ജർമ്മനിയിൽ നഴ്സായി ജോലി ചെയ്യുന്ന റിയ എന്ന യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തൻ്റെ ആദ്യ ശമ്പളം കൊണ്ട് സഹോദരിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ വാക്ക് പാലിക്കുകയായിരുന്നു അവള്‍.
നമ്മുടെ ആദ്യത്തെ ശമ്പളം നമ്മുടെ പ്രിയപ്പെട്ടവർക്കായി ചെലവഴിക്കണം എന്ന് ആഗ്രഹിക്കാത്ത മനുഷ്യർ കുറവായിരിക്കും. അത് നമ്മുടെ അച്ഛനാകാം, അമ്മയാകാം, സഹോദരങ്ങളാവാം, ഭാര്യയോ, ഭർത്താവോ, കാമുകനോ കാമുകിയോ ആയിരിക്കാം. അതുപോലെ ഒരു യുവതിയുടെ മനോഹരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ജർമ്മനിയിൽ നഴ്സായി ജോലി ചെയ്യുന്ന റിയയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
'ജർമ്മനിയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ നഴ്സാണ് ഞാൻ. എന്റെ ആദ്യത്തെ ശമ്പളം 1700 യൂറോ ആയിരുന്നു. എനിക്കായി ഞാൻ ഒന്നും വാങ്ങിയില്ല; പകരം എന്റെ സഹോദരിക്ക് ഒരു ഐഫോൺ 16 വാങ്ങി നൽകി. അത് തുറന്നു നോക്കിയപ്പോൾ അവൾ കരഞ്ഞുപോയി. എന്റെ ആദ്യത്തെ ശമ്പളം അവൾക്കുള്ളതായിരിക്കുമെന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ അവൾക്ക് വാക്ക് നൽകിയിരുന്നതാണ്. ജർമ്മനി അത് സാധ്യമാക്കി. പിന്നീട് പണം സമ്പാദിച്ച് ഞാൻ അച്ഛന് ഒരു കാറും വാങ്ങി നൽകി. ഇതിനുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്. നിങ്ങളുടെ ജർമ്മനിയിലെ ആദ്യ ശമ്പളം കൊണ്ട് നിങ്ങൾ എന്ത് ചെയ്യുന്നു?' എന്നാണ് യുവതി ചോദിക്കുന്നത്.
ഓരോ മനുഷ്യനും ആദ്യത്തെ ശമ്പളം എന്നത് വളരെ വളരെ പ്രധാനപ്പെട്ടതാണ്. അത് എങ്ങനെയാണ് അവർ ചെലവഴിക്കുന്നത് എന്നതും പ്രധാനമാണ്. റിയയുടെ അനുഭവം പലർക്കും തങ്ങളുടെ അനുഭവം പോലെ തോന്നി എന്നാണ് പറയുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പലരും തങ്ങളുടെ പ്രോമിസ് മറന്നുപോകാറാണ് പതിവ്, എന്നാൽ റിയ ആദ്യത്തെ ശമ്പളം കിട്ടുമ്പോഴും സഹോദരിക്ക് നൽകിയ വാഗ്ദ്ധാനം മറന്നുപോയില്ലല്ലോ എന്ന് പലരും അഭിപ്രായപ്പെട്ടു. അതുപോലെ, കുടുംബത്തിന് പ്രാധാന്യം നൽകുന്നതിനും അവളെ പലരും അഭിനന്ദിച്ചിട്ടുണ്ട്.
