ചൈനയിലെ ഷാൻസി പ്രവിശ്യയിൽ നടന്ന ഒരു നൃത്ത പ്രദർശനത്തിനിടെ, യൂണിട്രീ റോബോട്ടിക്സിൻ്റെ G1 ഹ്യൂമനോയിഡ് റോബോട്ട് അബദ്ധത്തിൽ ഒരു കുട്ടിയെ മുഖത്തടിച്ചു. ഈ സംഭവവും കമ്പനിയുടെ റോബോട്ടുകൾ ഉൾപ്പെട്ട മുൻകാല സുരക്ഷാ പ്രശ്നങ്ങളും, പൊതുസ്ഥലങ്ങളിൽ ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുന്നതിൻ്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

ചൈനയിലെ ഷാൻസി പ്രവിശ്യയിൽ നടന്ന പൊതു പ്രദർശനത്തിനിടെ ഹ്യൂമനോയിഡ് റോബോട്ട് ഒരു കുട്ടിയെ ആക്രമിച്ച സംഭവം വലിയ ചർച്ചയാകുന്നു. മാർച്ച് 21-ന് നടന്ന നൃത്ത പ്രദർശനത്തിനിടയിലാണ് ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് നിർമ്മിച്ച G1 മോഡൽ റോബോട്ട് സമീപം നിന്ന കുട്ടിയുടെ മുഖത്തടിച്ചത്.

നൃത്തം ചവിട്ടി ചവിട്ടി

പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കറങ്ങിയും ചുവടുകൾ വെച്ചും നൃത്തം ചെയ്യുന്നതിനിടെ റോബോട്ട് തന്‍റെ കൈകൾ നീട്ടിവീശിയപ്പോൾ അബദ്ധവശാൽ കുട്ടിയുടെ മുഖത്ത് കൊള്ളുകയായിരുന്നു. ഉടൻ തന്നെ റോബോട്ടിനെ മാറ്റിയിട്ടും അത് അതിന്‍റെ പ്രോഗ്രാം ചെയ്ത നൃത്തം തുടർന്നത് കാണികളെ അമ്പരപ്പിച്ചു. അതേസമയം റോബോർട്ടിന്‍റെ കൂടെയുണ്ടായിരുന്ന ആൾ സ്റ്റോപ്പ് ബട്ടണിൽ അമ‍ർത്തിയതും റോബോർട്ട് നിശ്ചലമായി. ഏകദേശം 35 കിലോഗ്രാം ഭാരവും 11 ലക്ഷത്തിലധികം രൂപ വിലയുമുള്ള ഈ റോബോട്ട് ഗവേഷണ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ്.

Scroll to load tweet…

അപകടകരമായ പ്രകടനം

സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള സുരക്ഷാ ആശങ്കകളാണ് ഉയരുന്നത്. "അങ്ങേയറ്റം അപകടകരമായ പ്രകടനം" എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. ലോഹം കൊണ്ടുള്ള റോബോട്ടിന്‍റെ കൈകൾ കുട്ടിയുടെ മുഖത്തടിച്ചത് വലിയ വേദനയുണ്ടാക്കിയിട്ടുണ്ടാകുമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഇത്തരം യന്ത്രങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിക്കാൻ പാകമായിട്ടില്ല എന്നതിന്‍റെ തെളിവാണ് ഇതെന്നും വിമർശനമുയർന്നു.

യൂണിട്രീ റോബോട്ടുകൾ ഉൾപ്പെടുന്ന ആദ്യത്തെ സുരക്ഷാ പ്രശ്നമല്ല ഇത്. ഈ വർഷം ആദ്യം ഈ കമ്പനിയുടെ തന്നെ മറ്റൊരു റോബോട്ട് അതിന്‍റെ ട്രെയിനറെ ചവിട്ടിയിരുന്നു. കൂടാതെ, ഈ മാസമാദ്യം മക്കാവുവിൽ ഒരു വയോധികയെ ഭയപ്പെടുത്തിയതിനെത്തുടർന്ന് യൂണിട്രീ റോബോട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോബോട്ടിനെ കണ്ട് ഭയന്ന വയോധികയ്ക്ക് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിരുന്നു. ഹ്യൂമനോയിഡ് റോബോട്ടുകൾ മനുഷ്യർക്കിടയിലേക്ക് എത്തുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് ഈ സംഭവങ്ങൾ പുതിയ ചോദ്യങ്ങൾ ഉയർത്തുകയാണ്.