ജന്മദിനത്തിൽ മാതാപിതാക്കളെ ഓർത്ത് കരയുന്ന ജോലിക്കാരിയുടെ പിറന്നാള്‍ ആഘോഷമൊരുക്കി യുവാവും കൂട്ടുകാരും. അതിമനോഹരമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. 

നമ്മുടെ ഹൃദയത്തെ സ്പർശിക്കുകയും കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യുന്ന അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. തന്റെ വീട്ടിലെ ജോലിക്കാരിയുടെ ജന്മദിനത്തിൽ അവരെ സർപ്രൈസ് നൽകി സന്തോഷിപ്പിച്ച യുവാവാണ് വീഡിയോയിൽ. കൃതാർ‌ത്ഥ എന്ന യുവാവും കൂട്ടുകാരും കൂടിയാണ് തങ്ങളുടെ ദീദിക്ക് സർപ്രൈസ് ഒരുക്കി അവരെ സന്തോഷിപ്പിച്ചത്. കൃതാർത്ഥ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, വീട്ടിലെ ജോലിക്കാരിയായ ജ്യോതി ദീദി അടുക്കളയിൽ കരഞ്ഞുകൊണ്ട് നിൽക്കുന്നത് കണ്ടു എന്നാണ്. എന്തുപറ്റിയെന്ന് തിരക്കിയ കൃതാർത്ഥയോട് ജ്യോതി പറഞ്ഞത്, 'ഇന്ന് എന്റെ ജന്മദിനമാണ്, എന്റെ അമ്മ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എനിക്ക് ഒരുപാട് സ്നേഹം തന്നേനെ...' എന്നാണ്.

Add Asianetnews as a Preferred SourcegooglePreferred

വളരെ ചെറുപ്പത്തിൽ തന്നെ ജ്യോതിക്ക് തന്റെ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടിരുന്നു. ജ്യോതിയുടെ വാക്കുകൾ കൃതാർത്ഥയെ വളരെ അധികം വേദനിപ്പിച്ചു. അവരുടെ സങ്കടം മാറ്റാനായി കൃതാർത്ഥയും സുഹൃത്തുക്കളും ചേർന്ന് ഉടൻ തന്നെ ഒരു കേക്ക് വാങ്ങുകയും പിറന്നാൾ ആഘോഷം ഒരുക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, അവരുടെ സ്നേഹം കൊണ്ട് ജ്യോതിയെ അവർ തോല്പിക്കാൻ ശ്രമിച്ചപ്പോൾ അതേ സ്നേഹം കൊണ്ട് ജ്യോതി അവരേയും തോല്പിച്ചു. തന്റെ കയ്യിലുണ്ടായിരുന്ന 500 രൂപ അവർക്ക് നൽകി ഇഷ്ടമുള്ളത് വാങ്ങിക്കഴിക്കാനാണ് ജ്യോതി അവരോട് പറഞ്ഞത്. ആ പണം വാങ്ങിയില്ലെങ്കിലും അക്കാര്യം തന്നെ അമ്പരപ്പിച്ചതായും കൃതാർത്ഥ പറയുന്നു.

View post on Instagram

'അവർക്ക് നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ നമുക്ക് കഴിയില്ലായിരിക്കാം, പക്ഷേ അവർ സ്നേഹിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നമ്മളെക്കൊണ്ട് കഴിയും' എന്നാണ് കൃതാർത്ഥ പറയുന്നത്. അധികം വൈകാതെ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. ജ്യോതിയെ സന്തോഷിപ്പിക്കാൻ വേണ്ടി യുവാക്കൾ ചെയ്തത് വളരെ നല്ലൊരു കാര്യമാണ് എന്നാണ് പലരും കുറിച്ചത്.