കാനഡയിലെ ഒരു സർവ്വകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിനിടെ പഞ്ചാബി അമ്മയും മകളും തമ്മിലുള്ള അതിമനോഹരവും രസകരവുമായ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്ന സാക്ഷാത്കാര നിമിഷമാണ് അവരുടെ ബിരുദദാന ചടങ്ങ് എന്ന് പറയാം. അതുപോലെ, കാനഡയിൽ പഠനം പൂർത്തിയാക്കിയ ഗുർസെഹജ് കൗർ എന്ന ഇന്ത്യൻ പെൺകുട്ടിയുടെ ബിരുദദാന ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഗൗരവത്തോടെ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്റ്റേജിലേക്ക് കയറിയ കൗറിനെ കാണികൾക്കിടയിലിരുന്ന അമ്മ പ്രോത്സാഹിപ്പിച്ച രീതിയാണ് എല്ലാവരെയും ചിരിപ്പിച്ചത്.

കറുത്ത ഗൗണും തൊപ്പിയുമണിഞ്ഞ് കൗർ സ്റ്റേജിലൂടെ നടക്കുമ്പോൾ ഗാലറിയിലിരുന്ന അമ്മ 'ഡൂ ഇറ്റ് ബല്ലേ ബല്ലേ...' എന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. തൊട്ടുപിന്നാലെ അതിയായ സ്നേഹത്തോടെ 'ഐ ലവ് യൂ' എന്നും അമ്മ വിളിച്ചുപറയുന്നുണ്ടായിരുന്നു. അമ്മയുടെ ഈ അപ്രതീക്ഷിതവും നിഷ്കളങ്കവുമായ പഞ്ചാബി സ്റ്റൈൽ പ്രകടനം കേട്ട് ഹാളിലുണ്ടായിരുന്ന അധ്യാപകരും വിദ്യാർത്ഥികളും പൊട്ടിച്ചിരിക്കുകയും ആവേശത്തോടെ കൈയടിക്കുകയും ചെയ്തു.

താൻ കടന്നുവന്ന പ്രയാസകരമായ വഴികളെക്കുറിച്ചും കൗർ വീഡിയോയിൽ കുറിച്ചിട്ടുണ്ട്. '2020 -ൽ 18 -ാം വയസ്സിലാണ് ഞാൻ കാനഡയിലേക്ക് വന്നത്. ആ യാത്ര എളുപ്പമായിരുന്നോ? അല്ല. ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. പക്ഷേ ഓരോ പാഠവും ഓരോ കഷ്ടപ്പാടും എന്നെ രൂപപ്പെടുത്തി. ഇതെല്ലാം അതിന് അർഹമായിരുന്നു' എന്നാണ് കൗർ കുറിച്ചത്.

View post on Instagram

നിറഞ്ഞ മനസ്സോടെയാണ് സോഷ്യൽ മീഡിയ കൗറിന്റെ അമ്മയുടെ സന്തോഷവും സ്നേഹപ്രകടനങ്ങളും ഏറ്റെടുത്തത്. 'ജീവിതം വളരെ ചെറുതാണ്, ഇത്തരം നിമിഷങ്ങൾ ആസ്വദിക്കണം. ഇങ്ങനെയൊരു അമ്മയെ കിട്ടിയത് ഭാഗ്യമാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും ക്യൂട്ട് ആയ വീഡിയോ ഇതാണ്' എന്നായിരുന്നു മറ്റൊരു കമന്റ്. 'എന്റെ ബിരുദദാന ചടങ്ങിനും അമ്മ ഇതുപോലെ തന്നെയാണ് പ്രതികരിച്ചത്' എന്നായിരുന്നു മറ്റൊരു യൂസർ കമന്റ് നൽകിയത്.