ജോലി ചെയ്യുന്ന വീട്ടിലെ ദമ്പതികൾക്ക് വിവാഹവാർഷിക ദിനത്തിൽ റോസാപ്പൂവും ചോക്ലേറ്റും സർപ്രൈസ് സമ്മാനം നൽകി വീട്ടുജോലിക്കാരി. ദീദിയുടെ കാൽതൊട്ട് വന്ദിച്ച് യുവാവും യുവതിയും. ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 

നമ്മുടെ കണ്ണുകളും ഹൃദയവും ഒരു പോലെ വന്നുതൊടുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. താൻ ജോലി ചെയ്യുന്ന വീട്ടുടമകളുടെ വിവാഹവാർഷികത്തിന് സമ്മാനമായി ഒരു റോസാപ്പൂവും ചോക്ലേറ്റുമായി എത്തിയ വീട്ടുജോലിക്കാരിയുടെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ബെംഗളൂരുവിലെ നേഹ ഹർചന്ദാനി എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ ഹൃദ്യമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നേഹ തന്റെ വിവാഹവാർഷികത്തെക്കുറിച്ച് വീട്ടിലെ ജോലികളിൽ സഹായിക്കാനായി എത്തുന്ന 'ദീദി'യോട് വെറുതെ ഒന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇത് ഓർത്തുവെച്ച ദീദി, ദമ്പതികൾക്കായി ഒരു റോസാപ്പൂവും ചോക്ലേറ്റുമായി എത്തുകയായിരുന്നു. തന്റെ ഭർത്താവിനോട് പറഞ്ഞ് ബ്ലിങ്കിറ്റ് വഴിയാണത്രെ ദീദി ഇവ രണ്ടും ഓർഡർ ചെയ്തത്.

ദീദിയുടെ അപ്രതീക്ഷിതസമ്മാനം നേഹയെ ശരിക്കും അമ്പരപ്പിച്ചു. 'ദീദി, എന്തിനാണ് ഇന്ന് ഇതൊക്കെ കൊണ്ടുവന്നത്? ദീദി നിങ്ങൾ എത്ര ക്യൂട്ടാണ്!' എന്ന് അവൾ ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇതിനു മറുപടിയായി സ്നേഹത്തോടെ തന്റെ സമ്മാനം ദീദി അവർക്ക് നേരെ നീട്ടുകയാണ്. ദീദിയുടെ പാദങ്ങളിൽ തൊട്ട് വന്ദിച്ചാണ് ദമ്പതികൾ തങ്ങളുടെ നന്ദി അറിയിച്ചത്. 'ദീദി, നിങ്ങളുടെ അനുഗ്രഹം എന്നും കൂടെയുണ്ടായാൽ മതി' എന്ന് അവർ പറയുന്നതും വീഡിയോയിൽ കാണാം.

View post on Instagram

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. വീഡിയോ വൈറലായതോടെ നൂറുകണക്കിന് ആളുകളാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. 'ഇത് വിലമതിക്കാനാവാത്തതാണ്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'ഇത്തരത്തിലുള്ള സ്നേഹം നിറഞ്ഞ കാഴ്ചകൾ കാണാനാണ് ഞാൻ ഇന്റർനെറ്റ് ബില്ല് തന്നെ അടയ്ക്കുന്നത്' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ദീദിയുടെ സ്നേഹത്തോടൊപ്പം തന്നെ, അവരെ ആദരവോടെ കണ്ട് കാൽ തൊട്ടു വന്ദിച്ച ദമ്പതികളുടെ മനോഭാവത്തെയും സോഷ്യൽ മീഡിയ പ്രശംസിച്ചു.