പഞ്ചാബിലെ ബർണാല റെയിൽവേ സ്റ്റേഷനിൽ നിന്നും പകര്‍ത്തിയ അതിമനോഹരദൃശ്യം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ക്ഷീണിതരായ യാത്രക്കാർക്ക് ഒരു വൃദ്ധൻ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന കാഴ്ചയാണ് വീഡിയോയില്‍ ഉള്ളത്.
നിങ്ങളുടെ ഒരു ദിവസം മനോഹരമാക്കാൻ ചിലപ്പോൾ അതിലേറെ മനോഹരമായ ഒരു കാഴ്ച കണ്ടാൽ മതി അല്ലേ? അതുപോലെ ആരുടെയും ഹൃദയത്തെ സ്പർശിക്കുന്ന തരത്തിലുള്ള ഒരു മനോഹരദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു മനുഷ്യൻ റെയിൽവേ സ്റ്റേഷനിൽ ആളുകൾക്ക് സൗജന്യഭക്ഷണം നൽകുന്ന കാഴ്ചയാണ്. പഞ്ചാബിലെ ബർണാല റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഈ ദൃശ്യം പകർത്തിയിരിക്കുന്നത്. യാത്രക്കാർക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന ഈ വൃദ്ധന്റെ വീഡിയോ വൈറലായി മാറിയതോടെ അദ്ദേഹത്തിന് സ്നേഹവും നന്ദിയുമറിയിച്ചുകൊണ്ട് കമന്റുകൾ നിറയുകയാണ്.
എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ആ മനുഷ്യൻ ഒരു പ്ലാറ്റ്ഫോമിലൂടെ നടന്ന് ആളുകൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത്. ജിമ്മി എന്ന യൂസറാണ് വീഡിയോ X -ൽ ഷെയർ ചെയ്തിരിക്കുന്നത്. ട്രെയിൻ കാത്ത് ക്ഷീണിതരായിരിക്കുന്ന യാത്രക്കാർക്ക് ആ മനുഷ്യൻ ഭക്ഷണം വിളമ്പുകയായിരുന്നു എന്നാണ് ജിമ്മി പറയുന്നത്. വീഡിയോയിൽ, നീല തലപ്പാവ് ധരിച്ച് ഭക്ഷണത്തിന്റെ ഒരു ട്രേയുമായി നിൽക്കുന്ന വൃദ്ധനായ ഒരാളെ കാണാം. നിറഞ്ഞ ദയയോടെയും സ്നേഹത്തോടെയും അദ്ദേഹം യാത്രക്കാർക്ക് ഭക്ഷണം വിളമ്പുകയാണ്.
മനുഷ്യത്വത്തിലൂന്നിയുള്ള നിസ്വാർത്ഥമായ സേവനത്തെ പ്രതിഫലിപ്പിക്കുന്ന സിഖ് മതത്തിലെ 'സേവ'യാണ് ആ നല്ല മനുഷ്യന്റെ പ്രവൃത്തിയെന്നും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. ആളുകളെ കാണിക്കാനോ അംഗീകാരത്തിനോ വേണ്ടിയല്ല അദ്ദേഹം അത് ചെയ്യുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. ആളുകളോടുള്ള അദ്ദേഹത്തിന്റെ ദയയേയും അനുകമ്പയേയും കുറിച്ചാണ് ആളുകൾ കമന്റിൽ പരാമർശിച്ചിരിക്കുന്നത്. 'ഈ മനുഷ്യനിൽ നിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്', 'ഈ ലോകത്ത് ഇപ്പോഴും മനുഷ്യത്വമുണ്ട്' തുടങ്ങിയ കമന്റുകളും ആളുകൾ നൽകിയിട്ടുണ്ട്.


