ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടറായ ഡോ. അഫ്കർ സിദ്ദിഖി, തന്‍റെ പ്രതിശ്രുത വധുവിനൊപ്പം ഡ്യൂട്ടി റൂമിൽ നൃത്തം ചെയ്തതിന്‍റെ വീഡിയോ വൈറലായി. ഇതേത്തുടർന്ന് സർക്കാർ അദ്ദേഹത്തോട് വിശദീകരണം തേടി. 

സന്തോഷം ഒരു പകര്‍ച്ചവ്യാധി പോലെയാണ്. ഒരാൾക്ക് സന്തോഷമുണ്ടായാല്‍ അത് മറ്റുള്ളവരിലേക്കും പകരാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ആ സന്തോഷം അതിരു കടന്നാല്‍? അതെ അത്തരമൊരു അപകടം സംഭവിച്ചത് ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ ഡോ. ​​അഫ്കർ സിദ്ദിഖിയായിരുന്നു. സന്തോഷം തോന്നിയപ്പോൾ അദ്ദേഹം ആശുപത്രിയിലെ ഡ്യൂട്ടി റൂമില്‍ തന്‍റെ പ്രതിശ്രുത വധുവിനൊപ്പം പാട്ടുപാടി നൃത്തം വച്ചു. പിന്നാലെ ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ഡോക്ടറോട് സര്‍ക്കാര്‍ വിശദീകരണ കുറിപ്പ് തേടുകയും ചെയ്തു.

ആസ്വദിച്ച് നൃത്തം പക്ഷേ...

വലിയ വലുപ്പമൊന്നുമില്ലാത്ത നീല ചായം പൂശിയ ഒരു മുറിക്കുള്ളിലാണ് ബനിയവും പാന്‍റും ധരിച്ച് ഡോ, ഡോ. ​​അഫ്കർ സിദ്ദിഖിയും പ്രതിശ്രുത വധുവും നൃത്തം ചെയ്തതത്. ഇരുവരും ഏറെ സന്തോഷത്തിലായിരുന്നുവെന്ന് അവരുടെ പ്രകടനത്തില്‍ നിന്നും വ്യക്തം. ആ സന്തോഷം അവരുടെ ചുവടുകൾക്കും ഉണ്ടായിരുന്നു. രൺവീർ സിങ്ങിന്‍റെ ബാൻഡ് ബാജാ ബരാത്ത് എന്ന സിനിമയിലെ ജനപ്രിയ ബോളിവുഡ് ഗാനമായ ദം ദമിന് ഇരുവരും ചുവട് വയ്ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.

View post on Instagram

മറുപടി പറയാന്‍ സിഎംഒ, ന്യായീകരിച്ച് നെറ്റിസെന്‍സ്

ഡോക്ടർ തന്‍റെ പ്രതിശ്രുത വധുവുമായുള്ള വിവാഹനിശ്ചയത്തിന്‍റെ സന്തോഷത്തിലായിരുന്നുവെന്നും അപ്രതീക്ഷിതമായ നൃത്തമായിരുന്നു അതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, സംഭവം വൈറലായതിന് പിന്നാലെ ഔദ്യോഗിക നടപടിക്ക് കാരണമായി. ഡ്യൂട്ടി റൂമിനുള്ളിൽ എന്തിനാണ് നൃത്തം ചെയ്തതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഷംലിയിലെ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) ഡോ. സിദ്ദിഖിക്ക് നോട്ടീസ് നൽകി.

എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കൾ ഡോക്ടരുടെ പ്രവര്‍ത്തിയ ന്യായീകരിച്ചു. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്തെ അവ‍ർ അവരുടെ സന്തോഷം ആഘോഷിക്കുന്നു. അതിനെന്തിനാണ് അച്ചടക്ക നടപടിയെന്ന് നെറ്റിസെന്‍സ് ചോദിച്ചു. ഡോക്ടർമാരും മനുഷ്യരാണെന്നും അവർക്കും സന്തോഷങ്ങളുണ്ടാകുമെന്നും മറ്റ് ചിലരെഴുതി. സമ്മർദ്ദങ്ങളില്ലാതാകുമ്പോഴേ ഒരു ഡോക്ടർക്ക് രോഗികൾക്ക് നല്ല ചികിത്സ നല്‍കാന്‍ കഴിയൂവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.