രാത്രി പട്രോളിങ്ങിനിടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാൻ ഉഗ്രവിഷമുള്ള ബാൻഡഡ് ക്രെയ്റ്റ് പാമ്പിനെ കണ്ടു. ടോർച്ച് വെളിച്ചത്തിൽ പാമ്പിന്റെ കറുപ്പും മഞ്ഞയും വരകൾ വ്യക്തമാക്കുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചതോടെ ഇത് വൈറലായി.  

രാത്രി പട്രോളിങ്ങിനിടെ കണ്ട ഉഗ്രവിഷമുള്ള പാമ്പിന്‍റെ വീഡിയോ പങ്കുവച്ച് ഐഎസ്എഫ് ഉദ്യോഗസ്ഥൻ. സമൂഹ മാധ്യമങ്ങളിൽ, പ്രത്യേകിച്ചും എക്സിൽ സജീവമായ ഐഎഫ്എസ് ഓഫീസർ പർവീൺ കസ്വാനാണ് ഇരുട്ടിൽ ഒഴുകുന്ന വെള്ളത്തിലൂടെ ഒരു ബാൻഡഡ് ക്രെയ്റ്റ് (Banded Krait) അതിവേഗം മുന്നോട്ട് നീങ്ങുന്ന വീഡിയോ പങ്കുവച്ചത്. ടോർച്ചിന്‍റെ വെളിച്ചത്തിൽ അതിന്‍റെ കറുപ്പും മഞ്ഞയും വരകൾ വളരെ വ്യക്തമായി കാണാം. വീഡിയോ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകർഷിച്ചു. പ്രത്യേകിച്ചും പാമ്പിന്‍റെ കറുപ്പും മഞ്ഞയും നിറം.

കറുപ്പും മഞ്ഞയും വളയങ്ങൾ

'ആ മനോഹരമായ വരകൾ. ഇന്ത്യയിൽ കാണപ്പെടുന്ന വളരെ വിഷമുള്ള പാമ്പാണ് ബാൻഡഡ് ക്രെയ്റ്റ്. രാത്രി പട്രോളിംഗിനിടെ യാദൃശ്ചികമായി ഇതിനെ കണ്ടെത്തി. പ്രകൃതി എങ്ങനെയാണ് അവയ്ക്ക് ഇത്ര വ്യത്യസ്തമായ വരകൾ നൽകിയത് !!' വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവാൺ കസ്വാൻ ചോദിച്ചു. അടിക്കുറിപ്പും വീഡിയോയും വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ആകർഷിച്ചു. വീഡീയോ ഒറ്റ ദിവസത്തിനുള്ളിൽ മൂന്നേകാൽ ലക്ഷത്തിന് മുകളിൽ ആളുകളാണ് കണ്ടത്. ഇന്ത്യയിലെ ഏറ്റവും വിഷമുള്ള പാമ്പുകളിൽ ഒന്നാണ് ബാൻഡഡ് ക്രെയ്റ്റ്, ഇവ സാധാരണയായി രാത്രിയിൽ മാത്രമാണ് ഇരപിടിക്കാൻ ഇറങ്ങാറ്. എങ്കിലും അപൂർവമായി മാത്രമാണ് ബാൻഡഡ് ക്രെയ്റ്റുകളെ കണ്ടതായി രേഖപ്പെടുത്തിയിട്ടൊള്ളൂ. പാമ്പിന്‍റെ പ്രത്യേക പാറ്റേണും നിറവും സമൂഹ മാധ്യമ ഉപയോക്താക്കളിൽ പലരെയും അമ്പരപ്പിച്ചു.

Scroll to load tweet…

പ്രകൃതിയുടെ വികൃതി

അത് മനോഹരമാണെന്ന് നിങ്ങൾക്ക് ഉറപ്പാണോയെന്ന് ഒരു കാഴ്ചക്കാരൻ സംശയം കൊണ്ടു. ഒരു വൈകുന്നേരത്തെ നടത്തത്തിനിടയിൽ കുറച്ച് അടി അകലെ താൻ ഒരു പാമ്പിനെ കണ്ട് ഭയന്നെന്നും മരിച്ച് പോയോലോയെന്ന് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ,സമയം മറ്റൊരാൾ എഴുതിയത് നമ്മുടെ റോഡുകളിലെ ഡിവൈഡറുകളിൽ പോലും ഇത്രയും മനോഹരമായ ബാൻഡുകളില്ലെന്നായിരുന്നു. പിന്നാലെ പാമ്പിന്‍റെ നിറത്തെ കുറിച്ച് നിരവധി പേരെഴുതി. അതിന്‍റെ കൊടും വിഷം കാരണം പാമ്പിൽ നിന്നും മറ്റ് ജീവികൾ അകന്ന് നിൽക്കാൻ പ്രകൃതി തന്നെ അറിഞ്ഞ് കൊടുത്ത നിറമാണെന്നായിരുന്നു ഒരു കുറിപ്പ്. എല്ലാം പ്രകൃതിയുടെ ഓരോ വികൃതികളാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്.

ബാൻഡഡ് ക്രെയ്റ്റ്

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയുടെയും ചില ഭാഗങ്ങളിൽ കാണപ്പെടുന്ന വലുതും ശ്രദ്ധേയവുമായ പാറ്റേണുകളുള്ളതുമായ ഒരു വിഷപ്പാമ്പാണ് ബാൻഡഡ് ക്രെയ്റ്റ്. വീഡിയോയ്ക്ക് താഴെ അദ്ദേഹം പാമ്പിനെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു ചെറു കുറിപ്പെഴുതി. കറുപ്പും മഞ്ഞയും നിറത്തിലുള്ള വിശാലമായ വളയങ്ങളും ത്രികോണാകൃതിയിലുള്ള ശരീര ആകൃതിയും കൊണ്ട് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നു. മിക്കവാറും രാത്രി സഞ്ചാരി. ലജ്ജാശീല. സാധ്യമാകുമ്പോഴെല്ലാം മനുഷ്യ സമ്പർക്കം ഒഴിവാക്കുന്നു. പകൽ സമയത്ത്, ഇത് സാധാരണയായി മാളങ്ങളിലോ, ഇലകൾക്കിടയിലോ, ജലാശയങ്ങൾക്കടുത്തോ ഒളിഞ്ഞിരിക്കും.

ബാൻഡഡ് ക്രെയ്റ്റിന് ശക്തമായ ന്യൂറോടോക്സിക് വിഷം ഉണ്ടെങ്കിലും, ഇത് സാധാരണയായി ആക്രമണാത്മകമല്ല, കടികൾ അപൂർവം. സാധാരണയായി പാമ്പിനെ കൈകാര്യം ചെയ്യുമ്പോഴോ പ്രകോപിപ്പിക്കുമ്പോഴോ മാത്രമേ അക്രമിക്കൂ. മറ്റ് പാമ്പുകളെയും, പല്ലികളെയും, ചെറിയ ജീവികളെയും ഭക്ഷിക്കും. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇവ സാധാരണയായി ശാന്തമായി പെരുമാറുന്നവയാണ് എന്നത് ഈ പാമ്പുമായുള്ള അപകടം ഒഴിവാക്കാൻ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.