മൂന്ന് മാസത്തോളം കടലിൽ കിടന്നതിന് ശേഷം കണ്ടെത്തിയ ജെബിഎൽ ബ്ലൂടൂത്ത് സ്പീക്കർ ഇപ്പോഴും പ്രവർത്തിക്കുന്നതിന്‍റെ വീഡിയോ വൈറൽ. കടലിലെ അവശിഷ്ടങ്ങൾ കൊണ്ട് മൂടിയ സ്പീക്കർ പാട്ട് പ്ലേ ചെയ്യുന്നത് കണ്ട് പലരും എക്കാലത്തെയും മികച്ച പരസ്യമെന്ന് വിശേഷിപ്പിച്ചു.
വാട്ടർപ്രൂഫ് ഗാഡ്‌ജെറ്റുകളെല്ലാം വാട്ടർപ്രൂഫ് ആണെന്ന് ആരും കരുതുന്നില്ല. പലതും വെള്ളത്തിൽ വീണാൽ പിന്നെ പ്രവർത്തിക്കില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ജെബിഎൽ സ്പീക്കർ അങ്ങനെയല്ലെന്ന് ആണയിടുന്നത് സമൂഹ മാധ്യമ ഉപയോക്താക്കളാണ്. മൂന്ന് മാസത്തോളം കടൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയായിരുന്ന ഒരു ജെബിഎൽ ബ്ലൂടൂത്ത് സ്പീക്കർ ഇപ്പോഴും പ്രവർത്തിക്കുന്നുവെന്ന കണ്ടെത്തലാണ് ഈ അവകാശവാദത്തിന് കാരണം. പലരും ഇതിനെ ആകസ്മികമാണെങ്കിലും തികഞ്ഞ ബ്രാൻഡ് പ്രമോഷൻ എന്നും വിശേഷിപ്പിച്ചു.
കടലിൽ കിടന്നത് മൂന്ന് മാസം
കടൽ ചെളി, ഷെല്ലുകൾ, കടലിലെ മറ്റ് അവശിഷ്ടങ്ങൾ എന്നിവ കൊണ്ട് മൂടപ്പെട്ട നിലയിൽ ഒരു ജെബിഎൽ സ്പീക്കർ കരയിൽ കിടക്കുന്നതായി വീഡിയോയിൽ കാണാം. ചെറിയ കടൽ പ്രാണികൾ അതിന്‍റെ മുകളിലൂടെ ഇഴഞ്ഞു നീങ്ങുന്നതും കാണാം. ഏറെനാൾ വെള്ളത്തിൽ മുങ്ങിക്കിടന്നതിന്‍റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. പക്ഷേ, അമ്പരപ്പിക്കുന്ന കാര്യം. അത് പ്രവർത്തനക്ഷമമാണെന്നതാണ്. അതെ അത് പാടുന്നു. വീഡിയോയിൽ ജെബിഎൽ സ്പീക്കറിൽ നിന്നും ഉയരുന്ന പാട്ട് വ്യക്തമായി കേൾക്കാം. പാട്ട് കേൾക്കുമ്പോൾ അത് വൈബ്രേറ്റ് ചെയ്യുന്നതും കാണാം.
മികച്ച പരസ്യമെന്ന് പ്രതികരണം
എക്കാലത്തെയും മികച്ച പരസ്യമെന്നായിരുന്നു നിരവധി പേർ എഴുതിയത്. 20 കോടിക്ക് മേലെ ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. പലർക്കും വീഡിയോയിലെ കാഴ്ച അവിശ്വസനീയമായി തോന്നി. അതേസമയം മറ്റ് ചിലർ വീഡിയോ ജെബിഎൽ പരസ്യത്തിന് ഉപയോഗിക്കണം എന്നാവശ്യപ്പെട്ടു. 'നാസ നിർമ്മിച്ചതുപോലെ സമുദ്രത്തെ അതിജീവിച്ചു, ജെബിഎൽ ഇവിടെ ഈടുനിൽക്കുന്നുവെന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഇത് ഏറ്റവും അവിശ്വസനീയമായ പരസ്യമല്ലെങ്കിൽ... എന്താണെന്ന് എനിക്കറിയില്ല!' അവിശ്വസനീയതയോടെ മറ്റൊരു കാഴ്ചക്കാരൻ എഴുതി. ബ്ലൂടൂത്ത് സ്പീക്കറുകളുടെ രാജാവായി ജെബിഎൽ നിശബ്ദമായി സിംഹാസനം ഏറ്റെടുത്ത ദിവസമാണിതെന്നായിരുന്നു മറ്റൊരു കുറിപ്പ്. 'അതിനുശേഷം ജെബിഎൽ മാർക്കറ്റിംഗ് ടീമിന് 20 ദിവസത്തെ അവധി ലഭിച്ചു'വെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. '2026 ലെ അവരുടെ മാർക്കറ്റിംഗ് തന്ത്രത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, അവർ തീർച്ചയായും തെറ്റായ ടീമിനെയാണ് നിയമിച്ചിരിക്കുന്നതെ'ന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. അതേസമയം മൂന്ന് മാസത്തോളം ബാറ്ററി ചാർജ്ജ് നിൽക്കുമോ? മൂന്ന് മാസം കൊണ്ട് ഇത്രയേറെ ചിപ്പികൾ കയറുമോ? തുടങ്ങിയ സംശയങ്ങളും മറ്റ് ചിലർ ഉന്നയിച്ചു.


