സമൂഹ മാധ്യമങ്ങളിൽ വൈറലായ, വരൻ മരിച്ച വധുവിനെ വിവാഹം കഴിക്കുന്നു എന്ന വീഡിയോയുടെ സത്യാവസ്ഥ മറ്റൊന്നാണ്. യഥാർത്ഥത്തിൽ, ജന്മനാ അന്ധരായ ദമ്പതികളുടെ വിവാഹ വീഡിയോയാണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിച്ചത്. കാഴ്ച പരിമിതി മൂലം ഇരുവരും കണ്ണടച്ചിരുന്നത് തെറ്റിദ്ധാരണയ്ക്ക് കാരണമാവുകയായിരുന്നു.

മൂഹ മാധ്യമങ്ങളുടെ കാലത്ത് സത്യമെന്തെന്ന് അറിയണമെങ്കിൽ അല്പം ബുദ്ധിമുട്ടാണ്. ഒറ്റനോട്ടത്തിൽ യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വ്യാജ വിവരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്. യാഥാർത്യം മറ്റൊന്നാണ് തിരിച്ചറിയുമ്പോഴേക്കും സംഗതി എല്ലാം കഴിഞ്ഞിരിക്കും. അത്തരമൊരു വീഡിയോയെ കുറിച്ചാണ്. ഒരു വിവാഹ വേദിയിൽ ഇരിക്കുന്ന വരനും വധുവും ഇരുവരും കണ്ണുകൾ ഏതാണ്ട് അടച്ച നിലയിലാണ്. വീഡിയോ പങ്കുവച്ച് കൊണ്ട് മിക്കവരും കുറിച്ചത് വിവാഹത്തിന് തൊട്ട് മുമ്പ് മരിച്ച വധുവിനെ അവളുടെ ആഗ്രഹ പ്രകാരം വിവാഹം കഴിക്കുന്ന വരൻ എന്ന തരത്തിലായിരുന്നു. എന്നാൽ യാഥാർത്ഥ്യം മറ്റൊന്ന്.

View post on Instagram

വധുവിന്‍റെ മൃതദേഹത്തെ വിവാഹം ചെയ്ത് വരൻ

ഇന്‍സ്റ്റാഗ്രാം, എക്സ്, യൂട്യൂബ് തുടങ്ങിയ നിരവധി പ്ലാറ്റ്ഫോമുകളിൽ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്, വിവാഹത്തിന് തൊട്ട് മുമ്പ് മരിച്ച് പോയ വധുവിനെ, അവളുടെ അവസാനത്തെ ആഗ്രഹ പ്രകാരം, മൃതദേഹത്തെ വിവാഹം കഴിക്കുന്ന വരൻ എന്ന അടിക്കുറിപ്പോടെയായിരുന്നു. നിറം പിടിപ്പിച്ച വാക്കുകളിലൂടെ അതിവൈകാരികമായിട്ടായിരുന്നു മിക്ക കുറിപ്പുകളും. സംസ്കാരത്തിനായി ഗംഗാ നദിയിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് അവർ ഒരു പരമ്പരാഗത വിവാഹ ചടങ്ങ് നടത്തി. മരിച്ച വധുവിനെ കുളിപ്പിച്ച് വിവാഹം വസ്ത്രം ധരിപ്പിച്ച് വരൻ സിന്ദൂരം ചാർത്തി എന്ന് തുടങ്ങിയ വൈകാരികമായ എഴുത്തുകളും ചില വീഡിയോകൾക്കൊപ്പമുണ്ടായിരുന്നു. ഇതാണ് യഥാർത്ഥ പ്രണയമെന്നായിരുന്നു ചില വീഡിയോയ്ക്ക് താഴെ. എന്നാൽ. വീഡിയോയുടെ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു.

യാഥാർത്ഥ്യം മറ്റൊന്ന്

Scroll to load tweet…

ജന്മനാ അന്ധരാണ് വരനും വധുവും. ഇരുവർക്കും വളരെ പരിമിതമായ കാഴ്ച മാത്രമേയുള്ളൂ. അതിനാൽ തന്നെ വിവാഹ വേദിയിൽ ഇരിക്കുമ്പോൾ ഇരുവരും കണ്ണുകൾ അടച്ചോ പാതി തുറന്നോ ആണ് ഇരുന്നിരുന്നത്. മാത്രമല്ല, കാഴ്ചയില്ലാത്തതിനാൽ ചുറ്റം എന്ത് നടക്കുന്നുവെന്ന് അവർക്ക് വ്യക്തമായിരുന്നില്ല. ഇതിനാൽ വിവാഹ വേദിയിലെ പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിൽ അവർ അനങ്ങാതെ ഇരുന്നു. ബന്ധുക്കളായ സ്ത്രീകൾ തലയിൽ പൂക്കളിട്ട് അനുഗ്രഹിച്ചപ്പോഴും ഇരുവരും അനങ്ങിയില്ല. ഇതോടെ വധു മരിച്ചെന്നും വരൻ മൃതദേഹത്തെ വിവാഹം കഴിച്ചെന്നും കുറിച്ച് കൊണ്ട് വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു. സൃഷ്ടി വിശ്വകർമ്മ എന്ന മാധ്യമ പ്രവർത്തകയാണ് വീഡിയോയുടെ യാഥാർത്ഥ്യം വ്യക്തമാക്കി എക്സിൽ കുറിപ്പെഴുതിയത്. അതേസമയം എവിടെ എപ്പോൾ നടന്ന വിവാഹമാണെന്ന് സൃഷ്ടിയുടെ കുറിപ്പിലും വ്യക്തമാക്കുന്നില്ല.