വിമാനത്തിൽ ഒരു ക്യാപ്റ്റൻ നടത്തിയ ഹൃദയസ്പർശിയായ അനൗൺസ്മെന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുൻ നാവികസേനാ മേധാവിയായ തന്റെ പിതാവും അദ്ദേഹത്തിന്റെ പഴയ സഹപ്രവർത്തകനും അതേ വിമാനത്തിൽ യാത്രക്കാരായുണ്ടെന്ന് ക്യാപ്റ്റൻ വെളിപ്പെടുത്തുകയാണ്.

വിമാനത്തിൽ വച്ച് ഒരു ക്യാപ്റ്റൻ നടത്തിയ അതിവൈകാരികവും ഹൃദയസ്പർശിയുമായ അനൗൺസ്മെന്റിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ​ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്നത്. എക്‌സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോയിൽ, ഫ്ലൈറ്റിന്റെ ക്യാപ്റ്റൻ യാത്രക്കാരുമായി സംസാരിക്കുന്നത് കാണാം. രൺവീർ എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. എന്തിനാണ് ഈ അനൗൺസ്മെന്റ് എന്നും അദ്ദേഹം അവരോട് വിശദീകരിക്കുന്നുണ്ട്. 39 വർഷങ്ങൾക്ക് മുമ്പ് ഇതേ ദബോലിം വിമാനത്താവളത്തിൽ നിന്നാണ് താൻ തന്റെ ഈ ജീവിതം ആരംഭിച്ചതെന്നും അദ്ദേഹം പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തന്റെ പിതാവും മുൻ നേവല്‍ സ്റ്റാഫ് ചീഫുമായിരുന്ന അഡ്മിറൽ വി.എസ്. ഷെഖാവത്തും ഇപ്പോൾ ഈ വിമാനത്തിലുണ്ട് എന്ന് ക്യാപ്റ്റൻ വിശദീകരിക്കുന്നു. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന വൈസ് അഡ്മിറൽ ഐ.സി. റാവുവും അതേ വിമാനത്തിലുണ്ടായിരുന്നു. താൻ തന്റെ ഈ ജീവിതം ആരംഭിച്ചപ്പോൾ, തന്റെ പിതാവ് ഒരു സ്ക്വാഡ്രൺ കമാൻഡറായിരുന്നുവെന്നും പിന്നീട് നാവികസേനാ മേധാവിയായെന്നും ക്യാപ്റ്റൻ പറയുന്നതും കേൾക്കാം.

Scroll to load tweet…

ഒരിക്കലും നേരത്തെ പ്ലാൻ ചെയ്തിരുന്നതായിരുന്നില്ല അവിടെ നടന്ന ഈ അനൗൺസ്മെന്റ് അടക്കമുള്ള കാര്യങ്ങൾ. യാത്രയ്ക്ക് തലേദിവസം മുമ്പ് മാത്രമാണ് അച്ഛനും പഴയ സഹപ്രവർത്തകനും ഇതേ വിമാനത്തിൽ യാത്ര ചെയ്യുന്നുണ്ട് എന്ന് അദ്ദേഹം അറിഞ്ഞത്. അനൗൺസ്മെന്റിന്റെ അവസാനം, അഡ്മിറൽ ഷെഖാവത്ത് തന്റെ പിതാവാണെന്നും താൻ തന്നെയാണ് വിമാനത്തിന്റെ ക്യാപ്റ്റനെന്നും യാത്രക്കാരെ അറിയിക്കുന്നതും കേൾക്കാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും ലൈക്ക് ചെയ്തിരിക്കുന്നതും. വളരെ മനോഹരമായ മുഹൂർത്തമാണ് ഇതെന്ന് ഒരുപാട് പേർ കമന്റ് നൽകിയിട്ടുണ്ട്.