ഇന്ത്യയിൽ ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മെയ്‌കെ ഹിജ്‌മാൻ എന്ന ഡച്ച് യുവതി പങ്കുവച്ച അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മെയ്കെയുടെ വാഹനം പഞ്ചറായപ്പോള്‍ സഹായിക്കാനെത്തിയ അപരിചിതരെ കുറിച്ചാണ് യുവതി പറയുന്നത്. 

ഇന്ത്യ സന്ദർശിക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് യാത്രികരാണ് ഓരോ വർഷവും വരുന്നത്. അവർ പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെ പലർക്കും ഇന്ന് ഇന്ത്യ പരിചിതരാജ്യമായി മാറിയിരിക്കുന്നു. നമ്മുടെ രാജ്യത്ത് നിന്നുള്ള അനുഭവം പലരും ഷെയർ ചെയ്ത് കാണാറുമുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഒറ്റയ്ക്ക് ബൈക്കിൽ ഇന്ത്യ ചുറ്റാനിറങ്ങിയ നെതർലൻഡ്‌സ് സ്വദേശിനിയായ ഡച്ച് യുവതി മെയ്‌കെ ഹിജ്‌മാനാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യാത്രയ്ക്കിടയിൽ ദേശീയപാതയിൽ വെച്ച് ബൈക്കിന്റെ ടയർ പഞ്ചറായ മെയ്‌കെയെ സഹായിക്കാൻ എത്തിയ മൂന്ന് അപരിചിതരെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.

ഇന്ത്യയിലൂടെ സോളോ ട്രിപ്പ് നടത്തുന്ന മെയ്‌കെയുടെ ബൈക്ക് ഹൈവേയിൽ വെച്ചാണ് പെട്ടെന്ന് പഞ്ചറായത്. ടയർ നന്നാക്കാനുള്ള ഉപകരണങ്ങളൊന്നും മെയ്കെയുടെ കയ്യിൽ ഇല്ലായിരുന്നു, മാത്രമല്ല എങ്ങനെ നന്നാക്കണമെന്നും അവൾക്ക് അറിയില്ലായിരുന്നു. ആ സമയത്ത് മെയ്കെയെ സഹായിക്കാനായി നാട്ടുകാരായ മൂന്ന് യുവാക്കൾ എത്തുകയായിരുന്നു. അവർ തന്നെ സഹായിക്കുമെന്നും ഒരു മെക്കാനിക്കിന്റെ അടുത്ത് എത്തിക്കുമെന്നും മെയ്കെ പറയുന്നത് കാണാം. 'അവർ ഹൈവേയിൽ തനിക്ക് വേണ്ടി വണ്ടി നിർത്തി, അവരെ പിന്തുടരാൻ പറഞ്ഞു' എന്നും മെയ്‌കെ പറയുന്നു.

View post on Instagram

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഇതിനോടകം 4.23 ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. നിരവധിപ്പേർ വീഡിയോയ്ക്ക് താഴെ കമന്റുകളും ഇടുന്നുണ്ട്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ചും സഹായമനസ്കതയെ കുറിച്ചുമാണ് പലരും കമന്റുകൾ നൽകുന്നത്. 'ഇന്ത്യയിൽ നിന്നും സ്നേഹം! നിങ്ങൾക്ക് സുരക്ഷിതവും സന്തോഷകരവുമായ ഒരു യാത്ര ആശംസിക്കുന്നു' എന്നാണ് ഒരാൾ കുറിച്ചത്. 'ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും മാന്യരും നല്ലവരുമാണ്. മോശം വാർത്തകൾക്കിടയിൽ ഇത്തരമൊരു കാഴ്ച കാണുന്നതിൽ സന്തോഷം' എന്നായിരുന്നു മറ്റൊരു കമന്റ്.