സര്‍പ്രൈസും എഫോര്‍ട്ടും ഇഷ്ടപ്പെടാത്ത പങ്കാളികളുണ്ടാവില്ല. നാമവര്‍ക്ക് വേണ്ടി ചിലവഴിക്കുന്ന സമയവും, കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും തന്നെയാണ് ബന്ധത്തെ ഊഷ്മളമായി നിലനിര്‍ത്തുന്നത്. അത് തെളിയിക്കുന്നൊരു മനോഹര വീഡിയോ കാണാം.
നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുകയെന്നാൽ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ, അതിന് കുറച്ച് പരിശ്രമം ഒക്കെ ആവശ്യമായി വരും. അതിനിപ്പോഴെന്താ? അതുണ്ടാക്കുന്ന സന്തോഷം വളരെ വളരെ വലുതാണെങ്കിലോ... അതുപോലെ ഒരു മനോഹരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശിവം ജയ് പ്രകാശ് എന്ന യുവാവാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ പോയി ജോലി ചെയ്യുന്ന ആളാണ് ശിവത്തിന്റെ ഭാര്യ. വീട്ടിൽ പാചകത്തിനായി ഒരു സ്ത്രീ വരുന്നുണ്ട്, അവരാണ് എന്നും ഭക്ഷണം തയ്യാറാക്കുന്നത്. ഒരു ദിവസം അന്ന് കഴിക്കാൻ എന്താണ് വേണ്ടത് എന്ന് ശിവം ഭാര്യയ്ക്ക് വാട്ട്സാപ്പ് മെസ്സേജ് അയച്ചു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 'കടായി പനീർ' വേണമെന്നായിരുന്നു ഭാര്യയുടെ മറുപടി.
അങ്ങനെ പാചകത്തിന് വരുന്ന സ്ത്രീയോട് പനീർ തയ്യാറാക്കാനും ശിവം പറഞ്ഞു. എന്നാൽ, പിന്നീട് താൻ തന്നെ അടുക്കളയിൽ കയറി പനീറുണ്ടാക്കാമെന്ന് ശിവം തീരുമാനിക്കുകയായിരുന്നു. അങ്ങനെ തന്റെ വർക്ക് ഫ്രം ഹോം ജോലിക്കിടയിലും സമയം കണ്ടെത്തിയ ശേഷം ശിവം തന്നെ പനീർ ഉണ്ടാക്കി. ഭാര്യയാകട്ടെ ആദ്യം ഭക്ഷണം പാചകത്തിനെത്തുന്ന സ്ത്രീയുണ്ടാക്കിയതാണ് എന്ന് കരുതിയാണ് കഴിക്കാനിരുന്നത്. എന്നാൽ, കഴിച്ചു നോക്കിയ ഉടനെ തന്നെ അത് തന്റെ ഭർത്താവുണ്ടാക്കിയതാണ് എന്ന് മനസിലായി.
'ചെറിയ കാര്യങ്ങളിലൂടെയാണ് സ്നേഹം പ്രകടിപ്പിക്കേണ്ടത്. വലിയ ആഘോഷങ്ങളല്ല, മറിച്ച് പങ്കാളിയെ സന്തോഷിപ്പിക്കാൻ നാം എടുക്കുന്ന ചെറിയ പരിശ്രമങ്ങളാണ് ബന്ധങ്ങളെ മനോഹരമാക്കുന്നത്' എന്നാണ് ശിവം പറയുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ശിവത്തെ അഭിനന്ദിച്ചു രംഗത്തെത്തിയത്.
