ഓസ്ട്രേലിയയിലെ മെൽബണിൽ വംശീയാധിക്ഷേപം നേരിട്ട ഇന്ത്യൻ വംശജനായ ഡെലിവറി ഡ്രൈവർ, തന്നെ അക്രമിച്ചവരെ ധീരമായി നേരിട്ടു. ട്രക്കിന്റെ താക്കോൽ ആവശ്യപ്പെട്ട് അധിക്ഷേപിച്ച യുവാക്കളെ സുഹൃത്തുമായി ചേർന്ന് സാഹിൽ എന്ന ഡ്രൈവർ അടിച്ച് ഓടിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സാഹിലിന് അഭിനന്ദന പ്രവാഹമാണ്.

കുടിയേറ്റം വ്യാപകമായതിന് പിന്നാലെ കുടിയേറ്റക്കാർക്കെതിരെ യൂറോപ്പിലും യുഎസിലും ഓസ്ട്രേലിയയിലും ശക്തമായ വികാരം ഉയർന്നു. ഇതിനൊടുവിൽ ലോകമെങ്ങും കുടിയേറ്റക്കാർക്കെതിരെ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അയർലെന്‍ഡിലും യുഎസിലും യൂറോപ്പിലും കാനഡയിലും ഓസ്ട്രേലിയയിലും ഇന്ത്യക്കാർക്കെതിരെ പോലും വംശയമായ അധിക്ഷേപവും അക്രമണവും നിരവധി തവണയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട്. അത്തരം സന്ദർഭങ്ങളിലെല്ലാം ഇന്ത്യൻ വംശജർ അക്രമണത്തിന് വിധേയരാകുന്ന വീഡിയോകളായിരുന്നു പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ, അതിന് വിരുദ്ധമായൊരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഓസ്ട്രേലിയയിൽ വംശീയാധിക്ഷേപവും അക്രമവും നേരിട്ട ഇന്ത്യൻ വംശജന്‍ തന്നെ അധിക്ഷേപിച്ചവരെ സധൈര്യം നേരിട്ട് അടിച്ച് ഓടിക്കുന്ന വീഡിയോയായിരുന്നു അത്.

ട്രക്കിന്‍റെ താക്കോൽ ആവശ്യപ്പെട്ട് അധിക്ഷേപം

മെൽബണിലെ ഈസ്റ്റേൺ ഫ്രീവേയിലെ സ്‌കോർസ്ബിയിലെ ഒരു സർവീസ് സ്റ്റേഷനിൽ പട്ടാപ്പകൽ ട്രക്ക് തട്ടിയെടുക്കാനായി എത്തിയ രണ്ട് ഓസ്ട്രേലിയൻ യുവാക്കൾ ഭക്ഷണം കഴിച്ച് കൊണ്ട് ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജനായ ഡെലിവറി ഡ്രൈവർ സാഹിലിനോട് ട്രക്കിന്‍റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ, ഭക്ഷണം കഴിക്കുന്നത് തുടർന്ന സാഹിൽ ഇരുവരെയും അവഗണിച്ചു. ഇതോടെ ഇരുവരും സാഹിലിനെ വംശീയമായി അധിക്ഷേപിക്കാൻ തുടങ്ങി. ഭക്ഷണം കഴിച്ച് എഴുന്നേറ്റ സാഹിലിനെ ഇരുവരെ ചേർന്ന് അക്രമിക്കാൻ തുടങ്ങിയതോടെ സാഹിൽ തിരിച്ച് അടിച്ചു. ഇതോടെ അവിടെ ഒരു ചെറു സംഘട്ടനം തന്നെ നടന്നു. ഇതിനിടെ സാഹിലിന്‍റെ ഒരു സുഹൃത്ത് അവിടെ എത്തുകയും ഇരുവരും ചേർന്ന് യുവാക്കളെ അടിച്ച് ഓടിക്കുകയുമായിരുന്നെന്ന് സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ആൻഡ്രെ ഒക്ടാവിയോ എന്ന ഉപയോക്താവ് എഴുതി.

അഭിനന്ദന പ്രവാഹം

സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിക്ടോറിയ പോലീസ് പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. സാഹിലിനെ അക്രമിച്ച ഓസ്ട്രേലിയൻ യുവാക്കൾ ഒരു കാറിൽ രക്ഷപ്പെട്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് കൂട്ടിചേർത്തു. വീഡിയോ വൈറലായതിന് പിന്നാലെ ഇന്ത്യൻ വംശജരായ ഡെലിവറി ഡ്രൈവർക്കാർക്ക് അഭിനന്ദന പ്രവാഹമാണ്. "തെറ്റായ ദിവസം അവർ തെറ്റായ ആളെ തെരഞ്ഞെടുത്തു. കൊള്ളയടിക്കാൻ വന്നു, പക്ഷേ ഒരു ജീവിതപാഠം പഠിച്ചിട്ട് പോയി," എന്നായിരുന്നു ഒരു കാഴ്ചക്കാരൻറെ കുറിപ്പ്. മറ്റൊരാൾ അല്പം കൂടി കടന്നു. "അദ്ദേഹമാണ് യഥാർത്ഥ ധുരന്ധർ," എന്നായിരുന്നു വിശേഷിപ്പിച്ചത്.