ഡൈവിംഗിനിടയില്‍ കടലാമയുടെ 'തല്ല്' കിട്ടിയ അനുഭവം പങ്കുവച്ച് യുവാവ്. ആമ തന്നെത്തന്നെ നിരീക്ഷിച്ചുവെന്നും പിന്നീട് മുഖത്തടിച്ച ശേഷം നീന്തിപ്പോയി എന്നുമാണ് ക്രിസ്റ്റഫര്‍ ചാങ്ങ് എന്ന യുവാവ് പറയുന്നത്. 

കടലിനടിയിൽ വച്ച് തനിക്കുണ്ടായ അപ്രതീക്ഷിതമായ അനുഭവം പങ്കുവച്ച് ട്രാവൽ വ്ലോഗർ ക്രിസ്റ്റഫർ ചാങ്ങ്. സമുദ്രത്തിലൂടെ നീന്തുന്നതിനിടെ ഒരു കടലാമ ചാങ്ങിന്റെ അടുത്തു വരികയും മുഖത്തൊരു 'തല്ല്' വെച്ചു കൊടുത്ത് ശാന്തനായി മടങ്ങുകയും ചെയ്തുവെന്നാണ് പറയുന്നത്. 'എനിക്ക് ഒരു ആമയുടെ തല്ല് കിട്ടി' എന്നും പറഞ്ഞാണ് ചാങ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

സാധാരണ ഡൈവിംഗിനിടെ കാണുന്ന ആമകൾ മനുഷ്യരെ ശ്രദ്ധിക്കാതെ തങ്ങളുടെ വഴിക്ക് പോകാറാണ് പതിവ്. എന്നാൽ, ഈ ആമ തുടക്കം മുതലേ വ്യത്യസ്തനായിരുന്നു എന്ന് ചാങ് പറയുന്നു. താൻ എങ്ങോട്ട് പോയാലും ആ ആമ ദൂരെ മാറി നിന്ന് തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്നാണ് ചാങ് പറയുന്നത്. 'വന്യജീവികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ നമുക്ക് അവയുടെ എനർജി തിരിച്ചറിയാൻ സാധിക്കും. ഇവന്റെ പെരുമാറ്റം വളരെ വിചിത്രമായിരുന്നു. അവൻ എന്റെ നേരെ തന്നെ വരികയും തുറിച്ച് നോക്കുകയും ചെയ്തു' എന്ന് ചാങ് പറയുന്നു. കൂടുതൽ അടുത്തു വന്ന ആമ ചാങ്ങിന്റെ മുഖത്ത് പതുക്കെ ഒന്ന് 'തല്ലി'യ ശേഷം ഒന്നുമറിയാത്ത പോലെ നീന്തിപ്പോവുകയായിരുന്നു എന്നാണ് പറയുന്നത്. ഇതോടെ പന്തികേട് തോന്നിയ താൻ ഉടൻ തന്നെ ബോട്ടിലേക്ക് മടങ്ങാൻ സിഗ്നൽ നൽകിയതായും ചാങ് പറഞ്ഞു.

View post on Instagram

പത്തു ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒപ്പം രസകരമായ അനേകം കമന്റുകളും വീഡിയോയ്ക്ക് വന്നിട്ടുണ്ട്. 'മറ്റൊരാളുടെ വീട്ടിൽ കയറി ബഹളം വെച്ചാൽ ആമ പിന്നെ എന്ത് ചെയ്യണം? മിണ്ടാതിരിക്കാനാണ് അവൻ ആ തല്ല് തന്നത്' എന്നാണ് ഒരാൾ കുറിച്ചത്. 'അവന്റെ സമ്മതമില്ലാതെ വീഡിയോ എടുത്താൽ ഇങ്ങനെയൊക്കെ ഇരിക്കും' എന്നാണ് മറ്റൊരാൾ പരിഹസിച്ചത്. തങ്ങൾക്കും സമാനമായ അനുഭവങ്ങൾ കടലിനടിയിൽ ഉണ്ടായിട്ടുണ്ടെന്നും നിരവധിപ്പേർ കമന്റ് നൽകി.