മുത്തശ്ശിക്ക് വാട്സാപ്പ് വീഡിയോ കോൾ ചെയ്യാൻ ക്ഷമയോടെ പഠിപ്പിക്കുന്ന കൊച്ചുമകളുടെ വീഡിയോ വൈറലാകുന്നു. വിറയ്ക്കുന്ന കരങ്ങളോടെ, ക്ഷമയോടെ അത് പഠിച്ചെടുക്കാന്‍ ശ്രമിക്കുന്ന മുത്തശ്ശിയും പഠിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയും ആളുകളുടെ ഹൃദയം കവര്‍ന്നു.
സാങ്കേതികവിദ്യയുടെ ലോകത്ത് പ്രായമായവർ പലപ്പോഴും ഒറ്റപ്പെട്ടു പോകാറുണ്ട്. എന്നാൽ സ്നേഹവും ക്ഷമയുമുണ്ടെങ്കിൽ ആർക്കും എന്തും പഠിച്ചെടുക്കാമെന്ന് തെളിയിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കൊച്ചു വീഡിയോ. തന്റെ മുത്തശ്ശിക്ക് സ്മാർട്ട്ഫോണിലൂടെ എങ്ങനെ വീഡിയോ കോൾ ചെയ്യാമെന്ന് ക്ഷമയോടെ പഠിപ്പിച്ചു കൊടുക്കുന്ന കൊച്ചുമകളുടെ വീഡിയോ ആണ് ഇപ്പോൾ ആളുകളുടെ മനം കവരുന്നത്.
ഇൻസ്റ്റാഗ്രാമിലെ Chatori Amma എന്ന അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഓജസ്വി ചതുർവേദി എന്ന പെൺകുട്ടിയാണ് തന്റെ മുത്തശ്ശിയെ വാട്സാപ്പ് വഴി വീഡിയോ കോൾ ചെയ്യാൻ പഠിപ്പിക്കുന്നത്. പ്രായത്തിന്റെ അവശതകളാൽ വിറയ്ക്കുന്ന കൈകളോടെ, വളരെ ശ്രദ്ധയോടെ മുത്തശ്ശി കൊച്ചുമകളുടെ നിർദ്ദേശങ്ങൾ പാലിക്കുന്നത് വീഡിയോയിൽ കാണാം. സ്ക്രീനിൽ എവിടെ അമർത്തണം, എങ്ങനെ സംസാരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഓരോന്നായി ഓജസ്വി വിവരിച്ചു കൊടുക്കുന്നുണ്ട്. 'പഠനത്തിന് പ്രായമില്ല, അവർ വീഡിയോ കോൾ ചെയ്യാൻ പഠിക്കുകയാണ്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 15 ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
കൊച്ചുമകളുടെ ക്ഷമയെയും മുത്തശ്ശിയുടെ പഠിക്കാനുള്ള താൽപ്പര്യത്തെയും പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക്ണ് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. 'ഇതാണ് ഇന്റർനെറ്റിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച', 'മുത്തശ്ശിയുടെ കണ്ണുകളിലെ ആവേശം കാണുമ്പോൾ സന്തോഷം തോന്നുന്നു', 'എന്റെ നാനി ഇപ്പോൾ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുമുണ്ട്. ആരെ എപ്പോൾ വിളിക്കണമെങ്കിലും നാനിക്ക് അറിയാം. തുടക്കത്തിൽ പഠിക്കാൻ കുറച്ച് സമയമെടുത്തു, പക്ഷേ ഇപ്പോൾ നാനി ഇതിലൊരു കടുത്ത 'പ്രോ' ആണ്!' എന്നിങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. ഡിജിറ്റൽ യുഗത്തിൽ മുതിർന്നവരെ കൂടി ചേർത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങൾ.


