ബെംഗളൂരുവിൽ കനത്ത മഴയിൽ ഇന്ദിരാനഗറിലെ വൈദ്യുത കമ്പികൾ പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തുറന്നുകിടക്കുന്ന വൈദ്യുത കമ്പികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് നിരവധി പേരാണ് കമന്‍റുകള്‍ നല്‍കുന്നത്. 

ബെം​ഗളൂരുവിൽ വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ റോഡിലടക്കം വെള്ളം കയറിയതിന്റെയും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിന്റെയും ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ന​ഗരങ്ങളിൽ പലയിടങ്ങളിലും ​ഗതാ​ഗതക്കുരുക്കുകളുണ്ടായി. മജസ്റ്റിക്, എം.ജി റോഡ്, ഗാന്ധിനഗർ, റിച്ചാർഡ്സൺ സർക്കിൾ, ഉൾസൂർ, ഇന്ദിരാനഗർ, ഓൾഡ് എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. എന്നാൽ, ഇന്ദിരാനഗറിൽ വൈദ്യുത കമ്പികൾ പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോയാണ് എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

'മീഡിയൽ' സ്ഥാപകനായ നികേത് രാജ് ദ്വിവേദിയാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. ഇന്ദിരാനഗറിലെ ഒരു ഇലക്ട്രിക് പോസ്റ്റിൽ നിന്ന് തുടർച്ചയായി തീപ്പൊരികൾ ഉയരുന്നതും പിന്നീട് കമ്പികൾ പൊട്ടിത്തെറിക്കുന്നതുമാണ് വീഡിയോയിലുള്ളത്. 'ഇന്ദിരാനഗറിൽ കനത്ത മഴ, ഒപ്പം ഇലക്ട്രിക് കമ്പികളും പൊട്ടിത്തെറിക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ തുറന്നുകിടക്കുന്ന വൈദ്യുത കമ്പികളെക്കുറിച്ച് ആശങ്ക ഉന്നയിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. 'ഇത് വളരെ അപകടകരമാണ്. എല്ലാവരും പോസ്റ്റിലെ വയറിംഗ് പരിശോധിക്കണം. ഇൻസുലേഷൻ ട്യൂബിന് പകരം ടേപ്പ് ഉപയോഗിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ടേപ്പുകൾ പെട്ടെന്ന് ഉണങ്ങിപ്പോവുകയും കമ്പികൾ പുറത്തുവരികയും ചെയ്യും' എന്നാണ് ഒരാൾ കുറിച്ചത്.

തുറന്നുകിടക്കുന്ന കമ്പികൾ ആയതുകൊണ്ടാകാം ഷോർട്ട് സർക്യൂട്ട് ഉണ്ടായതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'അതെ, പൊട്ടിത്തെറിക്കുന്നതിന് തൊട്ടുമുമ്പ് അത് ചുവന്നുതുടുത്തിരുന്നു' എന്നായിരുന്നു ഈ കമന്റിന് നികേതിന്റെ മറുപടി.

Scroll to load tweet…

അതേസമയം, അടുത്ത ദിവസങ്ങളിൽ ബെംഗളൂരുവിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.