ഹോളി ആഘോഷങ്ങൾക്കിടെ പുറത്തുവന്ന ചില സംഭവങ്ങൾ ആഘോഷങ്ങളിലെ അതിർവരമ്പുകളെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചു. അനുവാദമില്ലാതെ വിദേശിയായ കുട്ടിയുടെ മുഖത്ത് നിറം തേച്ചതും ഓസ്ട്രിയൻ യുവതിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തി.
ഇന്ത്യയുടെ നിറങ്ങളുടെ ഉത്സവമായ ഹോളി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാറുണ്ട്. എന്നാൽ, ഈ വർഷത്തെ ആഘോഷങ്ങൾക്കിടയിൽ പുറത്തുവന്ന ചില വീഡിയോകൾ ആഘോഷങ്ങളിലെ അതിർവരമ്പുകളെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
ഹോളി ആഘോഷം
കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോയിൽ, റോഡരികിൽ നിൽക്കുന്ന വിദേശിയായ ഒരു പിതാവിനെയും കൊച്ചു മകളെയും കാണാം. ആഘോഷങ്ങൾക്കിടയിൽ ഒരു സ്ത്രീ വരികയും കുട്ടിയോട് ഹലോ പറഞ്ഞ് അവളുടെ കവിളിൽ ഛായം തേക്കുകയും ചെയ്യുന്നത് കാണാം. തുടർന്ന് പിതാവ് കുട്ടിയെ തോളിലെടുത്തുകൊണ്ട് നടന്നു നീങ്ങുകയും ചെയ്യുന്നു.
വിമർശനം
സൗഹൃദപരമായ ഒരു നീക്കമായി ഇത് തോന്നാമെങ്കിലും, വലിയൊരു വിഭാഗം ആളുകൾ ഇതിനെതിരെ രംഗത്തെത്തി. "കുട്ടിയുടെ സമ്മതമില്ലാതെയും പിതാവിനോട് അനുവാദം ചോദിക്കാതെയും നിറം തേച്ചത് ശരിയാണോ?" എന്നതായിരുന്നു പ്രധാന ചോദ്യം. കുട്ടികൾക്ക് അലർജി ഉണ്ടാവാനുള്ള സാധ്യതയും, അപരിചിതർ കുട്ടികളെ സ്പർശിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളും ചർച്ചയായി. എന്നാൽ ആഘോഷത്തിന്‍റെ ഭാഗമായുള്ള ഇത്തരം സ്നേഹപ്രകടനങ്ങളെ എന്തിന് വിമർശിക്കണം എന്ന് ചോദിക്കുന്നവരും കുറവല്ല.
സ്വകാര്യതയെ മാനിക്കുക
ഇതിനിടയിലാണ് ഓസ്ട്രിയയിൽ നിന്നുള്ള ബ്രിറ്റ ഷ്ലാഗ്‌ബൗവർ എന്ന യുവതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. വൃന്ദാവനിലെ ആഘോഷങ്ങൾ തനിക്ക് ഒരു പേടിസ്വപ്നമായിരുന്നു എന്ന് അവർ വെളിപ്പെടുത്തി. അപരിചിതർ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ത്രീകളുടെ മേൽ നിറങ്ങൾ വാരിയെറിയുന്നു. തെരുവിലൂടെ നടക്കുമ്പോൾ ആരോ തന്‍റെ കണ്ണുകളിലേക്ക് നേരിട്ട് നിറം എറിഞ്ഞുവെന്നും അതിൽ ചെറിയ കല്ലുകൾ ഉണ്ടായിരുന്നെന്നും ബ്രിറ്റ പറയുന്നു. ഈ അനുഭവം തന്നെ വല്ലാതെ ഭയപ്പെടുത്തിയെന്നും ആഘോഷങ്ങൾ പലപ്പോഴും അനിയന്ത്രിതമായി മാറുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഒപ്പം ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ണിന്‍റെ പൂണ്ണ കാഴ്ച തിരിച്ച് കിട്ടിയില്ലെന്നും അവർ അവകാശപ്പെട്ടിരുന്നു. ആഘോഷങ്ങൾ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയണമെങ്കിൽ മറ്റുള്ളവരുടെ സ്വകാര്യതയെയും താല്പര്യങ്ങളെയും മാനിക്കേണ്ടതുണ്ടെന്നാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നത്.


