യൽ മീഡിയാ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. 'ഇതൊരു പതിവ് സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്' എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്നും പലരും ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.