സ്കൂട്ടർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് റോഡിൽ കുഴഞ്ഞുവീണ അധ്യാപികയ്ക്ക് യുവാക്കൾ സമയോചിതമായി സിപിആർ നൽകി ജീവൻ രക്ഷിച്ചു. മധ്യപ്രദേശിൽ നടന്ന ഈ സംഭവം, അടിയന്തര സാഹചര്യങ്ങളിൽ സിപിആർ പോലുള്ള ജീവൻരക്ഷാ പരിശീലനത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു.
സ്കൂളിലേക്ക് സ്കൂട്ടർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് റോഡിൽ കുഴഞ്ഞുവീണ അധ്യാപികയ്ക്ക് സമയോചിതമായി സിപിആർ നൽകി യുവാക്കളുടെ രക്ഷാപ്രവർത്തനം. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. ദേശീയപാത 552-ൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ, യുവാക്കൾക്ക് അഭിനന്ദന പ്രവാഹം. ഒപ്പം, അടിയന്തര സാഹചര്യങ്ങളിൽ സിപിആർ (Cardiopulmonary Resuscitation) പോലുള്ള പ്രാഥമിക ജീവൻരക്ഷാ പരിശീലനത്തിന്‍റെ പ്രാധാന്യം വീണ്ടും ചർച്ചയായി.
സ്കൂട്ടർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം
ലളിത ധാക്കഡ് എന്ന അധ്യാപിക, രാവിലെ ഒമ്പത് മണിയോടെ സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ ഭുരാബലി ക്രോസിംഗിന് സമീപത്ത് വച്ച് പെട്ടെന്ന് റോഡിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം അതുവഴി പോയവർ വാഹനം ഓടിച്ച് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞ് വീണ സ്ത്രിയെ കണ്ട് ആശങ്കയിലായി. എന്നാൽ, ഈ സമയം അവിടെയുണ്ടായിരുന്ന സൂരജ് ധാക്കഡും സുഹൃത്തായ പവൻ ഗുർജാറും ചേർന്ന് അധ്യാപികയെ റോഡിൽ തന്നെ മലർത്തിക്കിടത്തി സിപിആർ നൽകുകയായിരുന്നു. അധ്യാപികയുടെ നില ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഇരുവരും ഒരു നിമിഷം പോലും പാഴാക്കാതെ സിപിആർ നൽകി. ഏതാനും മിനിറ്റുകൾ നീണ്ട ശ്രമത്തിനൊടുവിൽ അധ്യാപികയുടെ ശ്വാസോച്ഛ്വാസം സാധാരണ നിലയിലായി. ഒപ്പം ആരോഗ്യനിലയിലും പ്രകടമായ പുരോഗതി കണ്ടു. തുടർന്ന് ഇവർ സ്വന്തം വാഹനത്തിൽ അധ്യാപികയെ സമീപത്തുള്ള കൈലാരസ് ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലെ ആശുപത്രിയിലേക്ക് റഫർ ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ യുവാക്കൾ തന്നെ അധ്യാപികയുടെ കുടുംബാംഗങ്ങളെയും വിവരം അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
യുവാക്കൾക്ക് അഭിനന്ദനം
സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോയിൽ റോഡരികിൽ കിടക്കുന്ന അധ്യാപികയ്ക്ക് നേരെ ഓടിയടുക്കുന്ന യുവാക്കളെ കാണാം. നിരവധി പേരാണ് യുവാക്കളുടെ സമയോചിതമായ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഹൃദയാഘാതം സംഭവിക്കുന്ന ആദ്യ ഏതാനും മിനിറ്റുകൾ അതീവ നിർണായകമാണെന്നും ആ സമയത്ത് കൃത്യമായ രീതിയിൽ സിപിആർ നൽകാൻ കഴിഞ്ഞാൽ രോഗിയുടെ ജീവൻ രക്ഷപ്പെടാനുള്ള സാധ്യത ഗണ്യമായി ഉയരുമെന്നും ഡോക്ടർമാർ പറയുന്നു. അടിയന്തര വൈദ്യസഹായം ലഭിക്കുന്നതുവരെ പരിശീലനം ലഭിച്ച വ്യക്തികൾ സിപിആർ നൽകുന്നത് ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. യുവാക്കളുടെ ഭാഗത്ത് നിന്നും സമയോചിതമായ ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ അധ്യാപികയുടെ ജീവൻ അപകടത്തിലായേനെയെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.


