കനത്ത മഴയുള്ള രാത്രിയിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്ത യുവതിയെ ടിടിഇ ട്രെയിനിൽ നിന്ന് ഇറക്കിവിട്ടു. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ, ടിടിഇയുടെ നടപടി നിയമപരമാണോ അതോ മനുഷ്യത്വരഹിതമാണോ എന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നു.
കനത്ത മഴയുള്ള ഒരു രാത്രിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്ത യുവതിയെ ട്രെയിനിൽ നിന്നും ഇറക്കിവിട്ട ടിടിഇയുടെ നടപടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിവെച്ചു. ട്രെയിൻ യാത്രയ്ക്കിടയിൽ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യം എക്സിൽ പങ്കുവെക്കപ്പെട്ടതോടെ സംഭവം പുറംലോകമറിഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ ജോലിയെയും മാനുഷികതയെയും ചൊല്ലി സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് തട്ടിലായി. രാത്രി സമയത്ത് കനത്ത മഴ പെയ്യുമ്പോൾ ഒരു യുവതിയെ റെയിൽവേ സ്റ്റേഷനിൽ ഇറക്കിവിടുന്നത് ക്രൂരതയാണെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ, ട.ടിഇ തന്‍റെ ജോലി കൃത്യമായി ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം.
ജനറൽ ടിക്കറ്റിൽ സ്ലീപ്പർ കോച്ചിൽ
വൈറലായ വീഡിയോയിൽ, ജനറൽ ടിക്കറ്റ് മാത്രം കൈവശമുള്ള ഒരു യുവതി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. ടിക്കറ്റ് പരിശോധനയ്ക്കായിയെത്തിയ ടിടിഇ ഇവരോട് ഒന്നെങ്കിൽ പിഴയടക്കണമെന്നും അതല്ലെങ്കിൽ ജനറൽ കോച്ചിലേക്ക് മാറാനും ആവശ്യപ്പെട്ടു. എന്നാൽ യുവതി ഇതിന് തയ്യാറാകാതെ വന്നതോടെയാണ് ട്രെയിൽ അടുത്ത സ്റ്റേഷനിൽ എത്തിയപ്പോൾ ടിടിഇ യുവതിയോട് ട്രെയിനിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. ഈ സമയത്ത് ട്രെയിനിന് പുറത്ത് കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. രാത്രി സമയത്ത് ജനറൽ ടിക്കറ്റുമായി റിസർവ്ഡ് കോച്ചിൽ യാത്ര ചെയ്തത് നിയമവിരുദ്ധമാണെന്ന് ടിടിഇ വ്യക്തമാക്കി. ടിടിഇ യുവതിയോട് റെയിൽവേ സ്റ്റേഷനിലെ വെയിറ്റിംഗ് റൂമിൽ ഇരിക്കാൻ നിർദ്ദേശിക്കുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ, ഈ നടപടി റെയിൽവേ ജീവനക്കാരന്‍റെ ക്രൂരതയാണെന്ന തരത്തിലാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചയാൾ കുറിച്ചത്. "കനത്ത മഴയുള്ള ഈ രാത്രിയിൽ ഒരു പെൺകുട്ടിയെ ട്രെയിനിൽ നിന്ന് ഇറക്കിവിടുന്നത് ശരിയാണോ?" എന്ന ചോദ്യത്തോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടത്.
എല്ലാം നിയമപരമായാണോ ഇവിടെ നടക്കുന്നത്?
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നത്. വീഡിയോയ്ക്ക് താഴെ നിരവധി പേർ ടിടിഇയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി. അദ്ദേഹം റെയിൽവേ നിയമങ്ങൾ അനുസരിച്ച് തന്‍റെ ജോലി മാത്രമാണ് ചെയ്തത്. ടിക്കറ്റില്ലാതെ റിസർവ്ഡ് കോച്ചിൽ യാത്ര ചെയ്യുന്നത് കുറ്റകരമാണ്. മഴ പെയ്യുന്നു എന്നത് നിയമം ലംഘിക്കാനുള്ള ലൈസൻസ് അല്ലെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ട്രെയിനിൽ നിന്നും ഇറക്കിവിട്ടെങ്കിലും സ്റ്റേഷനിലെ സുരക്ഷിതമായ വെയിറ്റിംഗ് റൂമിലേക്ക് പോകാൻ ടിടിഇ നിർദ്ദേശിച്ച കാര്യവും കാഴ്ചക്കാർ ചൂണ്ടിക്കാട്ടി. അദ്ദേഹം അത്രയും ദയ കാണിച്ചെന്നും പലരും അഭിപ്രായപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീ എന്ന പദവി ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നത് ശരിയല്ല. കൃത്യമായി പണം നൽകി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന മറ്റ് യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കൂടിയാണ് ടിടിഇ ശ്രമിച്ചത്. നിയമം എല്ലാവർക്കും ഒന്നുതന്നെയാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം ഒരോ നിമിഷവും സ്ത്രീകൾ അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യത്ത് ഒരു സ്ത്രീയെ രാത്രി മഴയത്ത് തികച്ചും അജ്ഞാതമായ ഒരു സ്റ്റേഷനിലെ വെയ്റ്റിംഗ് റൂമിൽ ഇരിക്കാൻ നിർബന്ധിക്കാൻ മാത്രം ഇവിടെ എല്ലാം നിയമപരമായാണോ നടക്കുന്നതെന്ന് മറ്റ് ചിലർ ചോദിച്ചു. മനുഷ്യത്വമെന്നത് നിയമത്തിനും അപ്പുറമാണെന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്.


