ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൈനീസ് മാഞ്ച കുരുങ്ങിയ യുവാവ് പറയുന്നത് ഹെല്‍മറ്റില്ലായിരുന്നെങ്കില്‍ ജീവന്‍ പോയേനെ എന്നാണ്. 

പട്ടങ്ങൾ പറത്താനായി ഉപയോ​ഗിക്കുന്ന ചൈനീസ് മാഞ്ച എന്ന് വിളിക്കുന്ന നൂൽ എത്രമാത്രം അപകടകാരിയാണ് എന്നതിനെ കുറിച്ച് പലപ്പോഴും ചർച്ചകൾ ഉയരാറുണ്ട്. പലയിടങ്ങളിലും ഇതിന്റെ ഉപയോ​ഗം നിരോധിച്ചിരിക്കയാണ്. മാത്രമല്ല, എത്രയോ പേരുടെ ജീവൻ പോകാനും, പരിക്കേൽക്കാനും ഇത് കാരണമായിട്ടുണ്ട്. മനുഷ്യർക്ക് മാത്രമല്ല പക്ഷികൾക്കും വളരെയേറെ അപകടകാരിയായി ഇത് മാറാറുണ്ട്. ഇപ്പോൾ ചൈനീസ് മാഞ്ചയിൽ നിന്നും ഹെൽമറ്റ് ഉള്ളതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് വെളിപ്പെടുത്തുന്ന ഒരു യുവാവിന്റെ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

യാഷ് എന്ന യുവാവാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ബൈക്കിൽ പോകവേ അപ്രതീക്ഷിതമായി യാഷിന്റെ ഹെൽമറ്റിൽ ചൈനീസ് മാഞ്ച കുരുങ്ങുകയായിരുന്നു. ഹെൽമറ്റ് ഊരിമാറ്റിയ ശേഷം ഇതിന്റെ അപകടത്തെ കുറിച്ച് വ്യക്തമാക്കുകയായിരുന്നു യുവാവ്. നൂൽ എടുത്തുമാറ്റുന്നതും നൂൽ കൊണ്ട് ഹെൽമറ്റിനേറ്റ പോറലും എല്ലാം യുവാവ് വീഡിയോയിൽ കാണിക്കുന്നത് കാണാം. ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഇവ നേരെ യുവാവിന്റെ കഴുത്തിലോ മുഖത്തോ ഒക്കെ കുരുങ്ങുകയും ജീവൻ വരെ അപകടത്തിലാവുകയും ചെയ്തേനെ എന്ന് വീ‍ഡിയോയിൽ നിന്നും മനസിലാവും.

View post on Instagram

'ഞാൻ ഹെൽമറ്റ് ധരിച്ചില്ലായിരുന്നില്ലെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഈ നൂൽ എന്റെ ഹെൽമറ്റ് പോലും മുറിച്ചു കളഞ്ഞു. മുഖത്താണ് ഇത് തട്ടിയിരുന്നതെങ്കിൽ താടിയെല്ല് തകരുകയോ മാരകമായ മുറിവേൽക്കുകയോ ചെയ്യുമായിരുന്നു. അതുകൊണ്ട് ദയവായി നല്ലൊരു ഹെൽമറ്റിന് വേണ്ടി പണം മുടക്കുക, അത് നിങ്ങളുടെ ജീവൻ രക്ഷിക്കും' എന്നാണ് യാഷ് വീഡിയോയിൽ പറയുന്നത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ചൈനീസ് മാഞ്ച എല്ലായിടത്തും നിരോധിക്കണമെന്ന് നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. നല്ല ഹെൽമറ്റുകൾ നിർബന്ധമായും ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പലരും കമന്റുകളിൽ ഓർമ്മിപ്പിച്ചു. അതേസമയം, നൈലോൺ നൂലുകളിൽ ഗ്ലാസ് പൊടി ചേർത്താണ് ചൈനീസ് മാഞ്ച നിർമ്മിക്കുന്നത്.