ശ്രീലങ്കയിലെ വൃത്തിയുള്ള കടൽത്തീരങ്ങളെ ഇന്ത്യയുമായി താരതമ്യം ചെയ്യുകയാണ് മെഹക് എന്ന യുവതി. ഇത്രയേറെ പ്രതിസന്ധിയിലായിട്ടും ശ്രീലങ്ക പ്രകൃതിയെ സംരക്ഷിക്കുന്നത് കണ്ട് ലജ്ജ തോന്നിയെന്നാണ് മെഹക് പറയുന്നത്. 

ഇന്ത്യയിലെ പൊതുവിടങ്ങളിലുള്ള വൃത്തിക്കുറവിനെ കുറിച്ചും ആളുകൾക്ക് പൗരബോധം കുറവാണ് എന്നതിനെ കുറിച്ചും പലപ്പോഴും വലിയ ചർച്ചകൾ നടക്കാറുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇൻഫ്ലുവൻസറായ മെഹക് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ശ്രീലങ്കയിൽ പോയപ്പോഴുണ്ടായ അനുഭവവും ഇന്ത്യയെ താരതമ്യപ്പെടുത്തിയുമാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു ചെറിയ രാജ്യമായിരുന്നിട്ട് കൂടി അവരുടെ പ്രകൃതിസമ്പത്ത് അവർ എത്രത്തോളം നന്നായിട്ടാണ് സംരക്ഷിക്കുന്നത് എന്നതാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്.

'ശ്രീലങ്ക എന്നെ ശരിക്കും ലജ്ജിപ്പിച്ചു എന്ന് പറയാതെ വയ്യ. ഇന്ത്യയെക്കാൾ എത്രയോ ചെറിയ രാജ്യമാണ്, സാമ്പത്തികമായി തകർന്ന അവസ്ഥയിലാണവർ. എന്നിട്ടും അവിടുത്തെ കടൽതീരങ്ങൾ വൃത്തിയുള്ളതാണ്. ഒരൊറ്റ പ്ലാസ്റ്റിക് കുപ്പിയോ കവറോ പോലും അവിടെ കാണാനില്ല. കൂടുതൽ വിഭവങ്ങളും കൂടിയ സമ്പദ്‌വ്യവസ്ഥയുമുള്ള നമ്മൾ എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ പരാജയമാകുന്നത്? ഇതൊരു യൂറോപ്യൻ രാജ്യവുമായുള്ള താരതമ്യമല്ല, നമ്മളെപ്പോലെയുള്ള ഒരു വികസ്വര രാജ്യമാണ് ശ്രീലങ്ക. പണമല്ല, മറിച്ച് നമ്മുടെ മനോഭാവമാണ് മാറേണ്ടതെന്ന സത്യം അംഗീകരിച്ചേ മതിയാകൂ' എന്നാണ് മെഹക് പറയുന്നത്.

View post on Instagram

ശ്രീലങ്കയിലെ കടൽതീരങ്ങളുടെ ഭംഗിയേക്കാൾ അവിടെ ജനങ്ങൾ പ്രകൃതിയോട് കാണിക്കുന്ന ആദരവും ഉത്തരവാദിത്തവുമാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ മെഹക് പറയുന്നത്. ഇത് നമ്മുടെ ശീലത്തിന്റെ ഭാ​ഗമാണോ എന്നും ഈ വൃത്തി സൂക്ഷിക്കാത്തത് ഇന്ത്യയിൽ എപ്പോഴാണ് സാധാരണമായത് എന്നും മെഹക് ചോദിക്കുന്നു. വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് മെഹക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്. 'ഇത് പണത്തിന്റെ പ്രശ്നമല്ല, നമ്മുടെ മനോഭാവത്തിന്റെ പ്രശ്നമാണ്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ നിയമങ്ങളും പിഴയും വേണം' എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. അതേസമയം, ഇന്ത്യയിലെ ജനസംഖ്യയും വിസ്തൃതിയും ശ്രീലങ്കയുമായി താരതമ്യം ചെയ്യുന്നത് എളുപ്പമല്ല. ഇന്ത്യയിലും വൃത്തിയുള്ള കടൽതീരങ്ങളുണ്ട്, അവയും നമ്മൾ കാണണം എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്.